ദോഹ: വിദ്യാർഥികൾക്കിടയിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിന് വിവിധ മത്സരങ്ങളുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. മികച്ചതും വൃത്തിയുള്ളതുമായ ക്ലാസ് മുറികൾക്കായി ഒരുമിച്ച് എന്ന തലക്കെട്ടിൽ സീഷോർ ഗ്രൂപ്പുമായി സഹകരിച്ച് ഗ്രീൻ സ്ട്രോക്സ് മത്സരം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. പൊതുശുചിത്വം, ഉറവിട മാലിന്യം വേർതിരിക്കൽ, കുട്ടികൾക്കിടയിൽ പരിസ്ഥിതി അവബോധം വളർത്തുക തുടങ്ങിയ ശ്രമങ്ങളുടെ ഭാഗമായാണ് മത്സരം.
ശുചിത്വം, സുസ്ഥിര പരിസ്ഥിതി അല്ലെങ്കിൽ, മാലിന്യസംസ്കരണം എന്നീ പ്രമേയത്തിൽ കലാസൃഷ്ടികൾ തയാറാക്കി മത്സരങ്ങളിൽ പങ്കുചേരാം.പരിസ്ഥിതി സംരക്ഷണത്തിന്റെ വിവിധ ആശയങ്ങളിലേക്ക് തലമുറയെ നയിക്കുകയെന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
10 മുതൽ 17 വരെ വയസ്സുള്ള സ്കൂൾ വിദ്യാർഥികൾക്ക് പങ്കെടുക്കാം. 2025 മേയ് 30 വരെ മത്സരങ്ങൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. പങ്കെടുക്കുന്നവർ seashore@seashorecycling.com എന്ന വിലാസത്തിൽ വിദ്യാർഥികളുടെയും സ്കൂളുകളുടെയും വിവരങ്ങൾ, ബന്ധപ്പെടേണ്ട നമ്പറുകൾ എന്നിവയുൾപ്പെടെ പി.ഡി.എഫ് ഫോർമാറ്റിൽ തങ്ങളുടെ സൃഷ്ടികൾ അയക്കണം.
ലഭിക്കുന്ന സൃഷ്ടികൾ മുനിസിപ്പാലിറ്റി മന്ത്രാലയം, സീഷോർ ഗ്രൂപ്, ആർട്ട് ആൻഡ് ഡിസൈൻ മേഖലയിലെ വിദഗ്ധർ എന്നിവരടങ്ങുന്ന സമിതി വിലയിരുത്തി വിജയികളെ തെരഞ്ഞെടുക്കുകയും പിന്നീട് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ പ്രഖ്യാപിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.