ദോഹ: രണ്ടുമാസത്തോളം നീണ്ട വേനലവധിയും കഴിഞ്ഞ് സ്കൂളുകൾ അടുത്തയാഴ്ച തുറക്കാനിരിക്കെ പഠനോപകരണ വിൽപനയുമായി വിപണികൾ സജീവം. സ്കൂളുകളിലേക്ക് കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് ‘ബാക് ടു സ്കൂൾ’ ഓഫറുകൾ പ്രഖ്യാപിച്ചാണ് ഖത്തറിലെ സൂപ്പർ മാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും വിപണി ഒരുക്കിയിരിക്കുന്നത്.
സർക്കാർ സ്കൂളുകളും ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ സ്വകാര്യ വിദ്യാലയങ്ങളുമെല്ലാം ആഗസ്റ്റ് 27നാണ് വേനലവധി കഴിഞ്ഞ് തുറക്കുന്നത്. അതിന് മുമ്പായി, കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും ബാഗും യൂനിഫോമുകളുമായാണ് വിപണി സജീവമാവുന്നത്.
വിദ്യാർഥികള്‍ക്ക് സ്കൂളിലേക്ക് ആവശ്യമായ എല്ലാ സാമഗ്രികളും വിപണിയിലുണ്ട്. വിവിധ വലുപ്പത്തിലും ഡിസൈനുകളിലുമുള്ള ബാഗുകള്‍ മുതല്‍ കുടകള്‍, പേനകള്‍, വാട്ടര്‍ ബോട്ടിലുകള്‍ തുടങ്ങി സ്കൂള്‍ സ്റ്റേഷനറി കിറ്റുകള്‍ വരെ ലഭ്യം. ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ദോഹ ഫെസ്റ്റിവല്‍ സിറ്റി ഉള്‍പ്പെടെയുള്ള ഷോപ്പിങ് മാളുകളിലും ബാക്ക് ടു സ്കൂള്‍ വിപണി സജീവമാകുകയാണ്.
മലയാളികൾ ഉൾപ്പെടെ പ്രവാസി കുടുംബങ്ങൾ അവധി കഴിഞ്ഞ് തിരികെ എത്തുന്ന സീസണുമാണിപ്പോൾ. ഇവരിൽ ഏറെപ്പേരും നാട്ടിൽനിന്നുതന്നെ ആവശ്യമായ ഷോപ്പിങ് നടത്തി, പഠനോപകരണങ്ങൾ സ്വന്തമാക്കിയാണ് എത്തുന്നതെങ്കിലും ഇവിടെ വിപണിയുടെ തിരക്കിന് കുറവില്ല.
ലുലു ഹൈപ്പർമാർക്കറ്റ്, സഫാരി, ഗ്രാൻഡ്, അൽ റവാബി തുടങ്ങി ഖത്തറിലെ മുൻനിര ഹൈപ്പർമാർക്കറ്റുകളിലെല്ലാം ‘ബാക് ടു സ്കൂൾ’ വിപണി ആരംഭിച്ചു കഴിഞ്ഞു. ബാക്ക് പാക്കുകള്‍, ട്രോളി ബാഗുകള്‍ എന്നിവക്കു പുറമെ പെന്‍സിലും പേനയും അടങ്ങിയ കിറ്റുകളും ലഞ്ച് ബാഗുകളുമെല്ലാമായി സ്കൂളുകളെ ഒരുക്കിയിരിക്കുകയാണ് എല്ലാ കേന്ദ്രങ്ങളും.
ഈയാഴ്ച പകുതിയോടെ ആരംഭിച്ച ‘ബാക് ടു സ്കൂൾ’ വിപണി ആഗസ്റ്റ് അവസാനം വരെ നിലനിർത്തിയാണ് ആവശ്യക്കാരെ കാത്തിരിക്കുന്നത്. ബ്രാൻഡ് ബാഗുകൾ, ട്രോളി ബാഗ്, ലഞ്ച് ബാഗ് ബാക് പാക് തുടങ്ങി ബാഗുകളുടെ വൈവിധ്യമാർന്ന ശേഖരവും സജീവം. വൈറ്റ് ബോർഡ് ടേബ്ൾ, ടിഫിൻ ബോക്സ്, നോട്ട് ബുക്കുകൾ മുതൽ കുട്ടികൾക്കുള്ള ഭക്ഷ്യവിഭവങ്ങളും കളിപ്പാട്ടങ്ങളും വരെ ലഭ്യം. വലിയ വിലക്കുറവിന്റെ ഓഫറുകൾ പ്രഖ്യാപിച്ചാണ് ഓരോ സ്ഥാപനവും സീസണിലെ കച്ചവടം പൊടിപൊടിക്കാൻ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.