അന്താരാഷ്ട്ര ഷോപ്പിങ് എളുപ്പമാക്കാൻ ‘കണക്ടഡ്’; ഇനി ലോകമെമ്പാടുമുള്ള സ്റ്റോറുകളിൽ നിന്ന് എളുപ്പത്തിൽ ഷോപ്പിങ് ചെയ്യാം

ദോഹ: ഖത്തറിലേക്ക് നേരിട്ട് ഷിപ്പിങ് സൗകര്യമില്ലാത്ത അന്താരാഷ്ട്ര സ്റ്റോറുകളിൽ നിന്ന് ഷോപ്പിങ് നടത്താൻ ഖത്തറിലെ ഉപഭോക്താക്കൾ സൗകര്യമൊരുക്കുന്ന ‘കണക്ടഡ്’ പദ്ധതിയുടെ പുതിയ പതിപ്പ് പുറത്തിറക്കി ഖത്തർ പോസ്റ്റ്. ഇതുവഴി ലോകമെമ്പാടുമുള്ള പ്രമുഖ ഓൺലൈൻ ചില്ലറ വ്യാപാരികളിൽ നിന്ന് പർച്ചേസ് ചെയ്യാൻ ഖത്തറിലെ ഉപഭോക്താക്കൾക്ക് സൗകര്യമൊരുങ്ങും.

അന്താരാഷ്ട്ര ഷിപ്പിങ് വിലാസങ്ങൾ ഉപയോഗിച്ച് ഖത്തർ പോസ്റ്റൽ സർവിസസ് കമ്പനിയുടെ ‘കണക്ടഡ്’ ഉൽപന്നങ്ങൾ സ്വീകരിക്കുകയും അവ ഖത്തറിലേക്ക് എത്തിക്കുകയുമാണ് ചെയ്യുക. വിശ്വസനീയമായ ലോജിസ്റ്റിക്സ് ശൃംഖലയിലൂടെ സുരക്ഷിതമായ ഹോം ഡെലിവറിയും ഇതിൽ ഉൾപ്പെടുന്നു. യു.എസ്, യു.കെ, തുർക്കിയ, സൗദി, യു.എ.ഇ, കുവൈത്ത്, ജോർഡൻ എന്നിവിടങ്ങളിൽ നിന്നുള്ള വാങ്ങലുകൾ ‘കണക്റ്റഡ്’ സ്വീകരിക്കും. അടുത്ത ഘട്ടത്തിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തും. ഉപഭോക്താക്കൾക്ക് അവരുടെ വാങ്ങലുകൾ സ്വീകരിക്കുന്നതിന് പ്രത്യേക അന്താരഷ്ട്ര ഷിപ്പിങ് വിലാസങ്ങൾ നൽകിയാണ് സേവനം പ്രവർത്തിക്കുന്നത്. ഇവ ഏകീകരിക്കുകയും പ്രോസസ് ചെയ്യുകയും വീണ്ടും ഖത്തറിലേക്ക് ഷിപ്പ് ചെയ്യുകയും ചെയ്യുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കൾക്ക് ഷിപ്പ്മെന്റുകൾ ട്രാക്ക് ചെയ്യാനും ഓർഡറുകൾ കൈകാര്യം ചെയ്യാനും ഉപഭോക്താക്കൾക്ക് കഴിയും. കൂടാതെ, ഷോപ്പിങ് ഗൈഡുകൾ, സ്റ്റോർ ലിങ്കുകൾ, ഓരോ രാജ്യത്തിനും ഒന്നിലധികം ഷിപ്പിങ് ഓപ്ഷനുകൾ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

ചെക്കൗട്ട് മുതൽ ഖത്തറിനുള്ളിലെ അന്തിമ ഡെലിവറി വരെ നടപടിക്രമങ്ങൾ എളുപ്പമാക്കും. ഖത്തർ പോസ്റ്റിന്റെ കണക്റ്റഡ് വഴിയുള്ള ഓരോ ഷിപ്പ്മെന്റിലും ഉപഭോക്താക്കൾക്ക് റിവാഡ് പോയന്റുകൾ നൽകും. ഇത് ഉപയോഗിച്ച് വിമാന ടിക്കറ്റുകൾ, ക്യാബിൻ അപ്ഗ്രേഡുകൾ, ഖത്തർ എയർവേസ് പ്രിവിലേജ് ക്ലബിലൂടെയുള്ള എക്സ് ക്ലൂസീവ് റിവാർഡുകൾ തുടങ്ങിയവ സ്വന്തമാക്കാം. മത്സരാധിഷ്ഠിത വിലനിർണയം, ഹോം ഡെലിവറി സേവനങ്ങൾ, ഓൺലൈൻ, കാഷ്-ഓൺ-ഡെലിവറി പേയ്മെന്റ് ഓപ്ഷനുകൾ എന്നിവ കണക്റ്റഡിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. വേഗത, സുതാര്യത, കുറഞ്ഞ ചെലവ് എന്നിവ ‘കണക്ടഡി​ന്റെ’ സവിശേഷതയാണെന്ന് ഖത്തർ പോസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹസൻ ജാസിം അൽ സയ്യിദ് പറഞ്ഞു.

ഷോപ്പർമാരുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതും പ്രാദേശിക, ആഗോള തലങ്ങളിൽ ഇ-കൊമേഴ്സിന്റെ ദ്രുതഗതിയിലുള്ള വളർച്ചക്കൊപ്പം നീങ്ങുന്നതുമായ സമഗ്ര ഡിജിറ്റൽ പരിഹാരങ്ങൾ വികസിപ്പിക്കാൻ ഖത്തർ പോസ്റ്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Connected' makes international shopping easier; now you can easily shop from stores around the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.