ഖത്തറില്‍ പുതിയ ജനസംഖ്യനയം അടുത്തവര്‍ഷം

ദോഹ: ഖത്തര്‍ വിഷന്‍  2030ന്‍െറ ഭാഗമായി അടുത്ത വര്‍ഷം നടപ്പാക്കുന്ന പുതിയ ജനസംഖ്യാ നയം കൂടുതല്‍ യുക്തിസഹവും സ്ഥിരതയാര്‍ന്നതുമായിരിക്കുമെന്ന് ആസൂത്രണ വികസന-സ്റ്റാറ്റിക്സ് വിഭാഗം മന്ത്രിയും സ്ഥിര ജനസംഖ്യാ സമിതിയുടെ (പി.പി.സി) അധ്യക്ഷനുമായ ഡോ. സാലിഹ് ബിന്‍ മുഹമ്മദ് സലീം അല്‍ നബിത് പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ അനുപാതം സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍, സ്ത്രീ-പുരുഷ അനുപാതത്തിലെ അന്തരം, കുടുംബങ്ങളുടെയും തനിച്ചുതാമസിക്കുന്നവരുടെയും അനുപാതത്തിലെ അന്തരം എന്നിവ രാജ്യത്തുണ്ടാക്കുന്ന ആഘാതങ്ങളും നിയന്ത്രിക്കുന്ന തരത്തിലുള്ളതായിരുന്നു പുതിയ നയം. ഉദാഹരണമായി 100 സ്ത്രീകള്‍ക്ക് 300 പുരുഷന്മാര്‍ എന്ന ആനുപാതം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്തും. എന്നാല്‍, തൊഴിലില്ലായ്മയുടെ ഏറ്റവും കുറഞ്ഞ തോതും തൊഴില്‍ വിപണിയുടെ ഉയര്‍ന്ന ലഭ്യതയും ജനസഖ്യ വര്‍ധനയുടെ പ്രത്യാഘാതങ്ങളെ കുറക്കുന്നതായി വിലയിരുത്തുന്നു. 2015ലെ ലഘുസെന്‍സസ് കണക്കുകളെ അവലംബിച്ച് തയാറാക്കിയ പുതിയ ജനസംഖ്യ നയം ഭാവിയിലെ വെല്ലുവിളികളെ നേരിടാനുതകുന്നതായിരിക്കുമെന്ന് ഖത്തര്‍ ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സ്ഥിര ജനസംഖ്യാ സമിതി (പി.പി.സി) ഫോര്‍സീസണ്‍ ഹോട്ടലില്‍ നടത്തിയ  വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ‘ജനസംഖ്യ നയത്തിന്‍െറ ആദ്യ ആറുവര്‍ഷങ്ങളുടെ അവലോകനം’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പരിപാടി. 
കഴിഞ്ഞ ലഘു സെന്‍സസ് ഫലങ്ങളുടെ പരിശോധനയില്‍ നിലവില്‍ പരിസ്ഥിതിയിലുള്ള  അസന്തുലിതാവസ്ഥ ഭാവിയിലും പ്രകടമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. 
യു.എന്‍ പോപുലേഷന്‍ ഫണ്ടിന്‍െറ (യു.എന്‍.എഫ്.പി.എ) മാര്‍ഗരേഖകളെ ആസ്പദമാക്കിയുള്ള ഖത്തര്‍ ജനസംഖ്യ നയങ്ങളുടെ വിലയിരുത്തല്‍ ഈ സമ്മേളനത്തോടെ പൂര്‍ത്തീകരിച്ചതായി അല്‍ നബിത് പറഞ്ഞു. ജനസംഖ്യ നയങ്ങളുടെ വിവിധ പരിപാടികളോട് സഹകരിക്കാന്‍ രാജ്യത്തെ വ്യവസായിക-ഊര്‍ജ മന്ത്രാലയം സന്നദ്ധരാണെന്നും ഊര്‍ജ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് അബ്ദുല്ല അല്‍ സാദ പറഞ്ഞു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.