ബാക് ടു സ്കൂൾ വിപണിയിൽനിന്ന്
വിപണിയിൽ ബാക് ടു സ്കൂൾ; ബാഗ് നിറയെ ഓഫറുകൾ
ദോഹ: രണ്ടുമാസം നീണ്ട വേനലവധിയും കഴിഞ്ഞ് സ്കൂളുകൾ അടുത്തയാഴ്ച തുറക്കാനിരിക്കെ പഠനോപകരണ വിൽപനയുമായി വിപണികൾ സജീവം. സ്കൂളുകളിലേക്ക് കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് ‘ബാക് ടു സ്കൂൾ’ ഓഫറുകൾ പ്രഖ്യാപിച്ചാണ് ഖത്തറിലെ സൂപ്പർ മാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും വിപണി ഒരുക്കിയിരിക്കുന്നത്.
സർക്കാർ സ്കൂളുകളും ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ സ്വകാര്യ വിദ്യാലയങ്ങളുമെല്ലാം സെപ്റ്റംബർ ഒന്നിനാണ് വേനലവധി കഴിഞ്ഞ് തുറക്കുന്നത്. അതിന് മുമ്പ്, കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും ബാഗും യൂനിഫോമുകളുമായാണ് വിപണി സജീവമാവുന്നത്.
വിദ്യാർഥികള്‍ക്ക് സ്കൂളിലേക്ക് ആവശ്യമായ എല്ലാ സാമഗ്രികളും വിപണിയിലുണ്ട്. വിവിധ വലുപ്പത്തിലും ഡിസൈനുകളിലുമുള്ള ബാഗുകള്‍ മുതല്‍ കുടകള്‍, പേനകള്‍, വാട്ടര്‍ ബോട്ടിലുകള്‍ തുടങ്ങി സ്കൂള്‍ സ്റ്റേഷനറി കിറ്റുകള്‍ വരെ ലഭ്യം. ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ദോഹ ഫെസ്റ്റിവല്‍ സി, മാൾ ഓഫ് ഖത്തർ, സിറ്റി സെന്റർ ഉള്‍പ്പെടെയുള്ള ഷോപ്പിങ് മാളുകളിലും ബാക്ക് ടു സ്കൂള്‍ വിപണി സജീവമാകുകയാണ്.
മലയാളികൾ ഉൾപ്പെടെ പ്രവാസി കുടുംബങ്ങൾ അവധി കഴിഞ്ഞ് തിരികെ എത്തുന്ന സീസണുമാണിപ്പോൾ. ഇവരിൽ ഏറെപ്പേരും നാട്ടിൽനിന്നുതന്നെ ആവശ്യമായ ഷോപ്പിങ് നടത്തി, പഠനോപകരണങ്ങൾ സ്വന്തമാക്കിയാണ് എത്തുന്നതെങ്കിലും ഇവിടെയും വിപണിയിലെ തിരക്കിന് കുറവില്ല.
ലുലു ഹൈപ്പർമാർക്കറ്റ്, സഫാരി, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, കാരിഫോർ തുടങ്ങി ഖത്തറിലെ മുൻനിര ഹൈപ്പർമാർക്കറ്റുകളിലെല്ലാം ‘ബാക് ടു സ്കൂൾ’ വിപണി ആരംഭിച്ചു കഴിഞ്ഞു.
‘ലുലു ബാക് ടു സ്കൂൾ സേവേഴ്സ്’ ഷോപ്പിങ് മേള ആഗസ്റ്റ് 31 വരെ നീളും. ഒരാഴ്ച മുമ്പു തന്നെ ലുലുവിൽ സ്കൂൾ വിപണി തുടങ്ങിയിരുന്നു. വിവിധ ബ്രാൻഡ് ബാക് പാക്കുകൾ, ലഞ്ച് ബോക്സ്, സ്പോർട്സ് ബോട്ടിൽ, സ്റ്റേഷനറി സെറ്റ് എന്നിവ മുതൽ ലാപ്ടോപ്, ടാബ്, പ്രിന്റർ തുടങ്ങിയവയും ബാക് ടു സ്കൂൾ വിപണിയിൽ കുറഞ്ഞ വിലകളിൽ കാത്തിരിക്കുന്നു.
വൈറ്റ് ബോർഡ്, സ്റ്റഡി ടേബിൾ, ടിഫിൻ ബോക്സ്, നോട്ട് ബുക്കുകൾ മുതൽ കുട്ടികൾക്കുള്ള ഭക്ഷ്യവിഭവങ്ങളും കളിപ്പാട്ടങ്ങളും വരെ ലഭ്യമാണ്. വലിയ വിലക്കുറവിന്റെ ഓഫറുകൾ പ്രഖ്യാപിച്ചാണ് ഓരോ സ്ഥാപനവും സീസണിലെ കച്ചവടം പൊടിപൊടിക്കാൻ ഒരുങ്ങുന്നത്. വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്കുള്ള ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ വർധിച്ച ആവശ്യമാണ് ഇപ്പോൾ വിപണിയിലെ ട്രെൻഡായി മാറുന്നത്.
സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്, ടാബ് തുടങ്ങിയ ഉപകരണങ്ങൾ പഠനത്തിൽ നിർണായക സാന്നിധ്യമായി മാറിയത് ഷോപ്പിങ് വിപണിയിലും പ്രതിഫലിക്കുന്നു. ഈ സെഷനിൽ വിവിധ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ വിലക്കുറവോടെയാണ് ഹൈപ്പർമാർക്കറ്റുകൾ ലഭ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.