വിയറ്റ്നാം പോരാളികളെ വധശിക്ഷക്ക് ഉപയോഗിച്ച ഗില്ലറ്റിൻ, മെക്കോങ് ഡെൽറ്റ പ്രദേശം
യാത്രക്കായി ഒരുക്കം തുടങ്ങിയപ്പോൾ മസ്സ് നിറയെ സ്വിറ്റ്സർലൻഡിലെ മഞ്ഞുമൂടിയ മലനിരകളും തണുത്ത കാറ്റുമായിരുന്നു. പക്ഷേ, ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് കാരണം ബജറ്റ് കൈവിട്ടുപോയപ്പോൾ, ഞങ്ങൾ ആ റൂട്ട് മാറ്റിപ്പിടിച്ചു -ലക്ഷ്യം വിയറ്റ്നാം! യാത്രാ ലിസ്റ്റിൽ എപ്പോഴൊക്കെയോ കയറിക്കൂടിയ ഇടം.
മേയ് ഒന്നിന് രാത്രി കൊച്ചിയിൽനിന്ന് സുഹൃത്തുക്കളായ സാമിൽ, ഷെരീഫ്, ഷിബു, ഷെബീർ എന്നിവരോടൊപ്പം എട്ട് ദിവസത്തെ യാത്രയ്ക്കായി പുറപ്പെട്ടു. വിയറ്റ്ജെറ്റ് വിമാനത്തിലായിരുന്നു യാത്ര. വിയറ്റ്നാം എന്ന് കേൾക്കുമ്പോൾ തന്നെ നാപാം ബോംബിങ്ങിനിരയായി നഗ്നയായി അലറിവിളിച്ചോടുന്ന പത്തുവയസ്സുകാരിയുടെ, പുലിറ്റ്സർ സമ്മാനം നേടിയ ചിത്രമാണ് മനസ്സിൽ ഓടിയെത്തിയത്.
ഇൻഡിപെൻഡൻസ് പാലസിനു മുന്നിൽ യാത്രാസംഘം
അടുത്ത ദിവസം രാവിലെ ഞങ്ങൾ ഹോചിമിൻ സിറ്റിയിൽ (ടാൻ സോൺ നാറ്റ് ഇന്റർനാഷണൽ എയർപോർട്ട്) വിമാനമിറങ്ങി. കൈയിലുണ്ടായിരുന്ന 500 യു.എസ് ഡോളർ വിയറ്റ്നാം കറൻസിയായ 'ഡോങ്'ലേക്ക് മാറ്റി, നാട്ടിലെപ്പോലെ നല്ല ചൂടുള്ള കാലാവസ്ഥ, തിരക്കേറിയ എന്നാൽ വൃത്തിയുള്ള നഗരം. ഹോട്ടലിൽ ലഗേജ് വെച്ച ശേഷം യാത്രാക്ഷീണം മറന്ന് ഞങ്ങൾ പുറത്തിറങ്ങി. ഗൂഗ്ൾ സഹായത്തോടെ കണ്ടെത്തിയ 'ഓസ്മാൻ ഹലാൽ റെസ്റ്റോറന്റിൽ' നിന്നും 'കം ചിയാൻ ട്രങ് ചിയാൻ -Com Chien Trung Chien' (ഫ്രൈഡ് റൈസും ഓംലറ്റും) കഴിച്ച് വിശപ്പടക്കി.
തുടർന്ന് ചരിത്രാന്വേഷിയായ സുഹൃത്ത് സാമിലിന്റെ താൽപര്യപ്രകാരം ആദ്യം പോയത് വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത പ്രദർശിപ്പിച്ച 'വാർ റെംനന്റ്സ് മ്യൂസിയ'ത്തിലേക്കാണ്. യുദ്ധകാലത്ത് ഇരുവിഭാഗവും ഉപയോഗിച്ച തോക്കുകൾ, ടാങ്കുകൾ, മിസൈലുകൾ, യുദ്ധവിമാനങ്ങൾ എന്നിവ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. മനുഷ്യക്രൂരതയുടെ പച്ചയായ തെളിവുകളായിരുന്നു മ്യൂസിയത്തിലെ കാഴ്ചകൾ.
