ദോഹ: 2023ലെ ഫിന ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് വേദി ദോഹക്ക് സ്വന്തമായി. കഴിഞ്ഞദിവസം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന രാജ്യാന്തര നീന്തല്‍ ഫെഡറേഷന്‍ (ഫിന) സമ്മേളനത്തിലാണ് ദോഹയെ ചാമ്പ്യന്‍ഷിപ് വേദിയായി ഒൗദ്യോഗികമായി തെരഞ്ഞെടുത്തത്. പശ്ചിമേഷ്യയില്‍ ഇതാദ്യമായാണ് ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 2014ലെ സമ്മര്‍ യൂത്ത് ഒളിമ്പിക്സിന് വേദിയായ ചൈനീസ് നഗരമായ നാന്‍ജിങ്ങും വേദിക്കായി മത്സരരംഗത്തുണ്ടായിരുന്നു. 2021ലെ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന് ജപ്പാനിലെ ഫുക്കുവോക്ക വേദിയാകും. ഫിന പ്രസിഡന്‍റ് ജൂലിയോ മഗ്ലിയോണാണ് ഇരുവേദികളും പ്രഖ്യാപിച്ചത്. ഖത്തറില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള പ്രതിനിധികള്‍ ആഹ്ളാദാരവങ്ങളോടെയാണ് പ്രഖ്യാപനത്തെ സ്വീകരിച്ചത്. മിഡില്‍ ഈസ്റ്റിലെ ആദ്യവേദിയായി ഖത്തര്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ ആഹ്ളാദമുണ്ടെന്നും നീന്തല്‍ വികസനത്തിന് ഇതു ഗുണം ചെയ്യുമെന്നും ഖത്തര്‍ ഒളിമ്പിക്സ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഡോ. താനി അബ്ദുറഹ്മാന്‍ അല്‍കുവാരി പറഞ്ഞു. ഖത്തറിന്‍െറ ദീര്‍ഘകാലമായുള്ള സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. അവിസ്മരണീയമായൊരു ചാമ്പ്യന്‍ഷിപ്പായിരിക്കും കായിക ലോകത്തിന് ഖത്തര്‍ സമ്മാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദോഹയില്‍ നടക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഏപ്രില്‍, ആഗസ്റ്റ്, നവംബര്‍ ഉള്‍പ്പടെ ഏതു മാസവും നടത്താന്‍ തയാറാണെന്ന് ഖത്തരി പ്രതിനിധി സംഘം അറിയിച്ചു.
2014ലെ ഫിന ഹ്രസ്വ മത്സരത്തിന് ദോഹ വേദിയായിട്ടുണ്ട്. രണ്ടു വര്‍ഷം കൂടുമ്പോഴാണ് ഫിന നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 2021ലെ ചാമ്പ്യന്‍ഷിപ് വേദി ജപ്പാനിലെ ഫുക്കുവോക്കയ്ക്ക് അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് ജപ്പാന്‍ പ്രതിനിധികള്‍ അറിയിച്ചു. 2001ലും ലോക ചാമ്പ്യന്‍ഷിപ്പിന് വേദിയായ ഫുക്കുവോക്ക 20 വര്‍ഷത്തിനിടെ രണ്ടാംതവണയാണ് വീണ്ടും വേദിയാകുന്നത്.
ഹംഗറിയിലെ ബുഡാപെസ്റ്റായിരുന്നു 2021ലെ ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ നേരത്തെ പ്രഖ്യാപിച്ച വേദി. എന്നാല്‍ 2017ലെ വേദിയായ മെക്സിക്കന്‍ സിറ്റി ഗൗഡാലജാറ പിന്മാറിയതിനെ തുടര്‍ന്നു ബുഡാപെസ്റ്റിനെ 2017ലെ വേദിയാക്കി. സാമ്പത്തിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് മെക്സിക്കോ സിറ്റി ആതിഥേയത്വത്തില്‍നിന്നു പിന്‍മാറിയത്. അവസാന നിമിഷം പിന്‍മാറിയതിനത്തെുടര്‍ന്ന് മെക്സിക്കോ സിറ്റി നീന്തല്‍ ഫെഡറേഷനെ രാജ്യാന്തര ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. റിയോ ഒളിമ്പിക്സില്‍ മെക്സിക്കന്‍ നീന്തല്‍ താരങ്ങള്‍ക്ക് പങ്കെടുക്കാമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ദക്ഷിണ കൊറിയയിലെ ഗാഞ്ചുവാണ് 2019ലെ വേദി. ഇതോടെ ബുഡാപെസ്റ്റിന് ശേഷം തുടര്‍ച്ചയായ മൂന്ന് ചാമ്പ്യന്‍ഷിപ്പിനും ഏഷ്യ തന്നെ വേദിയാകും. ഇതിനിടെ ഇത്തവണ ഒഴിവാക്കപ്പെട്ട ചൈനീസ് നഗരമായ നാന്‍ജിങ്ങിന് 2025ലെ വേദി നല്‍കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.