‘ഖത്തർ റൺ’മത്സര വേദി അൽ ബിദ പാർക്ക്
ദോഹ: ലോകകപ്പ് ഫുട്ബാൾ ആരവം ഒഴിഞ്ഞ ഖത്തറിന്റെ മണ്ണിൽ പുതു കായികാവേശം പകർന്ന് ‘അൽ സമാൻ എക്സ്ചേഞ്ച് റിയാമണി-ഗൾഫ് മാധ്യമം ഖത്തർ റണ്ണി’ന് വിസിൽ മുഴക്കം. വെള്ളിയാഴ്ച സൂര്യോദയത്തിനു പിന്നാലെ ദേശ, ഭാഷ, ലിംഗ വ്യത്യാസമില്ലാതെ, വിവിധ രാജ്യക്കാരും പല പ്രായക്കാരും ഒരേ ട്രാക്കിൽ ഒരു ലക്ഷ്യത്തിലേക്കു കുതിക്കും. ലോകകപ്പ് ഫുട്ബാൾ വേളയിൽ ലോകമെങ്ങുമുള്ള കാൽപന്ത് ആരാധകരുടെ മനസ്സിൽ ഇടംപിടിച്ച അൽബിദ പാർക്കിന്റെ പച്ചപ്പിനു നടുവിൽ റേസിങ് ട്രാക്കിലൂടെയാണ് വിവിധ കിലോമീറ്റർ വിഭാഗങ്ങളിലെ പോരാട്ടത്തിന് വിസിൽ മുഴങ്ങുക.
60ഓളം രാജ്യങ്ങളിൽനിന്നായി 700ഓളം കായിക താരങ്ങൾ മത്സരിക്കുന്ന ‘ഖത്തർ റൺ’നാലാം പതിപ്പിന് വെള്ളിയാഴ്ച രാവിലെ ആറിന് തുടക്കംകുറിക്കും. ഏഴിനാണ് വിവിധ ദൂര വിഭാഗങ്ങളിലെ ഓട്ടത്തിന് വിസിൽ മുഴങ്ങുന്നത്. ട്രാക്കിലെ പോരാട്ടങ്ങൾക്ക് തുടക്കംകുറിക്കുന്നതിനുമുമ്പ് ആറോടെ വിവിധ പ്രദർശന പരിപാടികൾ അൽബിദയിലെ മത്സരവേദിയിൽ അരങ്ങേറും. സുംബ സെഷൻസ്, എയ്റോബിക് സെഷൻ, ഇന്റർവെൽ ട്രെയിനിങ്, പ്രീ റൺ വാംഅപ് ആൻഡ് പോസ്റ്റ് റൺ കൂൾ ഡൗൺ എക്സർസൈസ് എന്നിവയിൽ വിദഗ്ധരുടെ പ്രദർശന പരിപാടികൾ പാർക്കിൽ അവതരിപ്പിച്ചശേഷമാവും മത്സരത്തിന് തുടക്കമാവുന്നത്.
2020ൽ തുടങ്ങി കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഖത്തറിലെ വിവിധ രാജ്യക്കാരായ കായികപ്രേമികളുടെ പട്ടികയിൽ ഇടംപിടിച്ചുകഴിഞ്ഞ ഖത്തർ റൺ നാലാം പതിപ്പിന് ആവേശത്തോടെയാണ് താരങ്ങൾ കാത്തിരിക്കുന്നത്. മത്സരത്തിന്റെ തയാറെടുപ്പുകളെല്ലാം പൂർത്തിയായി. രജിസ്ട്രേഷൻ നേരത്തേതന്നെ അവസാനിപ്പിച്ചിരുന്നു. ജഴ്സി, ഇലക്ട്രോണിക് ബിബ് ഉൾപ്പെടെ കിറ്റ് വിതരണവും പൂർത്തിയായി. ഇനി കുതിച്ചുപായാനുള്ള വിസിൽ മുഴങ്ങേണ്ട താമസം മാത്രം. സ്മാർട്ട് ബിബ് ഉപയോഗിച്ചാണ് മത്സരം നടക്കുന്നത്.
10 കിലോമീറ്റർ, അഞ്ചു കിലോമീറ്റർ, മൂന്നു കിലോമീറ്റർ, കുട്ടികൾക്കുള്ള 800 മീറ്റർ എന്നിവയിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. മുൻ സീസണുകളേക്കാൾ രാജ്യക്കാരുടെയും അത്ലറ്റുകളുടെയും പങ്കാളിത്തം ശ്രദ്ധേയമാണ്.
