അഷ്ഗാലിനു കീഴിൽ അൽ സൈലിയയിൽ നിർമാണം പൂർത്തിയാക്കിയ റോഡ്
ദോഹ: അൽ സൈലിയ മേഖലയിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. അൽ സൈലിയ റോഡിനെയും സൽവ റോഡിനെയും ബന്ധിപ്പിക്കുന്ന ഹയർ ഉമ്മുൽ ബെൻദെക് സ്ട്രീറ്റ്, സൗത്ത് സൈലിയ റോഡ് എന്നിവയുടെ നിർമാണവും റോഡരികിലെ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ പദ്ധതികളാണ് പൂർത്തിയാക്കിയത്.
5.6 കിലോമീറ്റർ നീളത്തിൽ റോഡ്, 268 സ്ട്രീറ്റ് ലൈറ്റ്, 11 കിലോമീറ്റർ ദൈർഘ്യമുള്ള നടപ്പാത, സിഗ്നലോടുകൂടിയ നാല് ഇന്റർ സെക്ഷൻ, 665 മരങ്ങൾ, 1.69 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഇന്റർലോക്ക്, 30,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ലാൻഡ്സ്കേപ്, മലിനജല, കുടിവെള്ള പൈപ്പ് ലൈൻ എന്നിവ ഉൾപ്പെടുത്തിയാണ് റോഡ് നിർമാണം. വീടുകളുമായി മലിനജല പൈപ് ലൈനുകൾ ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകളും അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കുകയെന്ന അഷ്ഗാൽ പദ്ധതിയുടെ ഭാഗമായി അൽ സൈലിയ സ്ട്രീറ്റ് റോഡുകളുടെ നിർമാണം പൂർത്തിയാക്കിയതായി വെസ്റ്റ് ഏരിയ സെക്ഷൻ മേധാവി എൻജി. ഫഹദ് മുഹമ്മദ് അൽ ഉതൈബി പറഞ്ഞു.
കൂടുതൽ താമസക്കാരും, വീടുകളുമായി പ്രധാന ജനവാസമേഖലയായി മാറുന്ന അൽ സൈലിയയിലെ ആളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും പ്രധാന റോഡുകളിലെ തിരക്ക് കുറക്കുന്നതിന്റെയും ഭാഗമാണ് ഉപറോഡുകളുടെ നിർമാണമെന്ന് അദ്ദേഹം വിശദീകരിച്ചു. അൽ സൈലിയ സ്പോർട്സ് ക്ലബ്, അൽ സൈലിയ സെൻട്രൽ മാർക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പവുമായി മാറും.
നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ 75 ശതമാനവും പ്രാദേശിക വിഭവങ്ങളാണ് ഉപയോഗിച്ചതെന്നും എൻജി. ഫഹദ് മുഹമ്മദ് അൽ ഉതൈബി പറഞ്ഞു.
അൽസൈലിയ മേഖലയിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ പ്രദേശം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.