ദോഹ: രാജ്യത്ത് കോവിഡ് രോഗികൾ കുറഞ്ഞുവരുന്നതിനാൽ നിലവിൽ പ്രവർത്തിക്കുന്ന പല ക്വാറൻറീൻ കേന്ദ്രങ്ങളും അടക്കും. ഖത്തറിൽ ശനിയാഴ്ച 410 പേർക്ക് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചപ്പോൾ 426 പേർക്ക് രോഗമുക്തിയുണ്ടായിട്ടുണ്ട്. ഇതോടെ ആകെ രോഗം ഭേദമായവർ 1,03,023 ആയി. ആകെ 4,38,990 പരിശോധിച്ചപ്പോൾ 1,06,308 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ശനിയാഴ്ച 3406 പേരെയാണ് പരിശോധിച്ചത്. നിലവിലുള്ള ആകെ രോഗികൾ 3131 ആണ്. ശനിയാഴ്ച ഒരാൾ കൂടി മരണപ്പെട്ടതോടെ ആകെ മരണം 154 ആയി. ആശുപത്രികളിൽ ചികിൽസയിലുള്ളത് 530 പേരാണ്. ഇതിൽ 29 പേരെ ശനിയാഴ്ച പ്രവേശിപ്പിച്ചതാണ്.
132 പേരാണ് ആകെ തീവ്രപരിചരണവിഭാഗത്തിലുള്ളത്. ഇതിൽ നാലുപേരെ ശനിയാഴ്ച പ്രവേശിപ്പിച്ചതാണ്. നിലവിലുള്ള ആകെ രോഗികളിൽ ബാക്കിയുള്ളവർ വിവിധ സമ്പർക്കവിലക്ക് കേന്ദ്രങ്ങളിലാണ്. കോവിഡ് –19 രോഗികളുടെ പരിചരണത്തിനായാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ക്വാറൻറീൻ സെൻററുകൾ സ്ഥാപിച്ചത്. ഇഹ്തിറാസ് ആപ് എല്ലാവർക്കും നിർബന്ധമാക്കിയതും കർശന മെഡിക്കൽ നിർദേശങ്ങൾ പ്രകാരം ആളുകൾ സ്വയം ക്വാറൻറീനിൽ പോകാൻ ആരംഭിച്ചതും ക്വാറൻറീൻ സെൻററുകളിലെ സന്ദർശകരുടെ എണ്ണത്തിൽ കുറവ് വരുത്തി.
പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി എന്നിവരുടെ പൊതുജനാരോഗ്യ നിർദേശങ്ങൾ ജനങ്ങൾ പാലിക്കുകയും ചെയ്തതോടെ രാജ്യത്ത് കോവിഡ് –19 പോസിറ്റിവ് കേസുകൾ കുറഞ്ഞു. ഇതിനാലാണ് പല കേന്ദ്രങ്ങളും അടക്കാൻ അധികൃതർ തയാറെടുക്കുന്നത്. കോവിഡ് രോഗികൾക്ക് മാത്രമായി തുടങ്ങിയ വിവിധ ആശുപത്രികളും പ്രവർത്തനം നിർത്തുകയാണ്. കോവിഡ് രോഗികൾക്ക് മാത്രമായി പ്രവർത്തനമാരംഭിച്ച മിസൈദ് ആശുപത്രിയിലെ അവസാന രോഗിയും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. നേരത്തേ റാസ് ലഫാൻ കോവിഡ് –19 ആശുപത്രിയിൽ നിന്നും രോഗമുക്തി നേടി രോഗികളെല്ലാം ഡിസ്ചാർജ് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.