ദോഹ: കഴിഞ്ഞ അധ്യയന വർഷത്തിലെ പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആദരം. അമീരി ദിവാനിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾ അമീറിൽ നിന്ന് നേരിട്ട് അനുമോദനം ഏറ്റുവാങ്ങി.
വിദ്യാർഥികളുടെ മികച്ച നേട്ടം അവരുടെ അറിവും കഴിവുകളും വർധിപ്പിക്കാനും, ഭാവിയിൽ രാജ്യത്തിന്റെ വികസന മുന്നേറ്റങ്ങളിൽ സജീവ പങ്കാളികളാകാനും പ്രചോദനമാകട്ടെയെന്ന് അമീർ ആശംസിച്ചു. വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ച് വിജയം നേടിയ യുവതലമുറയുടെ നിശ്ചയദാർഢ്യത്തെ അദ്ദേഹം പ്രശംസിച്ചു.
കുട്ടികളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രവർത്തനങ്ങളെ അഭിനന്ദിച്ച അമീർ, യുവതലമുറയെ സജ്ജരാക്കുന്നതിൽ കുടുംബങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള പങ്കിനെ എടുത്തുപറഞ്ഞു. അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ അൽ ഖാതിർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
ഖത്തർ അമീറിനെ നേരിൽ കാണാനും ആദരം ഏറ്റുവാങ്ങാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. ഈ അംഗീകാരം തങ്ങളുടെ ഭാവി പഠനത്തിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വലിയ ഊർജ്ജം നൽകുന്നുവെന്നും, ഖത്തറിന്റെ സേവനത്തിനും പുരോഗതിക്കുമായി തുടർന്നും പ്രവർത്തിക്കുമെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.