സ്തനാർബുദ ബോധവൽകരണം; നസീം ഹെൽത്ത് കെയർ വാക്കത്തോൺ
ദോഹ: സ്തനാർബുദ ബോധവൽക്കരണം, രോഗനിർണ്ണയം, കൃത്യസമയത്തുള്ള പരിശോധനകൾ എന്നിവയുടെ പ്രാധാന്യം വിളിച്ചോതി നസീം ഹെൽത്ത് കെയർ സംഘടിപ്പിച്ച വാക്കത്തോൺ 'കാൻ വാക്ക്' ശ്രദ്ധേയമായി. 'ഓരോ ചുവടുവെപ്പും പ്രധാനമാണ് (Every Step Matters)' എന്ന സന്ദേശമുയർത്തി ആസ്പയർ പാർക്കിൽ നടത്തിയ വാക്കത്തോണിൽ പ്രായവിത്യാസമില്ലാതെ വിവിധ രാജ്യക്കാരായ ആയിരത്തിലധികം പേർ പങ്കെടുത്തു. പ്രതിരോധ ആരോഗ്യപരിപാലന രംഗത്ത് നസീം ഹെൽത്ത് കെയർ നൽകുന്ന തുടർച്ചയായ പിന്തുണയും സജീവമായ ജനപങ്കാളിത്തവും ഉറപ്പാക്കുന്നതായിരുന്നു ഈ പരിപാടി.
കൃത്യമായ പരിശോധനകളുടെയും പ്രാഥമിക രോഗനിർണ്ണയത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും, സ്തനാരോഗ്യ കാര്യങ്ങളിൽ കുടുംബങ്ങളെ ജാഗ്രതയുള്ളവരാക്കാനും ലക്ഷ്യമിട്ട് നസീം ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ഒക്ടോബറിലാണ് വാക്കത്തോൺ നടക്കാറുള്ളത് സംഘടിപ്പിക്കാറുള്ളത്.
വാക്കത്തോണിലെ വർധിച്ചുവരുന്ന പങ്കാളിത്തം ഈ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കാൻ സഹായിക്കുന്നുവെന്ന് സംഘാടകർ വ്യക്തമാക്കി. 'കാൻ വാക്ക്' കേവലം ഒരു വാക്കത്തോൺ മാത്രമല്ലെന്നും സമൂഹത്തിൽ ആരോഗ്യ ബോധവൽക്കരണവും കൂട്ടായ്മയും സൃഷ്ടിക്കുന്ന മികച്ചൊരു മാതൃകയാണെന്നും നസീം ഹെൽത്ത് കെയർ ഓപ്പറേഷൻസ് ആൻഡ് എച്ച്.ആർ ജനറൽ മാനേജർ ബാബു ഷാനവാസ് പറഞ്ഞു. ഓരോ ചുവടുവെപ്പിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന വിശ്വാസമാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ലക്ഷ്യത്തിനായി ആളുകൾ ഒത്തുചേരുമ്പോൾ, ആ സന്ദേശങ്ങൾക്ക് വലിയ സ്വാധീനം ഉണ്ടാക്കാൻ സാധിക്കുമെന്ന് നസീം ഹെൽത്ത് കെയർ സ്ട്രാറ്റജി ജനറൽ മാനേജർ ഡോ. മുനീർ അലി ഇബ്രാഹിം അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള കൂട്ടായ്മ വളർത്താനും, സമയബന്ധിതമായ പരിശോധനകളുടെയും മുൻകരുതലുകളുടെയും പ്രാധാന്യം കൂടുതൽ പേരിലേക്ക് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി. സ്തനാർബുദ ബോധവൽക്കരണ മാസമായ ഒക്ടോബറിന് അപ്പുറത്തേക്കും ഈ ജാഗ്രത തുടരണമെന്നും, കൃത്യമായ പരിശോധനകളും രോഗനിർണ്ണയ രീതികളും ജീവിതശൈലിയുടെ ഭാഗമാക്കണമെന്നും സംഘാടകർ ഓർമ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.