ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിലെ എൻഡോവ്മെന്റ് ബേസ്ഡ് ഡയാലിസിസ് പദ്ധതിയിൽനിന്ന് 5043 പേർക്ക് ചികിത്സ സഹായം ലഭിച്ചതായി ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് അറിയിച്ചു. 2020 മുതൽ 2024 അവസാനം വരെയുള്ള കാലയളവിലാണ് ഈ സഹായം നൽകിയത്.ഹെൽത്ത് കെയർ എൻഡോമെന്റ് ഫണ്ടിന്റെ സഹായത്തോടെ ആരോഗ്യ -സേവന മേഖലകൾ കൈകോർത്ത് നടത്തുന്ന മാതൃകാപരമായ പദ്ധതിക്ക് ആയിരക്കണക്കിന് വൃക്കരോഗികളുടെ ജീവിതനിലവാരം ഉയർത്താൻ സാധിച്ചു. തുടർച്ചയായി ഡയാലിസിസ് ചെയ്യുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികളുടെ ജീവിത നിലവാരം ഉയർത്തുകയും സാമ്പത്തിക ഭാരം കുറക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ സാമൂഹിക സേവന വിഭാഗത്തിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ ബശായർ അൽ റാശിദ് വ്യക്തമാക്കി.
നിർധനരായ രോഗികൾക്ക് ഡയാലിസിസ് സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിലൂടെ കുടുംബങ്ങളുടെയും വ്യക്തികളുടെയും മാനസികാരോഗ്യത്തിലും സാമൂഹിക ജീവിതത്തിലും ഏറെ മാറ്റമുണ്ടാക്കാനായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഭാഗമായി ആവശ്യമുള്ള രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ, ചികിത്സ സൗകര്യങ്ങൾ, മരുന്നുകൾ, ഡയാലിസിസ് ചെലവുകൾ എന്നിവ നൽകുന്നു.സഹായം ലഭിക്കുന്നവരെ ആരോഗ്യനില, സാമ്പത്തിക പശ്ചാത്തലം, സാമൂഹിക സാഹചര്യങ്ങൾ, ആവശ്യമായ ഡയാലിസിസ് സെഷനുകളുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുക്കുന്നത്. തുടർച്ചയായി ഡേറ്റ അവലോകനം ചെയ്തുകൊണ്ട് സഹായം നീതിയോടെയും സമത്വത്തോടെയും വിതരണം ചെയ്യുന്നതാണെന്ന് അവർ കൂട്ടിച്ചേർത്തു.
ഇതിലൂടെ നിരവധി രോഗികൾക്ക് മനസ്സാന്ത്വനം ലഭിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞു. ഇനി, മാനസികാരോഗ്യ പിന്തുണയും ആരോഗ്യ വിദ്യാഭ്യാസവും പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള പഠനങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്ന് ബശായർ അൽ റാശിദ് അറിയിച്ചു.സാമ്പത്തിക ഭാരമില്ലാതെ മികച്ച ചികിത്സയും ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുന്നതിലൂടെ രോഗികൾക്ക് ആരോഗ്യവും ക്ഷേമവുമുള്ള ജീവിതം ഉറപ്പുവരുത്തുക എന്ന യു.എന്നിന്റെ സസ്റ്റൈനബ്ൾ ഡെവലപ്മെന്റ് ഗോൾസ് ലക്ഷ്യത്തെ നിറവേറ്റുന്നതാണ് പദ്ധതിയെന്നും അവർ ചൂണ്ടിക്കാട്ടി.ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സിനെയും സഹകരണ ദാതാക്കളെയും ബശായർ അൽ റാശിദ് അനുസ്മരിച്ചു. ആരോഗ്യ രംഗത്തെ പുരോഗതിക്കും സാമൂഹിക ഐക്യത്തിനും ദേശീയ വികസന ശ്രമങ്ങൾക്കും പദ്ധതി വലിയ പിന്തുണയാണെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.