അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത് പ്രഖ്യാപിക്കൽ ചടങ്ങിൽ അശ്ഗാൽ ഉദ്യോഗസ്ഥർ
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പൗരന്മാരുടെ സബ്ഡിവിഷൻ പദ്ധതികളിലുൾപ്പെടുന്ന 3767 പ്ലോട്ടുകളിലെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾ പൂർത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. വടക്കുഭാഗത്ത് അൽ ഖർതിയ്യാത്ത്, ഇസ്ഗവ പദ്ധതി പാക്കേജ് 2, അൽ ഇബ്ബ്, ലഅബൈബ് പദ്ധതി പാക്കേജ് 1,5, സിമൈസിമ വെസ്റ്റ് ആൻഡ് സൗത്ത് പദ്ധതി പാക്കേജ് 1, അൽ ഇഗ്ദ, ഹൈദാൻ, അൽഖോർ പദ്ധതി പാക്കേജ് 1 എന്നിവയാണ് പൂർത്തിയാക്കിയത്.
പടിഞ്ഞാറ് ഭാഗത്തായി ഖത്തർ മാൾ നോർത്ത്, സെലിബ്രേഷൻ റോഡ് പദ്ധതി പാക്കേജ് 2, പശ്ചിമ മുഐദറിൽ പാക്കേജ് 2, 3 എന്നിവയും തെക്കുഭാഗത്തായി അൽ മഷാഫ് സൗത്ത് പദ്ധതി പാക്കേജ് 1,3,7 എന്നിവയും അശ്ഗാൽ പൂർത്തിയാക്കി.
പൗരന്മാരുടെ നിലവിലുള്ളതും പുതിയതുമായ സബ്ഡിവിഷനുകളിലേക്കുള്ള റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി അശ്ഗാൽ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്ന് പ്രോജക്ട് അഫയേഴ്സ് വിഭാഗം മേധാവി എൻജി. യൂസഫ് അൽ ഇമാദി പറഞ്ഞു. സ്ട്രീറ്റുകളെയും പ്രധാന റോഡുകളെയും ബന്ധിപ്പിക്കുന്ന സമഗ്രമായ ആഭ്യന്തര റോഡ് ശൃംഖലയാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കൂടാതെ അവർക്ക് പുതിയ പ്രദേശങ്ങളിൽ വീടുകൾ നിർമിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയും നിലവിലുള്ള പ്രദേശങ്ങളിലേക്ക് ഉന്നത നിലവാരത്തിലുള്ള സേവനം ലഭ്യമാക്കുകയും പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതായും എൻജി. അൽ ഇമാദി കൂട്ടിച്ചേർത്തു.
അശ്ഗാലിന് കീഴിലുള്ള വിവിധ പദ്ധതികൾ പൂർത്തിയാകുന്നതോടെ ആകെ 8821 പ്ലോട്ടുകളിലേക്കുള്ള റോഡ്, അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുമെന്ന് റോഡ് പ്രോജക്ട്സ് വിഭാഗം മാനേജർ എൻജി. സഈദ് അൽ തമീമി പറഞ്ഞു. 247 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ്, 176 കിലോമീറ്റർ മലിനജല ശൃംഖല, 108 കിലോമീറ്റർ ടി.എസ്.ഇ ശൃംഖല, 233 കിലോമീറ്റർ ഉപരിതല, ഭൂഗർഭജല ശൃംഖല എന്നിവയും ഇതിലുൾപ്പെടുമെന്നും അൽ തമീമി വ്യക്തമാക്കി.
പ്രദേശങ്ങളുമായി ബന്ധപ്പെട്ട വൈദ്യുതി സേവനങ്ങളും കാൽനട, സൈക്കിൾ പാത നിർമാണവും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർ
ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.