ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽ ഥാനി

നിർണായക നീക്കവുമായി ഖത്തർ; യു.എസ്-ഇറാൻ ചർച്ചക്ക് കളമൊരുക്കാൻ പ്രധാനമന്ത്രി തെഹ്റാനിലേക്ക്

തെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നതിന് നിർണായക ഇടപെടലുമായി ഖത്തർ. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽ ഥാനി ഇന്ന് തെഹ്‌റാൻ സന്ദർശിക്കും. ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരിയാണ് സന്ദർശന വിവരം അറിയിച്ചത്.

തെഹ്‌റാനിൽ നിരവധി ഇറാനിയൻ ഉദ്യോഗസ്ഥരുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും. സംഘർഷം കുറക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചകൾ പുനരാരംഭിക്കുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയിൽ ചർച്ചയാകും. നിലവിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും നയതന്ത്ര മാർഗമാണ് ഏറ്റവും ഉചിതമെന്ന ഖത്തറിന്റെ നിലപാടിന്റെ ഭാഗമായാണ് സന്ദർശനമെന്നും അൽ അൻസാരി വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകളിൽ ഖത്തർ നേരത്തെ പ്രധാന മധ്യസ്ഥ പങ്ക് വഹിച്ചിരുന്നു. ജൂണിൽ ഖത്തറിന്റെ ഇടപെടലിലൂടെ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തുകയും സംഘർഷത്തിന് താൽക്കാലിക വിരാമമുണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ ജൂലൈയിൽ ആ ധാരണ തകരുകയും സംഘർഷം വീണ്ടും രൂക്ഷമാകുകയും ചെയ്തു. യുദ്ധം വലിയ തോതിൽ ശമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സ്ഥിരമായ നയതന്ത്ര പരിഹാരം ഉണ്ടായിട്ടില്ല.

ഇറാനെതിരായ സാമ്പത്തിക സമ്മർദം കൂടുതൽ ശക്തമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുമായി ചർച്ചകൾ പുനരാരംഭിക്കാൻ തനിക്ക് തിടുക്കമില്ലെന്നും സാമ്പത്തികവും സൈനികവുമായ സമ്മർദങ്ങൾ ഫലപ്രദമാണെന്ന് കരുതുന്നതായും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ പുതിയ ഉപരോധ നടപടികളെ ഇറാൻ ശക്തമായി വിമർശിച്ച് രംഗത്തെത്തി. ഈ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലെ ചർച്ചകളുടെ സാധ്യത മങ്ങുന്ന സാഹചര്യത്തിലാണ് ഖത്തർ ഇടപെടലുമായി രംഗത്തെത്തിയത്. 

അമേരിക്കയും ഇറാനും തമ്മിലുള്ള പ്രധാന തർക്കവിഷയങ്ങളിലൊന്നായ ഹുർമുസ് കടലിടുക്കും ഖത്തർ പ്രധാനമന്ത്രിയുടെ തെഹ്‌റാൻ ചർച്ചകളിൽ പ്രധാന വിഷയമാകും. ഫെബ്രുവരി 28ന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് കടലിടുക്ക് മാറണമെന്നാണ് ഖത്തർ മുന്നോട്ടുവെക്കുന്നത്. യുദ്ധത്തിന് മുമ്പ് ലോകത്തെ ക്രൂഡ് ഓയിൽ, പ്രകൃതി വാതക കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോയിരുന്നത് ഹുർമുസ് കടലിടുക്കിലൂടെയായിരുന്നു. എന്നാൽ നിലവിൽ എണ്ണ ഗതാഗതം മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച ഏകദേശം 50 ലക്ഷം ബാരൽ എണ്ണ മാത്രമാണ് കടലിടുക്കിലൂടെ കടന്നുപോയത്.

അതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി കഴിഞ്ഞ ദിവസം തെഹ്‌റാനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കടലിടുക്കിലൂടെ കപ്പൽ ഗതാഗതത്തിനായി പുതിയ താൽക്കാലിക പാതക്ക് ധാരണയായതായി ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ജൂണിലെ ധാരണ പ്രകാരമുള്ള ഉപരോധങ്ങൾ പിൻവലിക്കൽ, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകൽ തുടങ്ങിയ അമേരിക്കൻ നടപടികൾ ഉണ്ടാകുന്നതുവരെ ഹുർമുസ് കടലിടുക്ക് പൂർണമായി തുറക്കില്ലെന്നാണ് ഇറാന്റെ നിലപാട്. പാകിസ്താൻ സൈനിക മേധാവി അസിം മുനീറും ഈ ആഴ്ച തെഹ്‌റാൻ സന്ദർശിച്ച് സംഘർഷത്തിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടത്തിയിരുന്നു.

Tags:    
News Summary - Qatar’s prime minister to visit Tehran, seeking to revive US-Iran talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.