കൾചറൽ ഫോറം സംഘടിപ്പിച്ച ഓപൺ ഫോറത്തിൽ അൻവർ ഹുസൈന് വാണിയമ്പലം സംസാരിക്കുന്നു
ദോഹ: വൈവിധ്യങ്ങളുടെ സംരക്ഷണത്തിന് ഭരണഘടനാസാക്ഷരത അനിവാര്യമാണെന്ന് കൾചറൽ ഫോറം സംഘടിപ്പിച്ച ഓപൺ ഫോറം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൾചറൽ ഫോറം ഹാളിൽ നടത്തിയ ഓപൺ ഫോറത്തിലാണ് ഈ അഭിപ്രായമുയർന്നത്.
നാനാത്വത്തെ നിലനിർത്തുന്നതിലാണ് ഇന്ത്യയുടെ ഏകത്വം കുടികൊള്ളുന്നത്. ലോകത്തെങ്ങുമില്ലാത്ത വിധത്തിൽ അനേകം വൈവിധ്യങ്ങളുള്ള ജനത ഒരൊറ്റ ഇന്ത്യയായിരിക്കുന്നത് വൈവിധ്യങ്ങളുടെ സംരക്ഷണം ഉറപ്പുനൽകുന്ന ഭരണഘടന ഉള്ളതുകൊണ്ടാണ്. ഭരണഘടനയുടെ ആമുഖം പോലും ഇന്ത്യ എങ്ങനെ ആയിത്തീരണമെന്നതിലേക്കുള്ള ചൂണ്ടുപലകയാണ്.
നീതിയും സ്വാതന്ത്ര്യവും അവസരസമത്വവുമാണ് ഭരണഘടനയുടെ കാതൽ. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണെന്നും ഓപൺ ഫോറം അഭിപ്രായപ്പെട്ടു.
അൻവർ ഹുസൈൻ വാണിയമ്പലം വിഷയം അവതരിപ്പിച്ചു. കൾചറൽ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റുമാരായ ചന്ദ്രമോഹൻ, ഷാനവാസ് ഖാലിദ്, സെക്രട്ടറിമാരായ അനീസ് മാള, അഹ്മദ് ഷാഫി, സ്റ്റേറ്റ് കമ്മിറ്റി അംഗം കെ.ടി. മുബാറക് എന്നിവർ ഓപൺ ഫോറത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.