ദോഹ: കൊളംബിയ ഗവൺമെന്റും സ്വയം പ്രഖ്യാപിത വിഭാഗമായ ഗൈറ്റാനിസ്റ്റ ആർമി ഓഫ് കൊളംബിയയും (ഇ.ജി.സി) തമ്മിലുള്ള സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ ഖത്തർ. സംഭാഷണങ്ങളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാനും അന്താരാഷ്ട്രതലത്തിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ഖത്തർ നടത്തുന്ന ഇടപെടലുകളുടെ തുടർച്ചയാണിത്.
കൊളംബിയൻ ഗവൺമെന്റിന്റെ അഭ്യർഥനപ്രകാരം, ഇരുകൂട്ടരും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ ദോഹയിൽ നടന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിരായുധീകരണം, സമാധാനം ഉറപ്പാക്കൽ എന്നിവയുൾപ്പെടെ കൊളംബിയയിലെ സായുധ സംഘങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾക്ക് ശാശ്വത പരിഹാരങ്ങൾ കണ്ടെത്താനും അനുരഞ്ജന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇരുവിഭാഗങ്ങളും ദോഹയിൽ തുടർചർച്ചകൾ നടത്താൻ സമ്മതിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എല്ലാവരെയും ഉൾക്കൊണ്ടും വിശ്വാസമാർജിച്ചും സംഭാഷണങ്ങളിലൂടെ കൊളംബിയയിൽ സമാധാനം ലക്ഷ്യമിട്ടുള്ള ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുമെന്ന് വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി പറഞ്ഞു. മനുഷ്യ അന്തസ്സ് സംരക്ഷിക്കേണ്ടതിന്റെയും മനുഷ്യാവകാശങ്ങൾ മാനിക്കേണ്ടതിന്റെയും നിയമ വ്യവസ്ഥകൾ പാലിക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, ചർച്ചകളിൽ എല്ലാ കക്ഷികളുടെയും പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. കൊളംബിയയിൽ ഇരുവിഭാഗങ്ങൾക്കുമിടയിലുള്ള തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുന്നതിനും അവിടത്തെ ജനങ്ങൾക്കൊപ്പം നിൽക്കുന്നതിനും രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനും അനധികൃതമായ ആയുധങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുന്നതിനും ഖത്തർ പ്രതിഞ്ജാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വിശ്വസ്ത പങ്കാളിയെന്ന നിലയിൽ, പരസ്പര ബഹുമാനം, ധാരണ, അന്താരാഷ്ട്ര നിയമം എന്നിവ അടിസ്ഥാനമാക്കി മേഖലയിലെയും അന്തർദേശീയ തലങ്ങളിലും മധ്യസ്ഥ ശ്രമങ്ങൾക്ക് ചർച്ചകൾക്ക് ഖത്തർ നിഷ്പക്ഷമായ വേദി ഒരുക്കും. സംഘർഷങ്ങൾ പരിഹരിക്കുന്നതിന് സമാധാനപരമായ ചർച്ചകളെ ഖത്തർ തുടർന്നും പിന്തുണക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.