വ്യോമപാത അടച്ചിടൽ; 16,400 യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ച് ഖത്തർ എയർവേസ്
ദോഹ: മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് ഫെബ്രുവരി 28 മുതൽ വ്യോമപാത പൂർണ്ണമായും അടച്ചിട്ടതിനെത്തുടർന്ന് കുടുങ്ങിപ്പോയ 16000 -ലധികം യാത്രക്കാരെയാണ് സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചതെന്ന് ഖത്തർ എയർവേസ് സി.ഒ.ഒ അബ്ദുല്ല അലി. കോവിഡ്, 2022 ഫിഫ ലോകകപ്പ് എന്നിവ വിജയകരമായി കൈകാര്യം ചെയ്തതിൽ നിന്നും ലഭിച്ച അനുഭവസമ്പത്താണ് ഈ വലിയ വെല്ലുവിളിയെ അതിജീവിക്കാൻ സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച സന്ദർശന പരിപാടിയിലാണ് ഖത്തർ എയർവേസിന്റെ അടിയന്തര ഇടപെടലുകളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.
ആകെ 16,400ഓളം യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ഇതിൽ 8,000 പേർ ദോഹയിലും 8,400 പേർ വിദേശ വിമാനത്താവളങ്ങളിലുമായിരുന്നു. ദോഹയിൽ കുടുങ്ങിയവർക്കായി 61 ഹോട്ടലുകളിലായി 15,600ലേറെ മുറികൾ ബുക്ക് ചെയ്യുകയും സൗജന്യ താമസസൗകര്യം ഒരുക്കുകയും ചെയ്തു. കൂടാതെ, വിമാനത്താവളത്തിൽ വെച്ച് 15,000-ത്തിലധികം ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. ഹോട്ടലുകളിൽ തങ്ങുന്ന യാത്രക്കാരെ സഹായിക്കാനും അവരുടെ യാത്ര പുനഃക്രമീകരിക്കാനും ഖത്തർ എയർവേസ് ജീവനക്കാരെ 24 മണിക്കൂറും ഹോട്ടലുകളിൽ നിയോഗിച്ചിരുന്നു. പ്രതിദിനം 70,000 -ലധികം കോൾ അസിസ്റ്റൻസ് ആവശ്യങ്ങളാണ് ലഭിച്ചത്. കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ദിവസേന 8,000 യാത്രക്കാരുടെ ടിക്കറ്റുകൾ വീതം പുനഃക്രമീകരിച്ചു നൽകുവാൻ സാധിച്ചു.
ജിദ്ദയിൽ നിന്ന് ദമ്മാമിലേക്ക് പ്രത്യേക വിമാനങ്ങളും തുടർന്ന് ബസ് മാർഗം ദോഹയിലേക്കും യാത്രക്കാരെ എത്തിച്ചു. കൂടാതെ ദോഹയിൽ നിന്ന് റിയാദിലേക്കും അവിടെ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കും പ്രത്യേക സർവിസുകൾ നടത്തി. വിദേശരാജ്യങ്ങളിൽ കുടുങ്ങിയ 8,400 യാത്രക്കാർക്കായി മാർച്ച് ഏഴു മുതൽ ഖത്തർ ആഭ്യന്തര -വിദേശകാര്യ മന്ത്രാലയങ്ങളുടെയും എംബസികളുടെയും സഹകരണത്തോടെ പ്രത്യേക സർവിസുകൾ ആരംഭിക്കുകയും എല്ലാവരെയും സുരക്ഷിതമായി സ്വന്തം രാജ്യങ്ങളിൽ എത്തിക്കുകയും ചെയ്തു. വ്യോമയാന -വിമാനത്താവള മാനേജ്മെന്റുകൾ ഒരു കുടക്കീഴിൽ ഏകോപിപ്പിച്ച് പ്രവർത്തിച്ചതാണ് വേഗത്തിൽ തീരുമാനങ്ങളെടുക്കാൻ തുണയായതെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് എപ്പോഴും പ്രഥമ പരിഗണനയെന്നും അബ്ദുല്ല അലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.