നാല് ദൂര വിഭാഗങ്ങളിലായി പുരുഷ-വനിതകൾക്കായി 20 കാറ്റഗറികളിലായാണ് മത്സരം നടക്കുന്നത്. എല്ലാം വിഭാഗത്തിലെയും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ കാത്തിരിക്കുന്നുണ്ട്. ഇതിനു പുറമെ, പങ്കെടുത്ത് മത്സരം പൂർത്തിയാക്കുന്ന എല്ലാ അത്ലറ്റുകൾക്കും ‘ഖത്തർ റൺ’മെഡലും സമ്മാനിക്കും. മത്സരത്തിന്റെ ഒന്നര, രണ്ടര കിലോമീറ്റർ ഇടവേളയിൽ വാട്ടർ സ്റ്റേഷൻ, മെഡിക്കൽ സപ്പോർട്ട് എന്നിവയും സജ്ജമാണ്.
17 മുതൽ 39 വയസ്സുവരെ പ്രായമുള്ളവർക്ക് ഓപൺ വിഭാഗത്തിലാണ് മത്സരം. മൂന്ന് ദൂരങ്ങളിലും ഈ വിഭാഗക്കാർക്ക് മത്സരിക്കാം. 40ന് മുകളിൽ പ്രായമുള്ളവരാണ് മാസ്റ്റേഴ്സ് വിഭാഗത്തിൽ മത്സരിക്കുന്നത്. ഏഴു മുതൽ ഒമ്പതു വയസ്സുവരെയുള്ളവർ പ്രൈമറി വിഭാഗത്തിലും 10 മുതൽ 12 വരെയുള്ളവർ സെക്കൻഡറി വിഭാഗത്തിലും 13 മുതൽ 16 വരെയുള്ളവർ ജൂനിയർ വിഭാഗത്തിലുമായി മാറ്റുരക്കും. മൂന്നു മുതൽ ആറു വയസ്സുവരെയുള്ളവരാണ് 800 മീറ്റർ മിനി കിഡ്സ് വിഭാഗത്തിൽ മാറ്റുരക്കുന്നത്.
പങ്കെടുക്കുന്നവരിൽ കൂടുതലും ഖത്തരി പൗരന്മാരാണ്. ഇവർക്കു പുറമെ ബ്രിട്ടൻ, ഫിലിപ്പീൻസ്, ഈജിപ്ത് തുടങ്ങി വിവിധ രാജ്യക്കാരുടെയും പങ്കാളിത്തം കുറവല്ല. അയർലൻഡ്, ബൾഗേറിയ, ഫ്രാൻസ്, യുക്രെയ്ൻ, റഷ്യ, ലിബിയ, ഇറ്റലി, കാനഡ, ജപ്പാൻ, പോർചുഗൽ, ശ്രീലങ്ക, പാകിസ്താൻ, ന്യൂസിലൻഡ്, യു.എ.ഇ, ബെൽജിയം, ചൈന, സ്വീഡൻ, ജർമനി, ലിബിയ, സിറിയ, ജോർഡൻ, സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് ഖത്തർ റൺ.
ഇവോയും എലിനയും ‘ഖത്തർ റൺ’കിറ്റുമായി
ഖത്തർ റണ്ണിൽ മാറ്റുരക്കാനുള്ള ആവേശത്തിലാണ് ദമ്പതികളായ എലിനയും ഇവോയും. സ്പാനിഷുകാരിയായ എലിന പേഴ്സണൽ ട്രെയിനറായി രണ്ടു വർഷത്തിൽ അധികമായി ഖത്തറിൽ പ്രവർത്തിക്കുന്നു. അർജന്റീനക്കാരാനായ ഇവോ വെറ്റിനറി ഡോക്ടറാണ്. സ്പോർട്സും വ്യായാമവും ജീവിത ചര്യയാക്കിയ ഇരുവരും ഖത്തർ റൺ സീരീസിൽ പങ്കാളികളാകാനുള്ള ഒരുക്കത്തിലാണ്. പരിശീലനവുമായി മത്സരത്തിനുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് കിറ്റ് ഏറ്റുവാങ്ങികൊണ്ട് എലിനയും ഇവോയും പറഞ്ഞു.
പീറ്റർ ആന്റണി ടാൽഡെ
സൈക്ലിങ്ങ് പതിവാക്കിയ ഫിലിപ്പിൻസുകാരൻ പീറ്റർ ആന്റണി ടാൽഡെ ഖത്തറിലെ മാരത്തൺ ഓട്ടങ്ങളിലും പതിവുകാരനാണ്. പത്ത് കിലോമീറ്ററിൽ മത്സരിക്കുന്ന പീറ്റർ കൃത്യമായ പരിശീലനവുമായാണ് മത്സരത്തിന് ഒരുങ്ങുന്നത്. ഇത്തവണയും മികച്ച മത്സരം കാഴ്ചവെക്കാൻ കഴിയുമെന്ന് സൈക്ലിങ്ങ് താരം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.