ഐ.സി.സി സുവനീർ പ്രകാശനം ചെയ്യുന്നു
ദോഹ: മൂന്നു ദിവസക്കാലം ഖത്തറിലെ ഇന്ത്യക്കാരുടെ ഉത്സവമായി മാറിയ 'പാസേജ് ടു ഇന്ത്യ' കമ്യൂണിറ്റി ഉത്സവത്തിന് ആഘോഷത്തോടെ കൊടിയിറക്കം.
മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്സ് പാർക്ക് (മിയ) മൈതാനത്തെ കഴിഞ്ഞ മൂന്നുദിനങ്ങളിലും ഖത്തറിലെ ഇന്ത്യൻ സമൂഹം ഉത്സവേദിയാക്കി മാറ്റി.
ഉച്ചകഴിഞ്ഞ് കലാപരിപാടികളും നൃത്ത -സംഗീത വിസ്മയങ്ങളുമായി ഇന്ത്യയൊന്നാകെ സമ്മേളിച്ചപ്പോൾ ആസ്വാദകരായ സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവർ ഒഴുകിയെത്തി.
കോവിഡ് കാരണം കഴിഞ്ഞ രണ്ടുവർഷമായി എല്ലാ ആഘോഷങ്ങൾക്കും ഒത്തുചേരലുകൾക്കും അവധി നൽകിയ പ്രവാസികൾ കോവിഡാനന്തര ലോകത്തേക്കുള്ള തിരിച്ചുവരവിനെ ആഘോഷമാക്കിമാറ്റി.
ദീർഘകാലം ഖത്തറിൽ പ്രവാസം അനുഷ്ഠിച്ച ഇന്ത്യക്കാർക്കുള്ള ആദരവായിരുന്നു സമാപന ദിവസത്തിലെ ശ്രദ്ധേയ സെഷൻ. 45ന് മുകളിൽ വർഷം പ്രവാസികളായ 40 പേരെയാണ് ചടങ്ങിൽ ആദരിച്ചത്. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഇവർക്ക് ഉപഹാരം സമ്മാനിച്ചു. ദീർഘകാല പ്രവാസത്തിലൂടെ ഖത്തറിൽ വ്യവസായ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ നിർണായക സ്വാധീനം ചെലുത്തിയവരായിരുന്നു ആദരിക്കപ്പെട്ടവർ.
ഇന്ത്യയും ഖത്തറും തമ്മിലെ സൗഹൃദത്തിനും ശക്തമായ ബന്ധത്തിനും ഇവരുടെ ദീർഘകാല പ്രവാസം കാരണമായെന്ന് അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു.
കോവിഡ് വ്യാപന കാലത്ത് വാക്സിനേഷനും കരുതലും നൽകിയ ഖത്തർ ഭരണകൂടത്തിനും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും നന്ദി അർപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ, മുനിസിപ്പാലിറ്റി മന്ത്രാലയം ക്ലീനസ് വിഭാഗം ഡയറക്ടർ ജനറൽ മഖ്ബൽ അൽ ഷമാരി ഇന്ത്യൻ അംബാസഡർക്കും ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജിനും ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ ഐ.സി.സിയുടെ സുവനീറും പ്രകാശനം ചെയ്തു.
മൂന്നു ദിവസത്തെ പരിപാടിയുടെ ഭാഗമായി ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളുടെയും കമ്യൂണിറ്റി സംഘടനകളുടെയും നേതൃത്വത്തിൽ നൃത്ത, കലാപരിപാടികളും അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.