ടൈഗർ കേജസ്: കുനിഞ്ഞിരിക്കാൻ മാത്രം പറ്റുന്ന, എഴുന്നേൽക്കാൻ ശ്രമിച്ചാൽ മുള്ളു കമ്പികൾ ശരീരത്തിൽ തുളച്ചുകയറുന്ന തടവറകൾ. ഇരുമ്പ് ഗ്രില്ലുകൾ: തടവുകാരെ നഗ്നരാക്കി ചോരയൊലിക്കുന്നത് വരെ ഇരുമ്പ് ഗ്രില്ലുകളിൽ ഉരുട്ടുന്ന ക്രൂരത. ഗില്ലറ്റിൻ: ആയിരക്കണക്കിന് വിയറ്റ്നാം ദേശസ്നേഹികളെ ശിരച്ഛേദം ചെയ്ത 50 കിലോ ഭാരമുള്ള മൂർച്ചയേറിയ ബ്ലേഡ് അടങ്ങിയ ഉപകരണം...
ഭീതിയോടെയും വിറയാർന്ന കൈകളോടെയുമാണ് അത് തൊട്ടുനോക്കിയത്. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന പൈശാചികതയുടെ ശേഷിപ്പുകൾ കണ്ടതിനു ശേഷം, മ്യൂസിയത്തിലെ സന്ദർശക പുസ്തകത്തിൽ മലയാളത്തിൽ അമേരിക്കയോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയാണ് ഞങ്ങൾ പുറത്തിറങ്ങിയത്.
അടുത്ത ദിവസം വിയറ്റ്നാമിലെ ചരിത്രപ്രസിദ്ധമായ കു-ചി തുരങ്കങ്ങൾ (Cu Chi Tunnels) കാണാനാണ് പുറപ്പെട്ടത്. ഒന്നര മണിക്കൂർ ബസിൽ സഞ്ചരിച്ച് സ്ഥലത്തെത്തി. അമേരിക്ക -വിയറ്റ്നാം യുദ്ധകാലത്ത് വിയറ്റ്കോങ്ങുകളുടെ പ്രധാന പ്രവർത്തനകേന്ദ്രമായിരുന്ന ഈ ഭൂഗർഭ പാതകളിൽ 'ബെൻ ദിൻ', 'ബെൻ ഡുവോക്ക്' എന്നീ രണ്ട് തുരങ്കങ്ങളാണ് ഇപ്പോൾ സംരക്ഷിക്കുന്നത്.
വിയറ്റ്നാം ജനതയുടെ ശരീരപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ നിർമിച്ച വളരെ ഇടുങ്ങിയ ഈ തുരങ്ക കവാടങ്ങൾ വഴി അമേരിക്കൻ സൈനികർക്ക് പ്രവേശിക്കുക അസാധ്യമാണ്. ബോംബ് ആക്രമണങ്ങളെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ഈ തുരങ്കങ്ങൾക്ക് മൂന്ന് പാളികളാണുള്ളത്. ഭൂനിരപ്പിൽ നിന്ന് 3 മീറ്റർ, 6 മീറ്റർ, 12 മീറ്റർ എന്നിങ്ങനെ വിവിധ താഴ്ചയിൽ മൂന്ന് അടുക്കുകളായി രൂപപ്പെടുത്തിയ ഈ തുരങ്കങ്ങളുടെ എൻജിനിയറിങ്ങിലെ വൈഗദ്ധ്യം സാങ്കേതിക വിദഗ്ദരെപ്പോലും അത്ഭുപ്പെടുത്തുന്നതാണ്. ഇവിടെ നുഴഞ്ഞുകയറുന്നവരെ തെറ്റിദ്ധരിപ്പിക്കാനും കെണിയിൽപ്പെടുത്താനുമുള്ള സൂത്രങ്ങളും ഒരുക്കിയിരുന്നു.
