നറുക്കെടുപ്പ് വേദിയായ കതാറ ഒപേര ഹൗസ്
ദോഹ: വൻകരയുടെ ഫുട്ബാൾ വിരുന്നിൽ ആരെല്ലാം മുഖാമുഖം പോരടിക്കുമെന്നറിയാനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകളുടെ ആയുസ്സ്. ലോകകപ്പ് ഫുട്ബാൾ ആരവങ്ങളൊഴിഞ്ഞ ഖത്തറിന്റെ മണ്ണ് വിരുന്നൊരുക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ഗ്രൂപ് റൗണ്ട് നറുക്കെടുപ്പിന് വ്യാഴാഴ്ച ദോഹ വേദിയാവും. ഖത്തർ സമയം ഉച്ച രണ്ട് മുതൽ കതാറയിലെ ഒപേര ഹൗസിലാണ് നറുക്കെടുപ്പ്. ഏഷ്യൻ കപ്പിന് യോഗ്യത നേടിയ 24 ടീമുകളെയും ഏപ്രിൽ ആദ്യവാരത്തിലെ ഫിഫ റാങ്കിന്റെ അടിസ്ഥാനത്തിൽ നാല് പോട്ടുകളിലായി തിരിച്ചാവും നറുക്കെടുപ്പ്.
ആതിഥേയരായ ഇന്ത്യയും ഇത്തവണ കളിക്കളത്തിലുണ്ടെന്നതാണ് ഖത്തറിലെ പ്രവാസി ആരാധകർക്ക് ആവേശമാകുന്നത്. നവംബർ-ഡിസംബർ മാസങ്ങളിൽ നടന്ന ലോകകപ്പ് ഫുട്ബാളിൽ വളന്റിയർമാരും സംഘാടകരും കാണികളുമായി ഗാലറിയിലും പുറത്തും നിറഞ്ഞ ഇന്ത്യക്കാർക്ക്, ഏഷ്യാകപ്പിലൂടെ കളത്തിലും സാന്നിധ്യമാവാൻ കഴിയുന്നതാണ് വൻകരയുടെ ടൂർണമെന്റിന്റെ പ്രത്യേകത.
2024 ജനുവരി 12നാണ് ഏഷ്യൻ കപ്പിന് ഖത്തർ വേദിയാവുന്നത്. ഫെബ്രുവരി 10നാണ് ഫൈനൽ. വ്യാഴാഴ്ച നടക്കുന്ന നറുക്കെടുപ്പിൽ ആതിഥേയരും നിലവിലെ ജേതാക്കളുമായ ഖത്തർ പോട്ട് ഒന്നിലുണ്ടാകും. ഇവർക്കൊപ്പം, ഏഷ്യൻ റാങ്കിങ്ങിൽ മുൻനിരയിലുള്ള അഞ്ചുപേർ കൂടി ഇടംനേടും. നാലുതവണ ജേതാക്കളായ ജപ്പാൻ, മൂന്നു തവണ ജേതാക്കളായ ഇറാൻ, രണ്ടുതവണ ജേതാക്കളായ കൊറിയ, 2015 ജേതാക്കളായ ആസ്ട്രേലിയ എന്നിവർക്കൊപ്പം കഴിഞ്ഞ ലോകകപ്പിലെ അട്ടിമറിസംഘവും മൂന്നു തവണ ഏഷ്യൻ ജേതാക്കളുമായ സൗദിയും ഈ സംഘത്തിലുണ്ട്. ഒരു പോട്ടിലായതിനാൽ, ഈ ടീമുകൾ ഗ്രൂപ് റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടൽ ഉണ്ടാവില്ല. ഫിഫ റാങ്കിങ്ങിൽ 101ാം സ്ഥാനത്തുള്ള ഇന്ത്യ പോട്ട് നാലിലാണുള്ളത്. നറുക്കെടുപ്പ് ചടങ്ങിന് സാക്ഷിയാകാൻ ഏഷ്യൻ ഫുട്ബാളിലെ സൂപ്പർ താരങ്ങളും യോഗ്യത നേടിയ 24 ടീമുകളുടെയും പരിശീലകരുമെല്ലാം ദോഹയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.