ശൈഖ് ഹമദ് ബിൻ ഖലീഫ
ബിൻ അഹമദ് ആൽഥാനി,ജാസിം അബ്ദുൽ അസീസ്
അൽ ജാസിം
ദോഹ: ഈ വർഷാദ്യം നടന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ സംഘാടനത്തിന് വിജയകരമായി നേതൃത്വം നൽകിയ പ്രദേശിക സംഘാടക സമിതിക്ക് ഇനി പുതിയ നിയോഗം. രാജ്യത്തെ വരാനിരിക്കുന്ന ശ്രദ്ധേയമായ ഫുട്ബാൾ മേളകൾക്കുള്ള നടത്തിപ്പ് ചുമതല നൽകിയാണ് ലോക്കൽ ഓർഗനൈസിങ് കമ്മിറ്റിയെ പുനഃസംഘടിപ്പിച്ചത്.
കായികമന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമദ് ആൽഥാനിയുടെ നേതൃത്വത്തിലാണ് ഫുട്ബാൾ മേളകളുടെ മാത്രം സംഘാടനത്തിനായി ഖത്തർ ഫുട്ബാൾ അസോസിയേഷന്റെ അനുബന്ധ ബോഡിയായി എൽ.ഒ.സി സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന ക്യൂ.എഫ്.എ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. ഏഷ്യൻ കപ്പ് സി.ഇ.ഒ ജാസിം അബ്ദുൽ അസീസ് അൽ ജാസിം കമ്മിറ്റിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായും പ്രവർത്തിക്കും.
2022 ഫിഫ ലോകകപ്പിനും 2023 ഏഷ്യൻ കപ്പ് ഫുട്ബാളിനും ഏറ്റവും മികച്ച രീതിയിൽ സംഘാടനം നിർവഹിച്ച വേദിയിൽ വരാനിരിക്കുന്ന ഫുട്ബാൾ മേളകളുടെ നടത്തിപ്പാണ് സമിതിയുടെ ദൗത്യം. ഈ വർഷം ഡിസംബറിൽ നടക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ്, ഫിഫ അറബ് കപ്പ് (2025, 2029, 2031), ഫിഫ അണ്ടർ 17 ലോകകപ്പ് (2025 മുതൽ 2029) എന്നിവയുടെ സംഘാടന ചുമതല ഈ കമ്മിറ്റിക്കായിരിക്കുമെന്ന് ക്യൂ.എഫ്.എ അറിയിച്ചു.
ലോക ഫുട്ബാൾ മേളകളുടെ ഹബായി ഖത്തറിലെ നിലനിർത്തുകയെന്ന ലക്ഷ്യവുമായാണ് ക്യൂ.എഫ്.എ ഇത്തരമൊരു തന്ത്രപ്രധാനമായ തീരുമാനമെടുത്തതെന്ന് സംഘാടകർ അറിയിച്ചു. ഡിസംബർ 18ന് റയൽ മഡ്രിഡിന്റെ ഫൈനൽ മത്സരത്തിന് സാക്ഷിയാവുന്ന ഫിഫ ഇന്റർകോണ്ടിനന്റൽ കപ്പ് ടൂർണമെന്റിന്റെ സംഘാടനമാവും സമിതിയുടെ ആദ്യ ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.