ഭൂമിക്കടിയിൽ ഒളിഞ്ഞിരിക്കുന്ന നഗരം പോലെയായിരുന്നു ഈ ടണലുകൾ. ഹോസ്പിറ്റൽ, ആയുധപ്പുര, മീറ്റിങ് റൂം, അടുക്കള, വർക്ക് ഷോപ്പ്, കിണർ എന്നിവയെല്ലാം ഇതിനുള്ളിൽ സജ്ജീകരിച്ചിരുന്നു. പകൽ മുഴുവൻ തുരങ്കത്തിൽ കഴിഞ്ഞ്, രാത്രിയിലാണ് ഇവർ ശത്രുക്കൾക്കെതിരെ യുദ്ധത്തിന് ഇറങ്ങിയിരുന്നത്. വഴിയിലുടനീളം അമേരിക്കൻ സൈന്യത്തെ കെണിയിൽപ്പെടുത്താനുള്ള പലവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഗൈഡ് 'ബോർ ' (Baor) നിർബന്ധിച്ചതുകൊണ്ട് ഞങ്ങൾ മുട്ടിലിഴഞ്ഞ് തുരങ്കത്തിന്റെ മുകൾത്തട്ടിൽ ഇറങ്ങി. ഇപ്പോൾ സന്ദർശകർക്കായി കവാടങ്ങൾ അൽപം വലുതാക്കുകയും വെളിച്ചം ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്, എനിക്ക് ക്ലാസ്ട്രോഫോബിയ (Claustrophobia) ഉള്ളതിനാൽ ഞാൻ പെട്ടെന്ന് തന്നെ പുറത്തിറങ്ങി. യുദ്ധകാലത്ത് വിയറ്റ്കോങ്ങുകളുടെ പ്രധാന ഭക്ഷണം വേവിച്ച മരച്ചീനിയും, നിലക്കടല പൊടിച്ചതും ഉപ്പും ചേർത്ത മിശ്രിതവുമായിരുന്നു. അന്നത്തെ ആഹാരരീതി പരിചയപ്പെടുത്തുന്നതിനായി ഇന്നും സന്ദർശകർക്ക് ഇത് രുചിച്ചു നോക്കാൻ നൽകാറുണ്ട്.
കു ചി തുരങ്കങ്ങളിലെ കാഴ്ചകൾക്ക് ശേഷം ഞങ്ങൾ നേരെ പോയത് മെക്കോങ് ഡെൽറ്റയിലേക്കാണ്. കണ്ടപ്പോൾ നമ്മുടെ സ്വന്തം കുട്ടനാടിന്റെ മറ്റൊരു പതിപ്പ് പോലെയാണ് തോന്നിയത്! വഞ്ചി തുഴഞ്ഞ് കായൽ ഭംഗി ആസ്വദിച്ച് മനോഹരവും വൃത്തിയുള്ളതുമായ രണ്ട് ഗ്രാമങ്ങളിലേക്ക് ഞങ്ങൾ യാത്ര തിരിച്ചു.
അവിടെയുള്ള ഒരു ഗ്രാമത്തിൽ തേങ്ങ കൊണ്ടുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ നിർമാണം കാണാൻ കഴിഞ്ഞു. തേങ്ങ പൊളിക്കുന്നതും, ഉടയ്ക്കുന്നതും, വെളിച്ചെണ്ണ ആട്ടുന്നതും, നാളികേരം കൊണ്ട് പലതരം മിഠായികൾ ഉണ്ടാക്കുന്നതുമെല്ലാം പുഞ്ചിരിയോടെ അവർ വിവരിച്ചു തന്നു. നമ്മൾ കേരളത്തിൽ നിന്നുള്ളവരാണെന്നും ഇതൊക്കെ നമുക്ക് പുത്തരിയല്ലെന്നും പാവം വിയറ്റ്നാമികൾക്ക് അറിയില്ലല്ലോ!
ടൂറിസ്റ്റുകളോട് വളരെ സ്നേഹത്തോടും സൗഹാർദത്തോടും കൂടിയാണ് വിയറ്റ്നാം ജനത പെരുമാറുന്നത്. ആ ഗ്രാമീണരുടെ സ്നേഹവും കായൽക്കാഴ്ചകളും മനസ്സ് നിറക്കുന്ന അനുഭവം തന്നെയാണ്. ഹോചിമിൻ സിറ്റിയുടെ റോഡും പരിസരവുമെല്ലാം വലിയ തിരക്കുള്ളതാണെങ്കിലും വൃത്തിയോടെയും ശൂചീകരിച്ചും പരിപാലിക്കുന്നുണ്ട്. വിയറ്റ്നാമികൾ കൂടുതലും ഇരുചക്ര വാഹനങ്ങളാണ് ഉപയോഗിക്കുന്നത്, പച്ച സിഗ്നൽ കത്തുമ്പോൾ കൂട്ടത്തോടെ ഇരുചക്ര വാഹനങ്ങൾ വരുന്നത് കാണാൻ തന്നെ കൗതുകമാണ്, നല്ല അധ്വാനശീലരാണ് വിയറ്റ്നാമികൾ, എൺപതു കഴിഞ്ഞ അമ്മൂമമാരെ വരെ റോഡരികിൽ കച്ചവടം ചെയ്യുന്നത് കാണാം.
