എല്ലാ തൊഴിലാളികളും പുതിയ തൊഴില്‍ കരാര്‍ ഒപ്പിടണം

ദോഹ: വിദേശ തൊഴിലാളികളുടെ കുടിയേറ്റം സംബന്ധിച്ചുള്ള 2015ലെ 21ാം നമ്പര്‍ നിയമം പ്രാബല്യത്തിലാകുമ്പോള്‍ രാജ്യത്തെ എല്ലാ വിദേശി തൊഴിലാളികളും പുതിയ തൊഴില്‍ കരാറില്‍ ഒപ്പുവെക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം അടുത്ത വര്‍ഷം അവസാനം പ്രാബല്യത്തിലാകുമെന്നും പ്രമുഖ അഭിഭാഷകന്‍ യൂസുഫ് അല്‍ സമാനെ ഉദ്ധരിച്ച് ‘ദി പെനിന്‍സുല’ റിപ്പോര്‍ട്ട് ചെയ്തു. പുതിയ തൊഴില്‍ കരാറില്‍ ഒപ്പിടുന്ന തിയതി മുതലായിരിക്കും സ്പോണ്‍സര്‍ഷിപ്പ് നിയമത്തിലെ നിബന്ധനകള്‍ തൊഴിലാളികള്‍ക്ക് ബാധകമാവുക. നിലവിലുള്ള തൊഴില്‍ കരാറുകളെ കുറിച്ച് പുതിയ നിയമത്തില്‍ ഒന്നും പറയുന്നില്ല. അതുകൊണ്ടുതന്നെ പുതിയ തൊഴില്‍കരാറില്‍ ഒപ്പുവെക്കുന്ന തിയതി മുതലായിരിക്കും തൊഴിലാളിയുടെ തൊഴില്‍ദിനങ്ങള്‍ കണക്കാക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
പുതിയ നിയമം നടപ്പാക്കിക്കഴിഞ്ഞാല്‍  തുറന്ന കരാറിലാണ് ഏര്‍പ്പെടുന്നതെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷം വിദേശ തൊഴിലാളിക്ക് തൊഴില്‍ മാറാന്‍ അവസരമുണ്ടാവും. ഇതിന് സ്പോണ്‍സറുടെ അനുമതി വേണ്ട. പക്ഷെ തൊഴില്‍, ആഭ്യന്തരമന്ത്രാലയങ്ങളുടെ അനുമതി നിര്‍ബന്ധമാണ്. നിശ്ചിതകാലാവധിയുള്ള കരാറിലാണ് ഏര്‍പ്പെടുന്നതെങ്കില്‍ ആ കാലാവധി പൂര്‍ത്തിയായാല്‍ രണ്ടു മന്ത്രാലയങ്ങളുടെയും അനുമതിയോടെ തൊഴില്‍ മാറാം. ഇതിനും സ്പോണ്‍സറുടെ അനുമതി ആവശ്യമില്ല. രണ്ടു സാഹചര്യങ്ങളിലും തൊഴില്‍കരാറിലെ കാലാവധി പൂര്‍ത്തിയായാലുടന്‍ തൊഴിലാളിക്ക് തൊഴില്‍ മാറാം. അതുകൊണ്ടുതന്നെ പുതിയ നിയമം പ്രാബല്യത്തിലായാലുടന്‍ എല്ലാ തൊഴിലാളികളും പുതിയ കരാറില്‍ ഒപ്പുവെക്കണമെന്ന് അല്‍ സമാന്‍ വ്യക്തമാക്കി. കരാര്‍ കാലാവധിക്ക് ശേഷം തൊഴില്‍ മാറുന്നതിന് രണ്ടു മന്ത്രാലയങ്ങളുടെ അനുമതി നിഷ്കര്‍ഷിച്ചിരിക്കുന്നത് ഭരണപരമായ വിഷയമായി മാത്രം കണ്ടാല്‍ മതിയെന്നും അല്‍ സമാന്‍ കൂട്ടിച്ചേര്‍ത്തു. 
സാധാരണ നടപടിക്രമം മാത്രമാണത്. രജിസ്ട്രേഷന്‍ ആവശ്യത്തിന് വേണ്ടി  മാത്രമാണ് മന്ത്രാലയങ്ങളുടെ അനുമതി നിഷ്കര്‍ഷിച്ചിരിക്കുന്നത്. 
പുതിയ നിയമം നടപ്പാകുന്നതോടെ കരാര്‍ കാലാവധിക്ക് മുമ്പ് ജോലി മാറുന്നതിന് മാത്രമാണ് സ്പോണ്‍സറുടെ എന്‍.ഒ.സി ആവശ്യമായിവരിക. നിലവിലുള്ള നിയമത്തില്‍ നിന്ന് വ്യത്യസ്തമായി പുതിയ നിയമത്തില്‍  തൊഴിലുടമ പ്രവാസി തൊഴിലാളിയുടെ സ്പോണ്‍സറായിരിക്കില്ല, മറിച്ച് തൊഴിലുടമ മാത്രമായിരിക്കും. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം പൂര്‍ണമായും തൊഴില്‍കരാറിനെ ആശ്രയിച്ചായിരിക്കും. തൊഴിലുടമക്കും തൊഴിലാളികള്‍ക്കുമിടയില്‍ ഉണ്ടാക്കുന്ന കരാറില്‍ രണ്ട് പേര്‍ക്കും ആവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍, ഖത്തര്‍ തൊഴില്‍ നിയമമനുസരിച്ച് അടിസ്ഥാനപരമായി പാലിക്കേണ്ട നിയമങ്ങളില്‍ നിന്ന് കരാറിന് മാറി നില്‍ക്കാനാകില്ളെന്ന് അല്‍ സമാന്‍ വിശദീകരിച്ചു. കുറഞ്ഞ ശമ്പളം, ആനുകൂല്യങ്ങള്‍, തൊഴില്‍ നിയമമനുസരിച്ച് തൊഴിലാളികള്‍ക്ക് നല്‍കേണ്ട മറ്റ് അവകാശങ്ങള്‍ എന്നിവയെല്ലാം പാലിക്കാന്‍ തൊഴിലുടമ ബാധ്യസ്ഥരായിരിക്കും. 
