വാദിഹ് വസൂഫ് പിതാവ്
ജോർജ് വസൂഫിനൊപ്പം
ദോഹ: പ്രശസ്ത അറബ് ഗായകൻ ജോർജ് വസൂഫിന്റെ മകൻ വാദിഹ് വസൂഫ് നിര്യാതനായി. ദോഹയിലായിരുന്നു വാദിഹ് താമസിച്ചിരുന്നത്. ഖത്തർ, സൗദി അറേബ്യ, ലബനാൻ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന ‘എ2ഇസെഡ് മീഡിയ’ എന്ന സ്ഥാപനത്തിന്റെ ചീഫ് എന്റർടെയ്ൻമെന്റ് ഓഫിസറായിരുന്നു. ‘സുൽത്താൻ ഓഫ് തരാബ്’ എന്ന വിശേഷണത്തിൽ അറബ് സംഗീതലോകത്ത് അറിയപ്പെടുന്ന ജോർജ് വസൂഫ് ആണ് ട്വിറ്ററിൽ മകന്റെ നിര്യാണവാർത്ത അറിയിച്ചത്.
ബൈറൂതിലെ ആശുപത്രിയിലാണ് 39കാരനായ വാദിഹിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡിസംബർ 27ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാദിഹിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാൽ, ശസ്ത്രക്രിയക്ക് ശേഷം സ്ഥിതി വഷളാവുകയായിരുന്നുവെന്ന് കുടുംബ വൃത്തങ്ങൾ പറഞ്ഞു. വാദിഹ് ദോഹയിലാണ് താമസമെങ്കിലും ജോർജും കുടുംബവും സിറിയയിലാണ്. 1983ൽ ജനിച്ച വാദിഹിന്റെ പ്രാഥമിക വിദ്യാഭ്യാസം ലബനാനിലായിരുന്നു. ബൈറൂതിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽനിന്ന് മാർക്കറ്റിങ്ങിൽ ഉന്നതബിരുദം നേടി. ഷാലിമാർ ആണ് വാദിഹിന്റെ മാതാവ്. ഹാതിം, ജോർജ് ജൂനിയർ എന്നിവർ സഹോദരന്മാരാണ്. ലബനാനിലെ അഷാഫീഹിലുള്ള മാർ നിക്കോള ഗ്രീക്ക് ഓർത്തഡോക്സ് ചർച്ചിലെ അന്ത്യകർമങ്ങൾക്കുശേഷം സംസ്കാരം സിറിയയിലെ കുടുംബസെമിത്തേരിയിൽ നടന്നു. ഖത്തറിലെ ലബനീസ് എംബസി വാദിഹിന്റെ നിര്യാണത്തിൽ അനുശോചിച്ചു. ‘മഹാനായ കലാകാരൻ ജോർജ് വസൂഫിന്റെ മകൻ വാദിഹ് ജോർജ് വസൂഫിന്റെ നിര്യാണത്തിൽ ലബനീസ് എംബസി അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും ദോഹയിലെ ലബനീസ് സമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു’. എ2ഇസെഡ് മീഡിയയും ഇൻസ്റ്റഗ്രാമിൽ അനുശോചനക്കുറിപ്പ് പോസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.