ഓർമ്മകളുടെയും ഒരുമയുടെയും ആഘോഷം

'ഉത്രാടപ്പൂവിളിയിൽ കേരളം ഉണരുകയായി’ എന്ന് ഗാനഗന്ധർവൻ യേശുദാസ് പാടിയത് വെറുതെയല്ല. കേരളം എന്ന ഭൂപ്രദേശം മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മലയാളികളും ഒരുപോലെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. സമൃദ്ധിയും ഒരുമയും ഒന്നിക്കുന്ന ആഘോഷത്തിന്റെ നാൾവഴിയിലേക്ക് തിരിഞ്ഞുനോക്കിയാൽ, അതിൽ പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും നിരവധി അടയാളങ്ങൾ കാണാം. മഹാബലി എന്ന അനുകമ്പയുടെയും നീതിയുടെയും പര്യായമായ രാജാവ് തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കുന്നതിനായി വർഷത്തിലൊരിക്കൽ നാടുകാണാൻ എത്തുമ്പോൾ, എല്ലാവരും സന്തോഷത്തോടെ അദ്ദേഹത്തെ വരവേൽക്കുന്ന മനോഹരമായ ചിത്രമാണ് ഓണത്തിന്റെ പിന്നിലുള്ള ഐതിഹ്യത്തിന്റെ ഭംഗി.

ഐതിഹ്യവും ചരിത്രവും

വാമനനാൽ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലി എന്ന നീതിമാനായ രാജാവിന് വർഷത്തിലൊരിക്കൽ നാടുകാണാൻ ലഭിച്ച അനുമതിയെ ആഘോഷിക്കുന്നതാണ് ഓണം എന്ന ഐതിഹ്യം. ഈ വിശ്വാസത്തെ നെഞ്ചേറ്റുമ്പോൾത്തന്നെ, ഇത്തരമൊരു പുരാവൃത്തം പ്രചാരത്തിൽ വന്നതിന്റെ ചരിത്രത്തിലേക്ക് എൻ.വി. കൃഷ്ണവാര്യർ മലയാളികളുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു. പുരാതന മെസൊപ്പൊട്ടേമിയൻ സംസ്കാരത്തിന്റെ ഭാഗമായ അസീറിയയിൽ ഇതിനു സമാനമായ ചില ആചാരങ്ങളും ഒരു രാജാവും ജനതയും ജീവിച്ചിരുന്നു എന്നതിന് ചരിത്രരേഖകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

മനുഷ്യവർഗത്തിന്റെ ആവിർഭാവവും വ്യാപനവും സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളിൽ കൂട്ടപ്പലായനങ്ങളുടെ നിരവധി രേഖകൾ കാണാം. അങ്ങനെ ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിലേക്ക് കുടിയേറി താമസിച്ച അസീറിയക്കാരുടെ ‘Assyrians’ എന്ന വാക്കിൽ നിന്നാണോ ‘അസുരന്മാർ’ എന്ന പദം ഉണ്ടായത് എന്നൊരു സംശയവും കൃഷ്ണവാര്യർ പ്രകടിപ്പിക്കുന്നുണ്ട്. നിരവധി പുരാതന തമിഴ് കൃതികളിലും സമാനമായ പരാമർശങ്ങൾ കാണാം. മധുരയിലെ ക്ഷേത്രങ്ങളിലും ഓണത്തോട് സാമ്യമുള്ള ചില ആചാരങ്ങൾ നിലനിന്നിരുന്നതായി പറയപ്പെടുന്നു. ക്ഷേത്രാചാരത്തിന്റെ ഭാഗമായി തമിഴ്നാട്ടിലും കേരളത്തിലും ശ്രാവണ പൗർണമി ആഘോഷിച്ചിരുന്നതായും രേഖകളുണ്ട്.

വാമൊഴിയായി കൈമാറപ്പെട്ട അസീറിയൻ വംശത്തിന്റെ കഥയാകാം പിന്നീട് നീതിമാനായ ഒരു രാജാവും അദ്ദേഹത്തിന്റെ ജനതയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഓർമ്മകളെ ഉൾക്കൊണ്ട് ഓണത്തിന്റെ ഐതിഹ്യമായി മാറിയിട്ടുണ്ടാകുക.

കൃഷിയും കാലാവസ്ഥയും

ഇടവപ്പാതി എന്നുവിളിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ ഇടിമുഴക്കവും കാറ്റും പെരുമഴയും വെളിച്ചം കുറഞ്ഞ പകലുകളും ചേർന്ന് വറുതിയുടെയും ആശങ്കകളുടെയും കാലമാണ് സമ്മാനിക്കുന്നത്. എന്നാൽ അതിനുശേഷം പ്രകൃതി ഒരുക്കുന്ന ക്യാൻവാസ് ചിത്രംപോലെ, നീലാകാശത്തിൽ അങ്ങിങ്ങായി മേഘങ്ങൾ വെളുത്ത പഞ്ഞിക്കെട്ടുകൾപോലെ തെന്നിമാറുന്ന കാഴ്ചയുമായാണ് ചിങ്ങമാസം പിറക്കുന്നത്.