അടുത്ത ദിവസം ഇൻഡിപെൻഡൻസ് കൊട്ടാരം (റീ യൂണിഫിക്കേഷൻ പാലസ്) കാണാനാണ് യാത്ര തിരിച്ചത്. താഴെ അണ്ടർ ഗ്രൗണ്ട് ബങ്കറും ഒന്നും രണ്ടും നിലകളിലായി പ്രസിഡന്റിന്റെ ഓഫിസ് റൂം, കോൺഫ്രൻസ് ഹാൾ, കാബിനറ്റ് റൂം, വാർ റൂം, കമ്മ്യൂണിക്കേഷൻ സെന്റർ, തീയറ്റർ എല്ലാം സന്ദർശിച്ച് മൂന്നാമത്തെ നിലയിൽ എത്തി. അവിടെ ടെറസ്സിൽ ഹെലി പാഡും ഒരു ഹെലി കോപ്റ്ററും പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. ടെറസിൽ നിന്ന് പുറത്തേക്ക് നോക്കി, പെട്ടെന്ന് ചുറ്റുമുള്ള വായുവിന് യുദ്ധത്തിന്റെ കനൽ ചൂടേൽക്കുന്നു, വർഷങ്ങൾ പിന്നോട്ട് മറിഞ്ഞ്, കലണ്ടർ താളുകൾ വായുവിൽ ഉലഞ്ഞ് 1975 ഏപ്രിൽ 30 എന്ന ചരിത്ര ദിനത്തിൽ വന്ന് നിലച്ചു...
ദൂരെ ആകാശം പുകപടലങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു, പെട്ടെന്നാണ് വിയറ്റ്നാമിന്റെ സ്വപ്നങ്ങളെയും പേറി ആ കാഴ്ച മുന്നിലേക്ക് ഇരച്ചുകയറിയത്, ചരിത്രത്തിന്റെ ഗതിമാറ്റിയ, സോവിയറ്റ് നിർമിത 843 നമ്പർ രേഖപ്പെടുത്തിയ T 54B യുദ്ധ ടാങ്ക് ഒരു വന്യമൃഗത്തെപ്പോലെ ഗർജിച്ചു കൊണ്ട് കൊട്ടാരത്തിന്റെ ഇരുമ്പു കവാടത്തിലേക്ക് പാഞ്ഞെടുത്തു. ഒരു വലിയ ഭൂകമ്പം പോലെ, തങ്ങളെ ഇത്രയും കാലം തളച്ചിട്ട അടിമത്തത്തിന്റെ പ്രതീകമായ ആ ഇരുമ്പു ഗേറ്റ് ടാങ്കിന്റെ കരുത്തിനു മുന്നിൽ തകർന്നടിയുകയാണ്, ടാങ്കിനു മുകളിലും വശങ്ങളിലുമായി വിയറ്റ്നാമിന്റെ ധീരരായ പടയാളികൾ, അവരുടെ മുഖത്ത് തളർച്ചയുണ്ടായിരുന്നില്ല, പകരം പതിറ്റാണ്ടുകളുടെ പോരാട്ടത്തിനൊടുവിൽ സ്വന്തമാക്കിയ സ്വതന്ത്രത്തിന്റെ തിളക്കമുണ്ടായിരുന്നു, ആ ടാങ്കിന്റെ ഓരോ ചക്രങ്ങൾക്കും വിയറ്റ്നാം മണ്ണിലെ രക്തസാക്ഷികളുടെ കഥ പറയാനുണ്ടായിരുന്നു...
കൂട്ടത്തിലൂള്ള ആറടി പൊക്കകാരനായ ഷിബുവിന്റെ ബലിഷ്ടമായ കരങ്ങൾ ചുമലിൽ പതിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. തിരക്കേറിയ ഹോ ചി മിൻ നഗരത്തോട് വിടപറഞ്ഞ് ഞങ്ങൾ വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിലെക്ക് വിമാനം കയറി. പകലിനേക്കാൾ രാത്രി സജീവമാകുന്ന ഒരു പഴയ തെരുവിലായിരുന്നു ഞങ്ങളുടെ താമസം. രുചിവൈവിധ്യങ്ങൾക്കും പ്രകൃതിഭംഗിക്കും പേരുകേട്ട ഹാനോയ് കനത്ത മഴയോടെയാണ് ഞങ്ങളെ വരവേറ്റത്. ഹോ ചി മിനിൽ നിന്ന് കഴിക്കാൻ സാധിക്കാതിരുന്ന വിയറ്റ്നാമീസ് തനത് വിഭവങ്ങളായ 'ഫോ അയാം' (Pho Ga), 'ബൺ മീ' (Banh Mi), സാൾട്ട് കോഫി, എഗ്ഗ് കോഫി എന്നിവ ഞങ്ങൾ ഇവിടെനിന്നാണ് രുചിച്ചറിഞ്ഞത്.
