ഹമദ് വിമാനത്താവളത്തില്‍ ബൃഹദ് വികസന പദ്ധതികള്‍

ദോഹ: ഹമദ് അന്താരാഷ്ട്രവിമാനത്താവള വികസനത്തിനായി ബൃഹദ് പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നതായി വിമാനത്താവള പ്രോജക്ട് ഡയറക്ടര്‍ പീറ്റര്‍ ദലേയ് കഴിഞ്ഞ ദിവസം സമാപിച്ച ഖത്തര്‍ ട്രാന്‍സ്പോര്‍ട്ട് ഫോറത്തില്‍ വ്യക്തമാക്കി. ഉയര്‍ന്ന ക്ളാസിലെ യാത്രക്കാര്‍ക്കായി പുതിയ ആഗമന-നിര്‍ഗമന ഏരിയയും പ്രകൃതി വെളിച്ചം ലഭ്യമാക്കത്തക്ക സൗകര്യങ്ങളുള്‍ക്കൊള്ളുന്ന കേന്ദ്രവും എയര്‍പോര്‍ട്ടിനെ ദോഹ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതുമടക്കം എട്ട് ബില്യന്‍ ഡോളറിന്‍െറ  പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. 
45,000 ചതുരശ്ര മീറ്ററില്‍ യാത്രക്കാര്‍ക്കായി മ്യൂസിയം, സ്പാ, കുട്ടികളുടെ കളിസ്ഥലങ്ങള്‍, ലൈബ്രറി, ജിം, ഡൈനിങ് ലോഞ്ച്, പൂന്തോട്ടങ്ങള്‍ തുടങ്ങിയ പുതിയ സൗകര്യങ്ങളുമൊരുക്കും. 2020 ആകുമ്പോഴേക്കും വിമാനത്താവള വിസ്തൃതി ഇപ്പോഴുള്ളതിന്‍െറ ഇരട്ടിയാകും. ഒൗദ്യോഗികമായി ചെലവുകള്‍ പുറത്തുവിട്ടിട്ടില്ളെങ്കിലും പ്രമുഖ ഏജന്‍സിയായ മീദിന്‍െറ കണക്കുപ്രകാരം എട്ട് ബില്യന്‍ ഡോളറെങ്കിലും ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. 
ഇപ്പോള്‍ 30 ദശലക്ഷം യാത്രക്കാരാണ് വര്‍ഷന്തോറും ഹമദ് വിമാനത്താവളം ഉപയോഗിച്ചുവരുന്നത്. ലോകകപ്പിന് മുന്നോടിയായി ഇതില്‍ മാറ്റം വരണമെന്നും തിരക്കുള്ള ദിവസങ്ങളില്‍  86,000 യാത്രക്കാരെങ്കിലും വിമാനത്താവളം ഉപയോഗിച്ചുവരുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 
പദ്ധതികള്‍ക്ക് വിവിധ മന്ത്രാലയങ്ങളുടെയും ഉന്നത അധികാരങ്ങളുടെയും അംഗീകാരം ലഭിക്കേണ്ടതുണ്ട്. സ്റ്റീലിന്‍െറ ഉപയോഗം കുറച്ച് പരമാവധി പ്രകൃതിയോടിണങ്ങിയ നിര്‍മിതികള്‍ക്കാണ് അധികൃതര്‍ മുന്‍ഗണന നല്‍കുന്നത്. ലുസൈല്‍ സ്റ്റേഡിയത്തിന്‍െറ ശില്‍പികളായ ഫോസ്റ്റര്‍ ആന്‍റ് പാര്‍ട്ണേഴ്സ് ആണ് പ്രാഥമിക രൂപകല്‍പനകള്‍ തയാറാക്കിയിരിക്കുന്നത്. വിമാനത്താവളത്തിന്‍െറ വടക്കുഭാഗത്തേക്കുള്ള വികസന പദ്ധതികളുടെ കരാര്‍ നടപടികള്‍ വൈകാതെ നടന്നേക്കും.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.