ആകാശത്തെപ്പോലെ തന്നെ കരയിലും പച്ചപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ വർണങ്ങളിലുള്ള പുല്ലുകളും പൂക്കളും നിറവൈവിധ്യത്തോടെ പൂത്തുവിടർന്ന് നിൽക്കുന്ന അതിമനോഹരമായ ഒരു ചിത്രമായി പ്രകൃതി നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. കവി പാടിയതുപോലെ ‘പാടാത്ത വീണയും പാടുന്ന’ കാലം. പകൽ നൽകുന്ന ഇളംവെയിലും രാത്രിയിൽ പതിയെ ഉദിച്ചുയരുന്ന ചന്ദ്രനും ഏറ്റവും തെളിച്ചമുള്ള പൗർണമി ഇതുമാത്രമാണോ എന്ന് തോന്നിപ്പിക്കുന്ന രാത്രികളും-ഓണക്കാലത്തിന്റെ പ്രകൃതിഭംഗി അങ്ങനെയായിരുന്നു.

കേരളത്തിന് പരമ്പരാഗതമായി രണ്ടു പ്രധാന നെൽകൃഷിക്കാലങ്ങളാണുള്ളത്-വിരിപ്പും മുണ്ടകനും. ചില പ്രദേശങ്ങളിൽ പുഞ്ചക്കൃഷിയും നിലനിൽക്കുന്നു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വിരിപ്പുകൃഷിയുടെ വിളവെടുപ്പ് കാലം കൂടിയാണ് ചിങ്ങമാസം. കർക്കിടകം പൊതുവെ ചന്നംപിന്നം പെയ്യുന്ന മഴയും, വർധിച്ച ഈർപ്പം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും, തൊഴിലില്ലായ്മയും കാരണം വറുതിക്കാലമായാണ് അനുഭവപ്പെട്ടിരുന്നത്.

ഈ പഞ്ഞമാസം കഴിഞ്ഞ് വിളവെടുപ്പ് ആരംഭിക്കുമ്പോൾ, ആ സമൃദ്ധിയുടെ സന്തോഷമാണ് ഓണമായി ആഘോഷിച്ചിരുന്നത്. മൺസൂണിന്റെ രണ്ടാം വരവിൽ നടക്കുന്ന മുണ്ടകൻ കൃഷിക്കുള്ള വിത്തിടലും ഓണം കഴിഞ്ഞാണ് ആരംഭിക്കുക. ചുരുക്കത്തിൽ, കൃഷിക്കാലത്തിന്റെ നാഴികക്കല്ലായിരുന്നു ഓണം.

ഓർമ്മകൾ

‘ഓർമ്മകൾ തൻ പേരാണ് ഓണം’ എന്ന് പ്രിയകവി മുരുകൻ കാട്ടാക്കട പാടിയത് അക്ഷരാർത്ഥത്തിൽ ശരിയാണ്. കാലം എല്ലാത്തിലും കൈയൊപ്പ് ചാർത്തും എന്ന് പറയാറുണ്ട്. കാലത്തിനനുസരിച്ച് സാമൂഹിക സാഹചര്യങ്ങൾ മാറുന്നതോടൊപ്പം ആഘോഷങ്ങളും ആഘോഷരീതികളും മാറുകയും ചെയ്യും.

നാൽപ്പതോ അമ്പതോ വർഷങ്ങൾക്കു മുമ്പുള്ള കേരളീയ ഓണം എന്നത് വർഷം മുഴുവൻ കാത്തിരുന്ന് ലഭിക്കുന്ന നല്ല ഭക്ഷണം, പുതിയ വസ്ത്രം, വീടുപുതുക്കൽ തുടങ്ങി ജീവിതത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന നിരവധി ആവശ്യങ്ങളുടെയും സന്തോഷങ്ങളുടെയും ഓർമ്മകൾ കൂടിയാണ്. പ്രകൃതി അതിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ച് ഒരുങ്ങുമ്പോൾ, കൃഷിപ്പണിയിൽനിന്ന് ലഭിക്കുന്ന ആദായം-കൂലിയായും ഉൽപ്പന്നമൂല്യമായും-കൂട്ടിച്ചേർത്ത് പുത്തനുടുപ്പും നാലുകൂട്ടം കറികളോടുകൂടിയ സദ്യയും ഒരുക്കി, മുതിർന്നവരെയും ബന്ധുക്കളെയും കാണാൻ പോകുകയും നാടൻ കളികളിൽ ഏർപ്പെടുകയും ചെയ്തിരുന്ന ദിനങ്ങളായിരുന്നു അവ.

