ദോഹ: നവംബർ 28 വരെ നീണ്ടുനിൽക്കുന്ന ഫിലിം ഫെസ്റ്റിവലിൽ 62 രാജ്യങ്ങളിൽനിന്നുള്ള 97 സിനിമകൾ പ്രദർശിപ്പിക്കും. നാല് പ്രധാന മത്സര വിഭാഗങ്ങളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ ആകെ മൂന്ന് ലക്ഷം യു.എസ് ഡോളറിലധികം സമ്മാനത്തുകയാണ് (10.90 ലക്ഷം റിയാൽ) വിജയികൾക്കായി ലഭിക്കുക. മികച്ച ഫീച്ചർ സിനിമക്ക് 75,000 ഡോളർ, മികച്ച ഡോക്യുമെന്ററി (50,000 ഡോളർ), ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് (45,000 ഡോളർ), അഭിനയ മികവ് (15,000) എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി പുരസ്കാരം സമ്മാനിക്കും. അർജന്റീന, ചിലി കൾചറൽ എക്സ്ചേഞ്ചിന്റെ ഭാഗമായി ധാരാളം സിനിമകളും കലാപരിപാടികളും ദോഹ ഫിലിം ഫെസ്റ്റിവലിൽ ഒരുക്കുന്നുണ്ട്. പ്രശസ്ത അർജന്റൈൻ സംഗീതജ്ഞൻ ഗുസ്താവ സാന്റലോലയുടെ സംഗീത പരിപാടി
യാണ് ഫെസ്റ്റിവലിന്റെ സംഗീത നിരയിലെ പ്രധാന ആകർഷണം.
കൂടുതൽ അന്താരാഷ്ട്ര സിനിമകളെ ഉൾക്കൊള്ളിച്ചാണ് ദോഹ ഫിലിം ഫെസ്റ്റിവൽ എത്തുന്നത്. ഇതോടനുബന്ധിച്ച് ദോഹയിലുടനീളം വൈവിധ്യമാർന്ന സർഗാത്മക കമ്യൂണിറ്റി പരിപാടികളും സംഘടിപ്പിക്കും. കൂടാതെ, പ്രത്യേക സ്ക്രീനിങ്ങുകൾ, സംഗീത പരിപാടികൾ എന്നിവയും ഒരുങ്ങുന്നുണ്ട്. അന്താരാഷ്ട്ര സ്വീകാര്യത നേടിയ ചിത്രങ്ങളും ലോകോത്തര ചലച്ചിത്ര പ്രവർത്തകരും ഉൾപ്പെടെ ഖത്തറിനെ സിനിമയുടെ കേന്ദ്രം കൂടിയാക്കാൻ ഒരുങ്ങുന്നതാണ് ഡി.എഫ്.ഐയുടെ പുതിയ ചുവടുവെപ്പ്. കതാറ കൾചറൽ വില്ലേജ്, മിശൈരിബ് ഡൗൺ ടൗൺ ദോഹ, ലുസൈൽ ബൊളെവാർഡ്, മ്യൂസിയം ഓഫ് ഇസ് ലാമിക് ആർട്ട് എന്നിവയുൾപ്പെടെ നിരവധി വേദികളിലായാണ് ഫിലിം ഫെസ്റ്റിൽ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി www.dohafilm.com സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.