ദോഹ: ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ചർച്ച ചെയ്ത് ഇന്ത്യ -ഖത്തർ സംയുക്ത നിക്ഷേപ സംഘം. ഖത്തർ വിദേശവ്യാപാര -വാണിജ്യ വകുപ്പു സഹമന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ സഈദിന്റെ നേതൃത്വത്തിലാണ് ഖത്തർ ഉന്നതതല സംഘം ന്യൂഡൽഹിയിലെത്തിയത്. ഇന്ത്യൻ വാണിജ്യവകുപ്പു മന്ത്രി പിയൂഷ് ഗോയൽ, ധനമന്ത്രി നിർമല സീതാരാമൻ, ധനവകുപ്പു സഹമന്ത്രി പങ്കജ് ചൗധരി, ഇന്ത്യൻ ഇൻഡസ്ട്രി കോൺഫെഡറേഷൻ കൗൺസിൽ ചെയർമാൻ രാജീവ് മേമാനി തുടങ്ങിയവരുമായി സംഘം ചർച്ച നടത്തി.
ഗതാഗതം, ലോജിസ്റ്റിക്സ്, ധനനിക്ഷേപ പദ്ധതികൾ, ഭക്ഷ്യസുരക്ഷ, കൃഷി തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. പൊതു-സ്വകാര്യ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രാദേശിക സഹകരണവും സാമ്പത്തിക-വ്യാപാര-നിക്ഷേപ ബന്ധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് ഖത്തർ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, നിക്ഷേപ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധങ്ങളിൽ സഹകരണത്തിനുള്ള വഴികൾ വിപുലീകരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇന്ത്യയും ഖത്തറും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിന് ശ്രമം നടക്കുന്നതായി പിയൂഷ് ഗോയൽ വെളിപ്പെടുത്തി. ഖത്തറിന് പുറമേ, സൗദിയുമായും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഒമാനുമായി വൈകാതെ കരാർ ഒപ്പുവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജി.സി.സിയിൽ യു.എ.ഇയുമായി ഇന്ത്യക്ക് സ്വതന്ത്ര വ്യാപാര കരാറുണ്ട്. 2022 മേയിലാണ് കരാർ യാഥാർഥ്യമായത്.
ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമാക്കി മാറ്റാനുള്ള സുപ്രധാന കരാറിൽ ഖത്തറും ഇന്ത്യയും കഴിഞ്ഞ ഫെബ്രുവരിയിൽ ഒപ്പുവെച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ഉദയകക്ഷി സംഭാഷണത്തെതുടർന്നാണ് കരാറിൽ ഒപ്പുവെച്ചത്. വ്യാപാര, നിക്ഷേപ, ഊർജ, സുരക്ഷാ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ആഴത്തിലുള്ള താക്കാനും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടായയിരുന്നു കരാറിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.