ദോഹ: എ.എഫ്.സി അണ്ടർ19 ചാമ്പ്യൻഷിപ്പിന് വേണ്ടിയുള്ള യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ഖത്തർ അണ്ടർ19 ടീമുമായുള്ള സന്നാഹമത്സരത്തിൽ ഇന്ത്യ അണ്ടർ19 ടീമിന് തോൽവി. ഏകപക്ഷീയമായ ഒരുഗോളിനാണ് ഇന്ത്യ ഖത്തറിനോട് കീഴടങ്ങിയത്. അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ ദിവസം സമാപിച്ച ഫിഫ അണ്ടർ17 ലോകകപ്പിൽ പ്രശംസ പിടിച്ചുപറ്റിയ താരങ്ങളെ നേരിൽ കാണുന്നതിനും പ്രകടനം വീക്ഷിക്കുന്നതിനുമായെത്തിയ കാണികളെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കുന്നത് പോലീസ് തടഞ്ഞെന്ന് വ്യാപകപരാതി. ഇന്ത്യൻ കളിക്കാരുടെ അഭ്യാർഥന മാനിച്ചാണ് കാണികളെ കടത്തിവിടാത്തതെന്നാണ് പോലീസ് നൽകിയ വിശദീകരണമെന്ന് ട്വിറ്ററിൽ ഇന്ത്യൻ ആരാധകൻ കുറിച്ചിട്ടത്. എന്നാൽ ഖത്തർ കോച്ചിെൻറ അഭ്യാർഥനയെ തുടർന്നാണ് ഇന്ത്യൻ കാണികളെ കയറ്റാതിരുന്നതെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷനിലെ വൃത്തങ്ങൾ വ്യക്തമാക്കിയതായും ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.
നൂറുക്കണക്കിനാളുകളാണ് സ്റ്റേഡിയത്തിലെത്തി മത്സരം കാണാതെ മടങ്ങിയത്. ഇന്ത്യൻ പതാകകളുമേന്തി തങ്ങളുടെ പ്രിയ താരങ്ങളെ നേരിൽ കാണുന്നതിനായെത്തിയവർക്ക് പോലീസ് നടപടിയിൽ നിരാശരായി മടങ്ങേണ്ടി വന്നു. മിഡിലീസ്റ്റിൽ ഇന്ത്യൻ ഫുട്ബോൾ ടീം മത്സരിക്കാനെത്തിയാൽ ഇന്ത്യൻ കാണികളുടെ അകമഴിഞ്ഞ പിന്തുണ പലപ്പോഴും ഇന്ത്യക്ക് വിജയം നേടിക്കൊടുത്തിട്ടുണ്ട്. അതേസമയം, ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട മത്സരത്തിൽ ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കണഞ്ചിപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത ഗോൾക്കീപ്പർ ധീരജ് സിംഗ് ചുകപ്പ് കാർഡ് കണ്ടു. എന്നാൽ സന്നാഹ മത്സരമെന്ന നിലയിൽ ധീരജ് തുടർന്നു കളിക്കാൻ അനുവദിക്കപ്പെട്ടു. ഖാലിദ് സാലിഹാണ് ഖത്തറിെൻറ വിജയഗോൾ നേടിയത്.
ഈ മാസം 25നാണ് പരിശീലനത്തിനും സന്നാഹമത്സരത്തിനുമായി ഇന്ത്യ അണ്ടർ19 ടീം ദോഹയിലെത്തിയത്. മലായളി താരം കെ.പി രാഹുൽ ഉൾപ്പെടെ ലോകകപ്പിൽ കളിച്ച 14 പേർ അണ്ടർ19 ടീമിലുൾപ്പെട്ടിട്ടുണ്ട്. നവംബർ നാലിനാരംഭിക്കുന്ന യോഗ്യതാ റൗണ്ടിൽ സൗദി അറേബ്യ, യമൻ, തുർക്കുമെനിസ്ഥാൻ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ. സൗദിയുമായാണ് ആദ്യ പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.