അടുത്തദിവസം, ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ഹാ ലോങ് ബേ (Ha Long Bay) കാണാനായി ഞങ്ങൾ പുറപ്പെട്ടു. മൂന്ന് മണിക്കൂറോളം ബസ്സിലും സ്പീഡ് ബോട്ടിലുമായി യാത്ര ചെയ്ത്,വടക്കുകിഴക്കൻ വിയറ്റ്നാമിലെ മരതക ജലാശയത്തിനും ചുണ്ണാമ്പുകല്ല് മലകൾക്കും അരികിൽ ഞങ്ങളെത്തി. അവിടെയുള്ളതിൽ ഏറ്റവും വലുതും പ്രശസ്തവുമായ 'സർപ്രൈസ് ഗുഹ' (Surprise Cave) ആയിരുന്നു പ്രധാന ആകർഷണം. പേര് പോലെ തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു പതിനായിരത്തിലധികം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള, പല അറകളുള്ള ആ ഗുഹ. ഒന്നര മണിക്കൂറിലധികം നടന്ന് ഞങ്ങൾ കണ്ട് തീർത്ത കാഴ്ചകൾ കാമറക്കണ്ണുകൾക്ക് ഒപ്പിയെടുക്കാൻ കഴിയാത്തത്ര അവർണ്ണനീയമാണ്. അത് നഗ്നനേത്രങ്ങൾ കൊണ്ട് കണ്ട് ആസ്വദിക്കേണ്ട ഒന്നാണ്.
ഹാനോയിയിലെ വിയറ്റ്നാം രാഷ്ട്രപിതാവിന്റെ ഭൗതികശരീരം എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ഹോ ചി മിൻ മൗസോളിയം കോംപ്ലക്സും സമീപത്തെ മ്യൂസിയവും സന്ദർശിച്ച് അദ്ദേഹത്തിന്റെ ചരിത്രസ്മരണകൾ പുതുക്കി. തുടർന്ന്, ഫ്രഞ്ച് കൊളോണിയൽ കാലത്തെ ക്രൂരതകൾ നിറഞ്ഞ 'മയ്സൺ സെൻഡ്രേലെ' (Maison Centrale) ജയിലിലേക്ക്. അവിടെയുള്ള ഹൃദയഭേദകമായ കാഴ്ചകൾക്കിടയിൽ വിയറ്റ്നാം -അമേരിക്കൻ യുദ്ധകാലത്ത് വെടിവെച്ചിടപ്പെട്ട എയർക്രാഫ്റ്റിലെ അമേരിക്കൻ പൈലറ്റ് റോബർട്ട് ജി. സെർട്ടൈൻ 2023-ൽ ഈ ജയിൽ വീണ്ടും സന്ദർശിച്ചപ്പോൾ, അദ്ദേഹത്തിന്റെ എയർക്രാഫ്റ്റ് വെടിവെച്ചിട്ട സമയത്തുള്ള പഴയ ഫോട്ടോയിൽ വിരൽ ചൂണ്ടി എടുത്ത ചിത്രം ശ്രദ്ധയിൽപ്പെട്ടു.
"യുദ്ധത്തിൽ ഞങ്ങൾ ഞങ്ങളുടെ ചുമതലകൾ നിർവ്വഹിച്ചു; എന്നാൽ എന്നെ വെടിവെച്ചിട്ടപ്പോൾ അവർ എന്നോട് മാന്യമായി പെരുമാറുകയും പ്രതീക്ഷിച്ചതിലും മികച്ച ചികിത്സ നൽകുകയും ചെയ്തു" - അദ്ദേഹത്തിന്റെ വാക്കുകൾ അവിടെ കുറിച്ചിട്ടുണ്ടായിരുന്നു. മനസ്സിൽ തട്ടുന്ന വിയറ്റ്നാം കാഴ്ചകളുടെ ബാക്കിപത്രങ്ങൾ അടുത്ത യാത്രക്കായി മാറ്റിവെച്ച് ഞങ്ങൾ തിരിച്ചു...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.