ദോഹ: എ.എഫ്.സി അണ്ടർ ട്വന്റിത്രീ ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ ഇന്ന് ബ്രൂണെയെ നേരിടും. ദോഹയിലെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പിലെ അവസാന മത്സരമാണ് ഇന്നത്തേത്.
ശക്തരായ ഖത്തറിനെതിരെ നേരിട്ട തോൽവിക്ക് പിന്നാലെയാണ് ഇന്ത്യ ബ്രൂണെക്കെതിരെ ബൂട്ടുകെട്ടുന്നത്. ഗ്രൂപ് ‘എച്ചി’ൽ ആറു പോയന്റുമായി ഖത്തറാണ് ഒന്നാം സ്ഥാനത്ത്.
മൂന്നു പോയന്റുമായി ഇന്ത്യയും ബഹ്റൈനും രണ്ടാമതാണ്. ഇന്ന് ഇന്ത്യ ബ്രൂണെയെ തോൽപിക്കുകയും ഖത്തർ ബഹ്റൈനോട് ചെറിയ മാർജിനിൽ തോൽക്കുകയും ചെയ്താൽ ഇന്ത്യ ഗ്രൂപ് ചാമ്പ്യന്മാരാകും. എന്നാൽ, ബഹ്റൈനെതിരെ ഖത്തർ സമനില പാലിച്ചാൽ പോലും ആതിഥേയരാകും ഗ്രൂപ് ജേതാക്കൾ. ഇതോടെ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത ഉറപ്പാക്കണമെങ്കിൽ ഇന്ത്യ വലിയ ഗോൾ വ്യത്യാസത്തിൽ ബ്രൂണെയെ തോൽപിക്കേണ്ടിവരും. മറ്റു ഗ്രൂപ്പുകളിലെ ഫലങ്ങളും നിർണായകമാകും. രണ്ടു മത്സരങ്ങളിൽ 23 ഗോൾ വഴങ്ങിയ ബ്രൂണെക്കെതിരെ ഗോളടിച്ചു കൂട്ടാമെന്നാണ് ഇന്ത്യൻ യുവനിരയുടെ പ്രതീക്ഷ.
ആദ്യ മത്സരത്തിൽ ബഹ്റൈനെ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ഇന്ത്യ തോൽപിച്ചത്. രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോൾ വഴങ്ങി ഖത്തറിനോട് തോറ്റു.
11 ഗ്രൂപ് ജേതാക്കളും ഏറ്റവും മികച്ച നാലു രണ്ടാം സ്ഥാനക്കാരുമാണ് അടുത്ത വർഷം സൗദിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടുക. ഖത്തറിനെതിരെ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയ പ്രതിരോധതാരം പ്രംവീർ ബ്രൂണെക്കെതിരെ കളത്തിലുണ്ടാകില്ല. മറ്റുള്ള എല്ലാ കളിക്കാരും പൂർണ സജ്ജരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.