മുൻ ആഴ്സനൽ കോച്ച് ആഴ്സൻ വെങ്ങറിനൊപ്പം ഡി. രവികുമാർ
ദോഹ: ദോഹയുടെ നഗരത്തിരക്ക് ഒഴിഞ്ഞ മൻസൂറയിലെ ഇബ്നു സീന സ്ട്രീറ്റിലെ വീട്ടിലെത്തുമ്പോൾ ഒരു മടക്കയാത്രയുടെ തിരക്കാണ് അവിടെ. എല്ലാം അടുക്കിവെച്ച്, വീട് പതിയെ കാലിയാവുന്നു. വീട്ടുസാധനങ്ങളും, സ്മരണികകളും, അവശ്യവസ്തുക്കളും ഉൾപ്പെടെ ഖത്തർ പ്രവാസത്തിന്റെ ഓർമകളിലേറെയും ബംഗളൂരുവിലെ വീട്ടിലേക്ക് നേരത്തേ മാറ്റിത്തുടങ്ങിയതായി ഗൃഹനാഥൻ ഡി. രവികുമാർ.
ലോകകപ്പ് ഫുട്ബാളും ഏഷ്യൻ ഗെയിംസും ഉൾപ്പെടെ ഖത്തറിന്റെ കായിക കുതിപ്പുകൾക്കൊപ്പം ഓടിയ കായിക മാധ്യമ പ്രവർത്തകനെന്ന് കാലം അടയാളപ്പെടുത്തിയ ഇദ്ദേഹത്തിന്റെ ഓർമകൾ ഒരു പെട്ടിയിലും ഒതുങ്ങുന്നതല്ല. ഖത്തറിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ദ പെനിൻസുലയുടെ ആരംഭകാലത്ത് സ്പോർട്സ് എഡിറ്ററായി ചുമതലയേൽക്കാൻ ഇന്ത്യയിൽനിന്ന് വിമാനം കയറി ആരംഭിച്ചതാണ് തിരുവല്ല ഇരവിപേരൂർ സ്വദേശിയായ ഡി. രവികുമാറിന്റെ പ്രവാസ മാധ്യമ പ്രവർത്തനം. എന്നാൽ, പിന്നീടത് ഒരു ചരിത്ര നിയോഗമായി മാറി.
മുൻ അർജന്റീന താരം ഹെർനൻ ക്രെസ്പോക്കൊപ്പം
ലോകകപ്പ് ഫുട്ബാളിലേക്ക് ഖത്തർ ഒരുങ്ങുമ്പോൾ ലോകത്തിന് മുന്നിൽ ഈ നാടിന്റെ കായിക വിശേഷങ്ങൾ അച്ചുകളായി നിരത്താൻ നിയോഗിക്കപ്പെട്ട ദോഹ സ്റ്റേഡിയം പ്ലസ് എന്ന സ്പോർട്സ് വാരികയുടെയും, ലോകകപ്പ് പ്രാദേശിക സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിക്കു കീഴിലെ ഇൻസൈഡ് ഖത്തറിന്റെയും അമരക്കാരനായിരുന്നു സൗഹൃദവലയങ്ങളിലെ പ്രിയങ്കരനായ രവിയേട്ടൻ.
ഖത്തർ ലോകകപ്പും കഴിഞ്ഞ് ഏതാനും വർഷം കൂടി അദ്ദേഹം സുപ്രീം കമ്മിറ്റിയുടെ ഭാഗമായി തുടർന്നു. ലോകകപ്പിനു പിന്നാലെ ഈ രാജ്യം വീണ്ടും വലിയ കായികമേളകളെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ, പ്രവാസത്തിന് അവധി നൽകി വിശ്രമ ജീവിതത്തിനായി മടങ്ങുകയാണ് ഇദ്ദേഹം. ഇനി ബംഗളൂരുവിലെ വീട്ടിലെത്തി നാട്ടിലെ കളിയിലും കായിക വർത്തമാനത്തിലും സജീവമാകണം. ജനീവയിലും സിഡ്നിയിലുമുള്ള മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കണം -30 വർഷം പിന്നിട്ട ഖത്തർ പ്രവാസത്തോട് നന്ദി പറഞ്ഞിറങ്ങുമ്പോൾ അദ്ദേഹം പറയുന്നു.
