ടാലന്റുണ്ടോ... അവസരമുണ്ട്

വിവിധ കലാമേഖലകളിൽ നിങ്ങളുടെ കുട്ടികൾ മിടുക്കരാണോ? എങ്കിൽ അന്താരാഷ്ട്ര ഏജൻസിയായ എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ (ഇ.എ.എ) സംഘടിപ്പിക്കുന്ന ഖത്തർ ടാലന്റ് ഷോയിൽ ഒരു കൈ നോക്കാം. വിദ്യാർഥികളുടെ മികവും, പ്രതിഭയും കാലാ ശേഷിയും വ്യക്തിത്വവുമെല്ലാം വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ‘ഖത്തർ ടാലന്റ് ഷോ’യിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഖത്തറിലെ 60ഓളം സ്കൂളുകളിൽ നിന്നായി 3000ത്തോളം മത്സരാർഥികൾ പ​ങ്കെടുക്കുന്ന വൈവിധ്യമാർന്ന പ്രതിഭാ പോരാട്ട മത്സരം കൂടിയാണ് ടാലന്റ് ഷോ. ആഗസ്റ്റ് 10ന് ആരംഭിച്ച രജിസ്ട്രേഷൻ ഒക്ടോബർ 31 വരെ തുടരും.

അപേക്ഷകരിൽ നിന്നും വിവിധ ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. നവംബർ 17നും 18നുമായി ​പബ്ലിക് ഓഡിഷനിലൂടെ ആദ്യ ഘട്ട മത്സരാർഥികളെ തെരഞ്ഞെടുക്കും. ഫൈനൽ ക്വാളിഫിക്കേഷൻ റൗണ്ട് മത്സരം ഡിസംബർ 1,2 തീയതികളിലായി നടക്കും. ക്വാർട്ടർ ഫൈനൽ 2024 ജനുവരി 12,13, 19,20 തീയതികളിലാണ് നടക്കുന്നത്. സെമി ഫൈനൽ ഏപ്രിൽ 26നും, ഫൈനൽ മേയ് മൂന്നിനുമായി നടക്കും. പൊതുജനങ്ങൾക്ക് എസ്.എം.എസ് വോട്ടെടുപ്പിലൂടെ പങ്കാളികളാകാം.

ഏതെല്ലാം മത്സരങ്ങൾ

മ്യൂസിക്, ആർട്ട്, എന്റർടെയ്ൻമെന്റ്, ഡാൻസ് എന്നീ നാലു ഇനങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. സ്കൂളുകൾ വഴി സൗജന്യമായും എജുക്കേഷൻ എബൗ ഓൾ വെബ്സൈറ്റ് വഴി 100 റിയാൽ ഫീസായി അടച്ചും അപേക്ഷിക്കാം. ഗ്രൂപ് കാറ്റഗറി രജിസ്ട്രേഷന് 250 റിയാലാണ് ഫീസ്. എന്നാൽ, ഈ ഫീസ് തുക ഇ.എ.എയുടെ വിവിധ രാജ്യങ്ങളിലെ വിദ്യഭ്യാസ പ്രവർത്തനങ്ങൾക്കുള്ള സംഭാവനയായി പരിഗണിക്കും.

മതപരമായോ, ​പ്രാദേശികമായോ മറ്റോ മോശമായി ചിത്രീകരിക്കുന്ന കലാ പ്രകടനങ്ങൾ പാടില്ല. മോശം വാക്കുകൾ, ആഗ്യങ്ങൾ, വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവയും പ്രകടനത്തിൽ പാടില്ല.

പ്രായ വിഭാഗങ്ങൾ

കാറ്റഗറി ഒന്നിൽ ആറ് മുതൽ 10 വയസ്സുവരെയും, കാറ്റഗറി രണ്ടിൽ 11 മുതൽ 14 വരെയും, മൂന്നിൽ 15 മുതൽ 18 വരെയും, നാലിൽ 19 മുതൽ 24വയസ്സു വരെയുമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ഏകാംഗ പരിപാടികൾ, രണ്ടു പേരുടെ ​പെയർ, അഞ്ചുപേർ വരെ അടങ്ങുന്ന ഗ്രൂപ്, 13 പേരുള്ള കൊയർ ഗ്രൂപ് പരിപാടികളാണ് രജിസ്റ്റർ ചെയ്യേണ്ടത്.

അഭയാർഥികളും ദുരിത ബാധിതരും യുദ്ധത്തിന്റെ ഇരകളും ദാരിദ്ര്യമനുഭവിക്കുന്നവരും ഉൾപ്പെടെ എല്ലാ വിഭാഗം വിദ്യാർഥികൾക്കും വിദ്യഭ്യാസമെത്തിക്കണം എന്ന ലക്ഷ്യവുമായി അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് ‘ഇ.എ.എ’. മ്യാൻമാർ, സാൻസിബാർ, സോമാലിയ, സുഡാൻ, മാലി, കംമ്പോഡിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ഖത്തറിന്റെ പിന്തുണയോടെ ഇ.എ.എ വിദ്യഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

രജിസ്ട്രേഷന്

https://donate.educationaboveall.org/en

Tags:    
News Summary - Do you have talent... There is a chance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.