ദോഹ: അറബ് ലോകത്തെ വാർത്താ മാധ്യമങ്ങളിൽ വഴിത്തിരിവായി രംഗപ്രവേശം ചെയ്ത അൽജസീറ സാറ്റലൈറ്റ് ചാനലിന് 21 വയസ്സ് പൂർത്തിയായി. ചാനൽ ഇത് വരെ സ്വീകരിച്ച നിലപാടുകളിൽ നിന്ന് പുറകോട്ട് പോകുന്ന പ്രശ്നമില്ലെന്ന് മാനേജിംഗ് ഡയറക്ടർ മുസ്തഫ സവ്വാഖ് വ്യക്തമാക്കി.
1996 നവംബർ ഒന്നിനാണ് അൽജസീറ പ്രക്ഷേപണം ആരംഭിക്കുന്നത്.ഖത്തർ അമീറായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ ശക്തമായ പിന്തുണയോടെ ആരംഭിച്ച അൽജസീറക്ക് ആദ്യ അഞ്ച് വർഷം പ്രവർത്തിക്കുന്നതിന് അദ്ദേഹം അഞ്ഞൂറ് മില്യൻ റിയാൽ ഗ്രാൻറ് നൽകുകയുണ്ടായി. ചാനലിെൻറ പിന്നണി പ്രവർത്തകരെ പോലും അത്ഭുതപ്പെടുത്തി അറബ് ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന വാർത്താ ചാനലായി അൽജസീറ മാറി. അറബ് ലോകത്ത് നടക്കുന്ന വിഷയങ്ങൾ, വാർത്തകൾ എല്ലാം തത്സമയം ലോകത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ വലിയ വിജയമാണ് ചാനലിനുണ്ടായത്. തുടക്കത്തിൽ ദിനേനെ ആറ് മണിക്കൂർ മാത്രം സംേപ്രക്ഷണം ചെയ്തിരുന്ന അൽജസീറ 1999 ജനുവരി ഒന്ന് മുതൽ മുഴുസമയമായി.
ശൈഖ് ഹമദ് ബിൻ ഥാമിർ ആൽഥാനിയാണ് അൽജസീറയുടെ ചെയർമാൻ. സ്വതന്ത്ര മാധ്യമ പ്രവർത്തനം എന്ന പ്രഖ്യാപനവുമായി രംഗപ്രേവശം ചെയ്ത ചാനൽ, ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്ന് സമ്മർദ്ദം വന്നപ്പോഴും പ്രഖ്യാപിത നിലപാടിൽ നിന്ന് മാറാൻ തയ്യാറായില്ല. ഈ നിലപാട് കാരണം ഖത്തറെന്ന രാജ്യത്തിന് മേൽ പോലും കടുത്ത നിലപാട് എടുക്കാൻ പല രാജ്യങ്ങളും സന്നദ്ധമായി.ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി 80 സജീവ ബ്യൂറോകൾ ചാനലിനുണ്ട്.21ാം വാർഷിക മുദ്രാവാക്യമായി തെരഞ്ഞെടുക്കുന്നത് ‘അൽജസീറ അസ്തമിക്കാത്ത സൂര്യൻ’ എന്നതാണ്. മുല്ലപ്പൂ വിപ്ലവം അടക്കം നിരവധി സംഭവങ്ങൾ തത്സമയം ലോക ജനതക്ക് മുന്നിൽ എത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം അമേരിക്കൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അൽജസീറ പൂട്ടുന്ന വിഷയമില്ലെന്ന ഉറച്ച നിലപാടാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വ്യക്തമാകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.