പുതിയ നിയമം നടപ്പാക്കി തുടങ്ങിയാലും വിദേശ തൊഴിലാളി രാജ്യം വിടുന്നതിന് മുമ്പ് നേടിയിരിക്കേണ്ട അനുമതി (എക്സിറ്റ് പെര്‍മിറ്റ്) നല്‍കുന്നത് നിലവിലുള്ള രീതിയില്‍ തുടരുമെന്നാണ് അല്‍ സമാന്‍ സൂചിപ്പിക്കുന്നത്. തൊഴിലാളിക്ക് നിലവിലുള്ള രീതിയില്‍ തൊഴിലുടമയില്‍ നിന്ന് രാജ്യം വിടുന്നതിനുള്ള അനുമതി പത്രം വാങ്ങാം. എന്നാല്‍, അത് നിഷേധിക്കപ്പെടുകയാണെങ്കിലും താമിസിപ്പിക്കുകയാണെങ്കിലും തൊഴിലാളിക്ക് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ രൂപവല്‍കരിക്കുന്ന പരാതി പരിഹാര സമിതിയെ സമീപിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സമിതി അപേക്ഷ മൂന്ന് ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും. എന്നാല്‍, യാത്രാ അനുമതി പത്രം നിഷേധിക്കുന്നത് സംബന്ധിച്ചുള്ള വിശദീകരണം സമിതിക്ക് മുമ്പാകെ ബോധിപ്പിക്കാന്‍ തൊഴിലുടമക്ക് അവസരവുമുണ്ടായിരിക്കും. തൊഴിലാളികള്‍ വാര്‍ഷികാവധിക്കോ സ്ഥിരമായോ പോകുമ്പോള്‍ പത്രങ്ങളില്‍ ചിത്രം സഹിതം പരസ്യം നല്‍കുന്ന പ്രവണതയും പുതിയ നിയമത്തോടെ ഇല്ലാതാകുമെന്നും യൂസുഫ് അല്‍ സമാന്‍ പറയുന്നു. നിലവിലുള്ള നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ് ചില തൊഴിലുടമകള്‍ ഇത്തരത്തില്‍ ആവശ്യപ്പെടുന്നത്. 
പുതിയ നിയമം വരുമ്പോള്‍ അതിന്‍െറ ആവശ്യമുണ്ടാകില്ല. നിലവിലെ നിയമത്തില്‍  തൊഴിലാളിയുമായി ബന്ധപ്പെ പല കാര്യങ്ങള്‍ക്കും സ്പോണ്‍സര്‍ക്ക് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ പുതിയ നിയമത്തില്‍ തൊഴിലുടമക്ക് അത്തരം ഉത്തരവാദിത്തങ്ങളുണ്ടാവില്ല. തൊഴിലാളിയുടെ ബാങ്ക് വായ്പ ഉള്‍പ്പടെയുള്ള ബാധ്യതകളിലും മറ്റും തൊഴിലുടമക്ക് പുതിയ നിയമപ്രകാരം ഉത്തരവാദിത്വം ഉണ്ടാകില്ല. 
നിലവിലുള്ള നിയമം അനുസരിച്ച് വിദേശ തൊഴിലാളിക്ക് ഖത്തറില്‍ നിലവിലുള്ള ജോലി വിട്ട് പുതിയ ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ രണ്ട് വര്‍ഷത്തെ ഇടവേള ആവശ്യമായിരുന്നു. ജോലി ഉപേക്ഷിച്ച് പോയാലും ജോലിയില്‍ നിന്ന് നീക്കിയാലും ഈ വിലക്ക് നിലവിലുണ്ടായിരുന്നു. എന്നാല്‍, പുതിയ നിയമം വരുന്നതോടെ അത് ഇല്ലാതാകുമെന്ന് അല്‍ സമാന്‍ പറഞ്ഞു. പുതിയ നിയമം വരുന്നതോടെ വിദേശ തൊഴിലാളിക്ക് നിലവിലുള്ള ജോലി വിട്ട് മറ്റൊന്നില്‍ പ്രവേശിക്കുന്നത് എളുപ്പമാകും. 
പഴയ ജോലിയില്‍ നിന്ന് മാറി രാജ്യം വിട്ടാല്‍ ഉടന്‍ തന്നെ മറ്റൊരു ജോലിക്കായി തിരിച്ചത്തൊന്‍ തൊഴിലാളിക്ക് കഴിയുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, ആഭ്യന്തര മന്ത്രാലയം തൊഴിലാളിയുടെ തിരിച്ച് വരവ് അംഗീകരിക്കണം. അതിനായി പുതിയ തൊഴിലുടമയാണ് ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും അല്‍ സമാന്‍ കൂട്ടിച്ചേര്‍തതു. പുതിയ തൊഴില്‍ നിയമത്തിനെതിരെ പല കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശം ഉയരുന്നുണ്ട്. 
എന്നാല്‍, നിയമം നടപ്പാക്കി തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. 
അതുവരെ ക്ഷമിക്കുന്നതാണ് നല്ലതെന്നും അല്‍ സമാന്‍ അഭിപ്രായപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.