പ്രതിസന്ധികളെ അതിജീവിച്ച് കരുത്തോടെ ഖത്തർ എയർവേസ്
ദോഹ: കൃത്യമായ ആസൂത്രണവും ആവശ്യമായ മുൻകരുതലുകളും സ്വീകരിച്ച് സമീപകാല വെല്ലുവിളികൾ മറികടന്ന് ഖത്തർ എയർവേസ് കൂടുതൽ കരുത്തോടെയും കാര്യക്ഷമതയോടെയും മുന്നേറുകയാണെന്ന് ചീഫ് ടെക്നോളജി ഓഫിസർ എൻജിനീയർ അലി അൽ സഅദി. ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇൻ്റഗ്രേറ്റഡ് ഓപറേഷൻസ് സെന്റർ, എയർക്രാഫ്റ്റ് മെയിന്റനൻസ് സൗകര്യങ്ങൾ, മാനേജ്‌മെന്റ് ആൻഡ് കസ്റ്റമർ സപ്പോർട്ട് സെന്റർ എന്നിവ പരിചയപ്പെടുത്താൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്രക്കാരുടെ സുരക്ഷക്കും എയർലൈന്റെ താൽപര്യങ്ങൾക്കും പ്രാധാന്യം നൽകുന്ന മികച്ച നേതൃത്വവും വകുപ്പുകൾ തമ്മിലുള്ള ഏകോപനവുമാണ് പ്രതിദിനമുള്ള 600ഓളം സർവിസുകൾ തടസ്സമില്ലാതെ സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിക്കുന്നത്. ലോകമെമ്പാടുമുള്ള 160ലധികം കേന്ദ്രങ്ങളിലേക്കാണ് ഖത്തർ എയർവേസ് സർവിസ് നടത്തുന്നത്.
എയർലൈന്റെ പ്രവർത്തനസജ്ജതയുടെ പ്രധാന ചാലകശക്തി മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ സെന്ററാണ്. ലോകത്തിലെ തന്നെ ഏറ്റവും വലുതും അത്യാധുനികവുമായ സൗകര്യങ്ങളിലൊന്നാണിത്. 13 ഫുട്ബാൾ മൈതാനങ്ങൾക്ക് തുല്യമായ വിസ്തൃതിയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. വിമാനങ്ങളുടെ മൂല്യം ഒഴിവാക്കിയാൽതന്നെ, സെന്ററിലെ ആസ്തികളുടെയും ഇൻവെന്ററിയുടെയും ആകെ മൂല്യം ഏകദേശം 4 ബില്യൺ ഡോളർ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
2 ബില്യൺ ഡോളർ വരെ മൂല്യമുള്ള ഉപകരണങ്ങളും സ്പെയർ പാർട്സുകളും സൂക്ഷിക്കുന്ന വമ്പൻ വെയർഹൗസ് ഇവിടെയുണ്ട്. 14 വിമാനങ്ങൾ ഒരേസമയം പരിപാലിക്കാൻ ഈ കേന്ദ്രത്തിന് ശേഷിയുണ്ട്. 22 സ്പെഷ്യലൈസ്ഡ് വർക്ക്‌ഷോപ്പുകളിലൂടെ പ്രതിവർഷം 170 വൻകിട മെയിന്റനൻസുകളും 15,000 ചെറുകിട മെയിന്റനൻസുകളും ഇവിടെ നടക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.