സാമൂഹിക ജീവിതസാഹചര്യങ്ങളിൽ വന്ന മാറ്റം ആഘോഷരീതികളിലും മാറ്റം വരുത്തി. പുതിയ ഉടുപ്പുകളും മറ്റു സാധനങ്ങളും വാങ്ങുന്നുണ്ടെങ്കിലും, ഒരുകാലത്ത് പുതിയതിനായി കാത്തിരുന്ന ആകാംക്ഷ ഇന്ന് കുറഞ്ഞിരിക്കുന്നു. മറ്റു സന്തോഷമാർഗങ്ങൾ തേടുന്ന കാലമായി ഓണക്കാലവും മാറി.

നാടൻ കളികളായ തലപ്പന്തുകളി, ഓടുംപന്തും, കബഡി തുടങ്ങിയ പുരുഷന്മാരുടെ കളികളും, സ്ത്രീകൾ വീട്ടുമുറ്റത്ത് ഒത്തുകൂടി നടത്തിയിരുന്ന തുമ്പിത്തുള്ളൽ പോലുള്ള കലാരൂപങ്ങളും പതിയെ അപ്രത്യക്ഷമായി. ഗതാഗത-വാർത്താവിനിമയ രംഗങ്ങളിലുണ്ടായ കുതിച്ചുചാട്ടം കൂടുതൽ കാണാനും കേൾക്കാനും വർഷം മുഴുവൻ അവസരം ഒരുക്കിയതോടെ ഓണക്കാലത്തെ പ്രത്യേക സന്ദർശനങ്ങളുടെ പ്രാധാന്യവും കുറഞ്ഞു. എന്നിരുന്നാലും, അവധിദിനങ്ങളും ആഘോഷാന്തരീക്ഷവും ആളുകൾ പരസ്പരം കാണാനും സംസാരിക്കാനും ഉപയോഗപ്പെടുത്തുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. കാർഷികസംസ്കാരത്തിൽനിന്ന് അകന്നപ്പോൾ ഓണത്തിന് മറ്റു ചില മാനങ്ങളും കൈവന്നു. ഓണത്തിനായി ഒരു പ്രത്യേക വിപണി ഒരുങ്ങുന്നതിനാൽ കച്ചവടക്കാർക്കും അതുമായി ബന്ധപ്പെട്ട വ്യാപാരപ്രവർത്തനങ്ങൾക്കും കൂടുതൽ സാധ്യതകളുണ്ടായി. ഒപ്പം തന്നെ നിരവധി കലാപരിപാടികൾക്ക് സാധ്യതയുള്ള കാലമായതിനാൽ കലാകാരന്മാർക്കും ഓണം അവരുടെ വരുമാനവർധനവിനുള്ള അനുകൂല സമയമായി മാറി.

ചുരുക്കത്തിൽ, ക്ഷേത്രാചാരമായി നിലനിന്നിരുന്ന ഓണത്തെ, അതിന്റെ ഐതിഹ്യത്തിന്റെ എല്ലാ സൗന്ദര്യവും ഉൾക്കൊണ്ട് ജാതിമതഭേദമന്യേ വീടുമുറ്റങ്ങളിലേക്ക് കൊണ്ടുവരാൻ മലയാളിക്ക് നൂറ്റാണ്ടുകൾക്കുമുമ്പേ കഴിഞ്ഞിരുന്നു. എന്നാൽ ഇന്നത് എല്ലാവരിലും എല്ലായിടത്തും ഒരുപോലെ ആവേശവും സന്തോഷവും പകരുന്ന, പാഠശാലകളിലും പണിശാലകളിലും ഒരുപോലെ ആഘോഷിക്കുന്ന ഉത്സവമായി മാറിയിരിക്കുന്നു. ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരുടെയും മാതൃകാ ഉത്സവമായി ഓണം മാറിയിരിക്കുന്നു. ചോദ്യം ചെയ്യുന്നവനെ അടിച്ചമർത്തിയ ഇടത്തുനിന്ന്, ചവിട്ടിത്താഴ്ത്തപ്പെട്ടവന്റെ ഉയിർപ്പിന്റെ ആഘോഷമായി ഓണം പരിണമിച്ചു എന്നതുതന്നെയാണ് അതിനെ ഒരു ജനകീയ ഉത്സവമാക്കുന്നത്. പ്രവാസികൾക്ക് ഓണം ഗൃഹാതുരതയുടെ മാത്രമല്ല, ഒത്തുചേരലിന്റെയും മാനവികതയുടെയും ആഘോഷം കൂടിയാണ്.

Tags:    
News Summary - A celebration of memories and togetherness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.