പത്തനംതിട്ടയിലെ തിരുവല്ലയിൽ ജനിച്ച് ചങ്ങനാശ്ശേരിയിലും പന്തളത്തുമായി ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ശേഷം ബംഗളൂരുവിലെത്തിയാണ് പത്രപ്രവർത്തന ജീവിതത്തിന് തുടക്കമിടുന്നത്. മാക്മില്ലൻ ബുക്സിൽ കോപ്പി എഡിറ്ററായി ജോലി തുടങ്ങിയ കൗമാരക്കാലം. അധികം വൈകാതെ ഇന്ത്യൻ എക്സ്പ്രസിൽ ട്രെയ്നി ജേണലിസ്റ്റായി. സ്പോർട്സ് ഇഷ്ടമേഖലയായതോടെ കായിക മാധ്യമപ്രവർത്തനം തന്നെയായി സ്പെഷലൈസേഷൻ. ബംഗളൂരുവിലെ ക്ലബ് ഫുട്ബാളും ദേശീയ ടീം മത്സരങ്ങളും കേരളത്തിലെ ഫുട്ബാൾ ടൂർണമെന്റുകളും പിന്തുടർന്ന് തുടങ്ങിയ കായിക മാധ്യമ പ്രവർത്തനത്തിനൊടുവിൽ 1984ൽ ഡെക്കാൻ ഹെറാൾഡിലേക്ക് കൂടുമാറ്റം. സ്പോർട്സ് എഡിറ്റർ ചുമതലയിലിരിക്കെ അവസരങ്ങൾ ഏറെയെത്തി.
1990 ബെയ്ജിങ് ഏഷ്യൻ ഗെയിംസ്, 1992 ബാഴ്സലോണ ഒളിമ്പിക്സ്, 1994 അമേരിക്ക ഫിഫ ലോകകപ്പ് ഫുട്ബാൾ തുടങ്ങിയ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിലൂടെ മികച്ച കായിക മാധ്യമ പ്രവർത്തകനെന്ന മേൽവിലാസവും കുറിച്ചു. പെലെ, മറഡോണ, ഒളിമ്പിക്സ് ഇതിഹാസങ്ങൾ ഉൾപ്പെടെ ലോകതാരങ്ങളെ കണ്ടതും മത്സരങ്ങൾ റിപ്പോർട്ട് ചെയ്തതും അപൂർവ ഓർമകളായിരുന്നു. ഇതിനിടെയാണ് ഖത്തറിൽ പെനിൻസുല പത്രം ആരംഭിക്കുന്നത് സംബന്ധിച്ച് സുഹൃത്ത് വഴി അറിയുന്നത്. അന്താരാഷ്ട്ര മത്സരങ്ങളുടെ അനുഭവവുള്ള രവികുമാറിനെ പത്രത്തിന്റെ അണിയറ ശിൽപികൾക്കും ബോധിച്ചു. ഇന്ത്യയിൽ നടന്ന അഭിമുഖത്തിനൊടുവിൽ സ്പോർട്സ് എഡിറ്ററായി 1995 ഡിസംബറിൽ നിയമനമായി.
