ദോഹയിലെത്തിയ ഫലസ്തീൻ വനിതയെ സ്വീകരിക്കുന്ന മന്ത്രി
ലുൽവ ബിൻത് റാഷിദ് അൽ ഖാതി
ദോഹ: 115 ദിവസത്തിലേറെ പിന്നിട്ട ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികളുടെ 12ാമത്തെ സംഘം ദോഹയിലെത്തി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് യുദ്ധത്തിൽ പരിക്കേറ്റവരെ ഖത്തറിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നത്. 1500 ഫലസ്തീനികൾക്ക് ദോഹയിൽ ചികിത്സ നൽകുമെന്നായിരുന്നു അമീറിന്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസമാണ് പരിക്കേറ്റവരുടെ പന്ത്രണ്ടാമത്തെ സംഘം ദോഹയിലെത്തിയത്.
സ്ത്രീകളും കുട്ടികളും, മുതിർന്നവരും ഉൾപ്പെടെ നിരവധി പേരെയാണ് ഇതിനകം ഖത്തർ സായുധസേനാ വിമാനത്തിൽ വിവിധ ഘട്ടങ്ങളിലായി എത്തിച്ച് ചികിത്സ നൽകുന്നത്. പ്രമുഖ മാധ്യമ പ്രവർത്തകൻ വാഇൽ അൽ ദഹ്ദൂഹ് ഉൾപ്പെടെയുള്ളവരും ഇതുവഴിയെത്തിയിരുന്നു. പരിക്കേറ്റവരെ വിമാനങ്ങൾ വഴി സുരക്ഷിത യാത്രയൊരുക്കുക എന്നത് വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും, ഗസ്സ അതിർത്തി കടത്താനും വിമാന യാത്ര സാധ്യമാക്കാനുമെല്ലാം ഫലസ്തീൻ റെഡ് ക്രസന്റ്, ആരോഗ്യമന്ത്രാലയം, ഈജിപ്ഷ്യൻ റെഡ് ക്രസന്റ് സൊസൈറ്റി, ഖത്തർ ആരോഗ്യ മന്ത്രാലയം, ഖത്തർ റെഡ് ക്രസന്റ്, വിദേശകാര്യ മന്ത്രാലയം, ഖത്തർ സായുധ സേന എന്നിവരുടെ സഹകരണത്തിന് വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ നന്ദി അറിയിച്ചു.
പരിക്കേറ്റവരുമായി ഗസ്സക്ക് പുറത്തേക്കുള്ള യാത്ര സങ്കീർണമായിരുന്നുവെന്നും ഇത് എളുപ്പമാക്കാൻ ഈജിപ്ഷ്യൻ സർക്കാറിന്റെ പിന്തുണകൾ സഹായിച്ചുവെന്നും അവർ പറഞ്ഞു.
ആരോഗ്യ, ജീവിത സംവിധാനങ്ങൾ തകർന്ന ഗസ്സയിലെ ജനങ്ങൾക്ക് ചികിത്സയും സഹായവും ഒരുക്കുന്നതിൽ ഇറ്റാലിയൻ, ഫ്രഞ്ച് പങ്കാളികളുടെ പങ്കിനെയും മന്ത്രി ചൂണ്ടികാട്ടി. ഈജിപ്തിലെ അൽ അരിഷ് തുറമുഖത്ത് ഇരു രാജ്യങ്ങളും സജ്ജമാക്കിയ േഫ്ലാട്ടിങ് ആശുപത്രികളും നിർണായക പങ്കു വഹിച്ചെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.