ദോഹ: പ്രതീക്ഷയുടെ പുതുപാഠങ്ങളുമായി രാജ്യത്തെ പൊതു -സ്വകാര്യ സ്കൂളുകൾ പുനരാരംഭിച്ചു. മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ കണക്കിലെടുത്ത് പഠനം ഓൺലൈനിലേക്ക് മാറുകയായിരുന്നു. ഒരുമാസത്തോളം വരുന്ന ഓഫ് ലൈൻ പഠന രീതിയും പെരുന്നാൾ അവധിയും കഴിഞ്ഞ് ഞായറാഴ്ചയാണ് സ്കൂളുകൾ പൂർണമായി തുറന്നത്. രാജ്യത്തെ വിവിധ സ്കൂളുകളിലെ ഏകദേശം 4,17,000 വിദ്യാർഥികളാണ് സ്കൂളുകളിൽ തിരികെയെത്തിയത്. അതേസമയം, സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന ഇന്ത്യൻ സ്കൂളുകൾ എപ്രിൽ ഒന്നിന് ആരംഭിക്കും. സ്കൂളുകൾ സാധാരണ നിലയിലായതോടെ അധ്യയന വർഷം കൂടുതൽ സജീവമായി മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും.
വിദ്യാർഥികൾ സ്കൂളുകളിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജനറൽ സർവിസസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും പാഠ്യ- പഠ്യേതര പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഒരുക്കങ്ങളും പൂർത്തീകരിച്ചു.
സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച 1,200 ഓളം സ്കൂൾ പ്രിൻസിപ്പൽമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമായി ബോധവൽക്കരണ വർക് ഷോപ്പുകൾ സംഘടിപ്പിച്ചു.
കൂടാതെ, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഊന്നൽ നൽകി 'ഇർതിഖ 3' പരിശീലന ഫോറവും സംഘടിപ്പിച്ചു. ഇതിൽ 9,686 സ്കൂൾ പ്രതിനിധികളും അധ്യാപകരും പങ്കെടുത്തു. സ്വകാര്യ സ്കൂളുകളും കിന്റർഗാർട്ടനുകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക പരിശോധനകളും ക്രമീകരണങ്ങളും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.