ഖത്തർ വലിയ കായിക സ്വപ്നങ്ങളിലേക്ക് യാത്ര തുടങ്ങുന്ന കാലമായിരുന്നു അതെന്ന് രവി കുമാർ ഓർക്കുന്നു. ഓപൺ ടെന്നിസ് ഉൾപ്പെടെ കായിക മേളകളിൽ വമ്പൻ താരങ്ങളുടെ മത്സരങ്ങൾ റിപ്പോർട്ട് ചെയ്തു. പത്തുവർഷത്തോളം പെനിൻസുലയിൽ വിവിധ ചുമതലകൾ വഹിച്ചതിനു പിന്നാലെയാണ് 2006 തുടക്കത്തിൽ ദോഹ സ്റ്റേഡിയം പ്ലസ് മാനേജിങ് എഡിറ്ററായി ചുമതലയേൽക്കുന്നത്. ഏഷ്യൻ ഗെയിംസിനുള്ള ഖത്തറിന്റെ തയാറെടുപ്പിനിടെയായിരുന്നു രാജ്യത്തുനിന്ന് ഒരു ഇംഗ്ലീഷ് സ്പോർട്സ് വാരിക പ്രസിദ്ധീകരിക്കാൻ അധികൃതർ തീരുമാനിക്കുന്നത്. അതിന്റെ ചുമതലയിലേക്കായിരുന്നു രവികുമാറിന്റെ വരവ്.
ഖത്തറിലെയും ലോകത്തെയും കായിക വാർത്തകളുമായി സ്റ്റേഡിയം പ്ലസ് സജീവമായ പതിറ്റാണ്ടുകാലം. അധികം വൈകാതെ ലോകകപ്പ് വേദിക്കായി ഖത്തർ ശ്രമിച്ച് തുടങ്ങിയപ്പോൾ അന്താരാഷ്ട്ര തലത്തിൽ ഈ നാടിന്റെ ജിഹ്വയായി വാരിക മാറി. ലോകകപ്പിലേക്കുള്ള ഓരോ ചുവടുവെപ്പിലും രവിക്കും സംഘത്തിനും ജോലികൾ ഏറെയുണ്ടായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുടെ കുപ്രചാരണങ്ങൾക്ക് മറുപടി നൽകിയും, ഖത്തറിന് പറയാനുള്ളത് ഉറക്കെ പറഞ്ഞ് മാധ്യമപ്രവർത്തനം തുടർന്നു. 2010ൽ സൂറിചിൽ നടന്ന ലോകകപ്പ് വേദി പ്രഖ്യാപന ചടങ്ങിനുള്ള ഖത്തർ പ്രതിനിധി സംഘത്തിൽ രവികുമാറും ഇടം പിടിച്ചെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ പിൻവാങ്ങുകയായിരുന്നു.
ഒടുവിൽ 2017ലെ ഉപരോധ കാലത്ത് പ്രസിദ്ധീകരണം നിലക്കും വരെ ദോഹ സ്റ്റേഡിയം പ്ലസ് ഖത്തറിന്റെ കായിക ശബ്ദമായി തുടർന്നു. ശേഷമായിരുന്നു സുപ്രീം കമ്മിറ്റിക്കൊപ്പം ഇൻസൈഡ് ഖത്തർ എന്ന പേരിൽ ഓൺലൈൻ പ്രസിദ്ധീകരണത്തിന് തുടക്കം കുറിക്കുന്നത്. ലോകകപ്പ് സമാപിക്കും വരെ കളിയും വിശേഷങ്ങളുമായി ഇൻസൈഡ് ഖത്തർ സജീവമായപ്പോൾ അമരക്കാരനായി രവികുമാറുമുണ്ടായിരുന്നു. 30 വർഷം നീണ്ട പ്രവാസവും, 45 വർഷത്തോളം നീണ്ട മാധ്യമ പ്രവർത്തനവും അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ ഖത്തറിന്റെ കായിക ചരിത്രത്തിനൊപ്പം ഈ മലയാളിയുടെ പേരും കുറിച്ചുവെക്കപ്പെടുകയാണ്. ഖത്തർ എനർജിയിൽ നിന്ന് ബജറ്റ് കൺട്രോളറായി വിരമിക്കുന്ന ജയയാണ് ഭാര്യ. യുവേഫ വെന്യൂ മീഡിയ മാനേജറായി ജനീവയിൽ പ്രവർത്തിക്കുന്ന രോഹിത് രവികുമാറും, ആസ്ട്രേലിയയിലുള്ള രശ്മിയുമാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.