ദോഹ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: ചലച്ചിത്ര ഉത്സവ ആഘോഷങ്ങളുമായി പ്രഥമ ദോഹ ഫിലിം ഫെസ്റ്റിവൽ ദോഹയിൽ രണ്ടാം ദിവസം പിന്നിട്ടു. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡി.എഫ്.ഐ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവൽ കൗതർ ബെൻ ഹാനിയയുടെ ‘ദ വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്ന സിനിമയുടെ പ്രദർശനത്തോടെയാണ് ആരംഭിച്ചത്. ഫലസ്തീൻ ബാലിക ഹിന്ദ് റജബിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ചിത്രത്തിന് ആദ്യദിനം മികച്ച പ്രതികരണം ലഭിച്ചു.
ഇന്നലെ ഐറിൻ ഇബോറ റിസോ സംവിധാനം ചെയ്ത ഒലിവിയ ആൻഡ് ദി ഇൻവിസിബ്ൾ എർത്ത്കേക്ക്, സോഫി റോംവാരിയുടെ ബ്ലൂ ഹെറോൺ, ജിഹാൻ സംവിധാനം ചെയ്ത മൈ ഫാദർ ആൻഡ് ഖദ്ദാഫി, സ്റ്റീവൻ സോഡർ ബർഗിന്റെ ദി ക്രിസ്റ്റഫേഴ്സ് സിനിമകൾ പ്രദർശിപ്പിച്ചു. ‘പ്രതിരോധത്തിന്റെ ശബ്ദം: ആക്ടിവിസം, പത്രപ്രവർത്തനവും ഫലസ്തീനും’ എന്ന വിഷയത്തിൽ ഡി.എഫ്.എഫ് ചർച്ചയും സൗണ്ട്സ് ഓഫ് സുഡാൻ സംഗീത പരിപാടിയും അരങ്ങേറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അതിഥികളും സിനിമ പ്രവർത്തകരും പങ്കെടുത്ത ചടങ്ങ് ഖത്തറിന്റെ സിനിമാചരിത്രത്തിന് പുതിയ തുടക്കംകുറിക്കുന്നതായിരുന്നു. വ്യാഴാഴ്ച നടന്ന വർണാഭമായ ഉദ്ഘാടന ചടങ്ങിൽ ഡി.എഫ്.ഐ ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽ ഥാനി, പ്രശസ്ത അഭിനേതാക്കളായ ജമാൽ സുലൈമാൻ, ഗോൾഷിഫ്തെ ഫർഹാനി എന്നിവർക്ക് ക്രിയേറ്റിവ് എക്സലൻസ് അവാർഡ് സമ്മാനിച്ചു. ഉദ്ഘാടന ചടങ്ങിൽ ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് ചെയർമാൻ ശൈഖ് ഥാനി ബിൻ ഹമദ് ബിൻ ഖലീഫ ആൽ ഥാനി, അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട് പ്രസിഡന്റും ശൈഖ് ഹസ്സൻ ബിൻ മുഹമ്മദ് ബിൻ അലി ആൽ ഥാനി, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാശിദ് ബിൻ മുഹമ്മദ് അൽ ഖാതിർ, സഹമന്ത്രിയും ഖത്തർ നാഷനൽ ലൈബ്രറി പ്രസിഡന്റുമായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി മാനേജിങ് ഡയറക്ടർ ഹസ്സൻ അൽ തവാദി, ഖത്തർ ടൂറിസം ചെയർമാനും വിസിറ്റ് ഖത്തർ ചെയർപേഴ്സനുമായ സാദ് അൽ ഖാർജി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പ്രത്യേക അതിഥികളും റെഡ് കാർപെറ്റിൽ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.