ദോഹ: കോംഗോ (ഡി.ആർ.സി) സർക്കാറും കോംഗോ റിവർ അലയൻസും (എം 23 മൂവ്മെന്റ്) തമ്മിൽ ദോഹ ഫ്രെയിംവർക്ക് എഗ്രിമെന്റ് ഫോർ പീസ് കരാർ സാധ്യമാക്കുന്നതിൽ ഖത്തർ വഹിച്ച മധ്യസ്ഥ ശ്രമങ്ങളെ യു.എസ് അടക്കമുള്ള രാജ്യങ്ങൾ അഭിനന്ദിച്ചു. ദോഹയിൽ നടന്ന വിവിധ ചർച്ചകളെ തുടർന്നാണ് വർഷങ്ങൾ നീണ്ട പോരാട്ടം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സമാധാന ചട്ടക്കൂടിൽ കോംഗോയും വിമത ഗ്രൂപ്പായ എം 23യും തമ്മിൽ ഒപ്പുവെച്ചത്. ദശാബ്ദങ്ങളായി തുടരുന്ന സംഘർഷത്തിൽ മേഖലയിൽ നിരവധി പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
നവംബർ 19-20 തീയതികളിൽ വാഷിങ്ടൺ ഡി.സിയിൽ നടന്ന, കോംഗോയും റുവാണ്ടയും തമ്മിലുള്ള സമാധാന കരാറിനായുള്ള ജോയന്റ് സെക്യൂരിറ്റി കോഓഡിനേഷൻ മെക്കാനിസം (ജെ.എസ്.സി.എം) നാലാമത് യോഗത്തിന്റെ സംയുക്ത പ്രസ്താവനയിലാണ് ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെ അഭിനന്ദിച്ചത്. യു.എസ്, കോംഗോ, റുവാണ്ട, ആഫ്രിക്കൻ യൂനിയൻ മധ്യസ്ഥനായ ടോഗോ തുടങ്ങിയ രാജ്യങ്ങളും ആഫ്രിക്കൻ യൂനിയൻ കമീഷനുമാണ് അഭിനന്ദിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ജൂൺ 27ന് ഒപ്പുവെച്ച സമാധാന കരാർ തുടർനടപടികൾ വേഗംകൂട്ടുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം.
രണ്ട് രാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത് ദോഹയിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കരാർ സാധ്യമായത്. 2025 മാർച്ച് 18ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ അധ്യക്ഷതയിൽ റുവാണ്ട പ്രസിഡന്റ് പോൾ കഗാമെ, കോൺഗോ പ്രസിഡന്റ് ഫെലിക്സ് ഷിസെകെദി എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങൾക്കുമിടയിൽ സംവദിക്കാനും വിശ്വാസം വളർത്താനും ഘടകമായി.
അതേസമയം, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സര്‍ക്കാറും കോംഗോ റിവര്‍ അലയന്‍സും തമ്മില്‍ സമാധാനത്തിനായുള്ള ദോഹ സമാധാന കരാറില്‍ ഒപ്പുവെച്ചതിനെ കഴിഞ്ഞദിവസം സൗദി അറേബ്യ സ്വാഗതം ചെയ്തിരുന്നു. സമഗ്രമായ ദേശീയ സംഭാഷണത്തിലൂടെ അഭിപ്രായ വ്യത്യാസങ്ങളും സംഘര്‍ഷങ്ങളും പരിഹരിക്കാന്‍ ലക്ഷ്യമിടുന്ന കരാറിന്റെ നിബന്ധനകള്‍ ഇരു കക്ഷികളും മാനിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.