ആഹാര ദുര്‍വ്യയം തടയാനുള്ള പഠനവുമായി അധ്യാപകര്‍

ദോഹ: രാജ്യത്ത് മുനിസിപ്പാലിറ്റിയുടെ മാലിന്യക്കൂനയിലേക്ക് പുറന്തള്ളുന്ന മാലിന്യങ്ങളില്‍ പകുതിയോളം ആഹാരസാധനങ്ങളാണെന്നത് നടുക്കുന്ന യാഥാര്‍ഥ്യമാണെന്ന് രാജ്യത്തെ ഗവേഷകരും സര്‍വകലാശാല അധ്യാപകരും. ആഹാരസാധനങ്ങളുടെ ദുര്‍വ്യയം കുറക്കാനായി ഓരോരുത്തരും ആഴ്ചതോറും പാഴാക്കിക്കളയുന്ന ഭക്ഷണസാധനങ്ങളുടെ കണക്കെടുക്കാന്‍ ആഹ്വാനം ചെയ്യുകയാണിവര്‍. ലഭ്യമായ കണക്കുകളനുസരിച്ച് ആഗോളത്തലത്തില്‍ ഭക്ഷണം പഴാക്കുന്നവരില്‍ വളരെ മുമ്പിലാണ് ഖത്തറിന്‍െറ സ്ഥാപനം. ആളോഹരി കണക്കില്‍ 1.8 കിലോഗ്രാം എന്ന തോതിലാണ് രാജ്യത്തെ ഒരു ദിവസത്തെ ഭക്ഷണത്തിന്‍െറ ദുര്‍വ്യയം. ഇതിന്‍െറ വ്യാപ്തി അളക്കാനായി മൂന്നുവര്‍ഷം നീളുന്ന പഠനത്തിലേര്‍പ്പെട്ടിരിക്കുകയാണ് ജോര്‍ജ്ടൗണ്‍ യൂനിവേഴ്സിറ്റി, സ്കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസസ് ഖത്തര്‍ (ജി.യു.ക്യു) എന്നീ സര്‍വകലാശാലകളിലെ അധ്യാപകര്‍.  
ഖത്തര്‍ ഫൗണ്ടേഷന്‍  ദേശീയ ഗവേഷണ ഫണ്ടിന്‍െറ ഗ്രാന്‍േറാടെയാണ് ഗവേഷണം നടത്തുന്നത്. രാജ്യത്ത് എത്രമാത്രം ഭക്ഷണം പാഴാക്കികളയുന്നുണ്ടെന്നും ഈ അവസ്ഥക്ക് കാരണമെന്താണെന്നുമാണ് ഇവര്‍ അന്വേഷിക്കുക. ‘ആഹാരസാധനങ്ങളുടെ സംരക്ഷണവും-ഖത്തര്‍ പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ നടക്കുന്ന പഠനത്തില്‍ ക്രാന്‍ഫീല്‍ഡ് യൂനിവേഴ്സിറ്റി, ബ്രൂണേല്‍ യൂനിവേഴ്സിറ്റി (യു.കെ), യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ സിഡ്നി എന്നിവയുടെ സഹകരണമുണ്ട്. സാമൂഹിക പ്രശ്നമെന്ന നിലക്ക് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഗവേഷകരുടെ വിവിധ സര്‍വേകളില്‍ പങ്കാളികളാകാവുന്നതാണ്്. ഓണ്‍ലൈന്‍ അടക്കം വിവിധ മാധ്യമങ്ങളിലൂടെ നടക്കുന്ന സര്‍വേകളില്‍ പങ്കാളികളാകാന്‍ ഇവര്‍ ഖത്തര്‍ നിവാസകളോടഭ്യര്‍ഥിച്ചു. സര്‍വേയുടെ  ഭാഗമായി  തങ്ങളുടെ വീടുകളിലെ ആഹാരസാധനങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്നതടക്കമുള്ള ചോദ്യാവലിക്ക് ഉത്തരം നല്‍കണം. പേര് വെളിപ്പെടുത്താത്തവര്‍ക്ക് അങ്ങനെയും സര്‍വേയില്‍ പങ്കെടുക്കാവുന്നതാണ്.
ജി.യു-ക്യുവിലെ അസി. പ്രൊഫസര്‍ ഡോ. സെയ്നബ് തൊപലോഗ്ളുവാണ് ഗവേഷണത്തിന് നേതൃത്വം കൊടുക്കുന്നത്. ഒമ്പത് പേരിലൊരാള്‍ വിശക്കുന്നവനാണെന്ന യഥാര്‍ഥ്യം നിലനില്‍ക്കേ ഖത്തറില്‍ പാഴാക്കുന്ന ഭക്ഷണത്തിന്‍െറ തോത് ആശ്ചര്യപ്പെടുത്തുന്നതും അസമത്വം സൃഷ്ടിക്കുന്നതുമാണെന്ന് അവര്‍ പറഞ്ഞു. സര്‍വേയില്‍ പങ്കെടുക്കുന്ന ഖത്തര്‍ നിവാസികള്‍  തങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണത്തിന്‍െറ അളവിനെക്കുറിച്ച് ബോധവാന്മാരായിരിക്കും. ഇവരെ ആഹാര ദുര്‍വ്യായം നിരുല്‍സാഹപ്പെടുത്താന്‍ സര്‍വേ ഉപകാരപ്പെടുമെന്നും അവര്‍ പറഞ്ഞു. സര്‍വേ ഫലം യു.എന്‍ പാരിസ്ഥിതിക പദ്ധതികള്‍ക്ക് കൈമാറും. ആഹാരസാധനങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും  ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും ഭക്ഷണത്തിന്‍െറ ദുര്‍വ്യയം തടയുന്നതിലൂടെ സാധിക്കുന്നു. പ്രതിവര്‍ഷം 150 ദശലക്ഷം ടണ്‍ ഭക്ഷ്യക്ഷവസ്തുക്കള്‍ മിഡില്‍ഈസ്റ്റില്‍ പാഴാക്കിക്കളയുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആളോഹരി ഭക്ഷണ ദുര്‍വ്യയത്തില്‍ ലോകത്തെ ആദ്യ പത്തുരാജ്യങ്ങളില്‍ ഖത്തര്‍, ബഹറൈന്‍, സൗദി, യു.എഇ. കുവൈത്ത് എന്നീ അംഗരാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. 
പഴാക്കുന്നതിലെ വര്‍ധനവ് 2032 ആകുമ്പോഴേക്കും 4.2 ശതമാനമായി വര്‍ധിക്കുമെന്ന് ഖത്തര്‍ ഡെവലപ്മെന്‍റ് ബാങ്ക് പറയുന്നു. ശൈഖ് ഈദ് ചാരിറ്റി അസോസിയേഷന്‍ തുടങ്ങിയ സംഘടനങ്ങള്‍ അധികംവരുന്ന ഭക്ഷണം ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പദ്ധതികള്‍ നിലവില്‍ ഖത്തറില്‍ നടത്തു
ന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.