ഫത്ഹുല്‍ ഖൈര്‍ പായക്കപ്പല്‍ മുംബൈ തീരമണഞ്ഞു

ദോഹ: ഖത്തറിന്‍െറ തനിമയും ഇന്ത്യയിലേക്കുള്ള വാണിജ്യ യാത്രകളുടെ പൈതൃകവും ആവാഹിച്ച പരമ്പരാഗത പായക്കപ്പല്‍ ഫത്ഹുല്‍ ഖൈര്‍-2 ഇന്ത്യന്‍ വ്യസായിക നഗരമായ മുംബൈ തീരത്തണഞ്ഞു. മുംബൈ തുറമുഖത്ത് നങ്കൂരമിട്ട പായക്കപ്പലിനെ സ്വീകരിക്കാന്‍ കതാറ കള്‍ച്ചറല്‍ വില്ളേജ് ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ടായിരുന്നു. മഹാരാഷ്ട്ര ഗവര്‍ണര്‍ സി.എച്ച്. വിദ്യാസാഗര്‍ റാവു, ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍ അഹ്മദ് ഇബ്രാഹിം അല്‍ അബ്ദുല്ല,  ഇന്ത്യയിലെ ഖത്തര്‍ കോണ്‍സുല്‍ ജനറല്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ദൂസരി എന്നിവരടക്കം നിരവധി പേരാണ് മുംബൈ തീരത്തത്തെിയിരുന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുമ്പിലായി എത്തിയ ഫത്ഹുല്‍ ഖൈര്‍ യാത്രാസംഘത്തിന്‍െറ വരവറിയിക്കുന്നതിനായി ഇന്ത്യന്‍ പാരമ്പര്യ സംഗീതപരിപാടി അരങ്ങേറി. ശേഷം മുംബൈ താജ് ഹോട്ടലിലും സ്വീകരണ പരിപാടികള്‍ അരങ്ങേറി. 
ചരിത്രശേഷിപ്പുകളുറങ്ങുന്ന ഇന്ത്യയിലത്തൊന്‍ കഴിഞ്ഞതില്‍ അതിയായ ആഹ്ളാദമുണ്ടെന്നും കതാറ അതിന്‍െറ ചരിത്രവഴിയില്‍ മറ്റൊരു നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നതെന്നും കതാറ സാംസ്കാരിക ഗ്രാമം ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി പറഞ്ഞു. 60 വര്‍ഷം മുമ്പ് തങ്ങളുടെ പൂര്‍വികര്‍ നടത്തിയ യാത്രകളുടെ സ്മരണ പുതുക്കുകയാണ്. 1958ല്‍ ശൈഖ് അലി ബിന്‍ അബ്ദുല്ല ബിന്‍ ജാസിം ആല്‍ഥാനിക്ക് ഇന്ത്യയില്‍ ലഭിച്ച ഊഷ്മള വരവേല്‍പ് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ്. തങ്ങളുടെ പൂര്‍വികര്‍ എത്രത്തോളം ത്യാഗങ്ങളും വെല്ലുവിളികളുമാണ് ഈ മാര്‍ഗത്തില്‍ അനുഭവിച്ചതെന്ന് പുതിയ തലമുറയെ അറിയിക്കുകയാണ് ഇതിന്‍െറ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക രാജ്യങ്ങളെയും അതിന്‍െറ സംസ്കാരങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ട് വരികയെന്നതാണ് കതാറ സാംസ്കാരിക ഗ്രാമത്തിന്‍െറ പ്രഥമ ലക്ഷ്യം. അത്തരത്തിലൊന്നാണ് ഫത്ഹുല്‍ ഖൈര്‍ രണ്ട് യാത്രയിലൂടെ സഫലമാക്കിയിരിക്കുന്നത്. ഇരുസംസ്കാരങ്ങളുടെ ഏകീകരണമാണ് നടന്നിരിക്കുന്നത്. ഇതിന്‍െറ വിജയത്തിന് കാരണക്കാരായ ഇന്ത്യന്‍ ഗവണ്‍മെന്‍റിന് ഹാര്‍ദവമായ നന്ദി അറിയിക്കുകയാണ്. ഈ ചരിത്രയാത്രയുടെ ഭാഗമായ ഓരോരുത്തര്‍ക്കും ഇന്ത്യയിലെ അംബാസഡര്‍, കോണ്‍സുല്‍ ജനറല്‍, ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ തുടങ്ങിയവര്‍ക്കും നന്ദി രേഖപ്പെടുത്തുകയാണ്. ഇന്ത്യയിലേക്കുള്ള യാത്രയിലുടനീളം അസാമാന്യ കരുത്തും ധീരതയുമാണ് ഫത്ഹുല്‍ ഖൈര്‍ രണ്ടിലെ നാവികര്‍ പ്രകടിപ്പിച്ചതെന്നും സുലൈത്തി ഓര്‍മിപ്പിച്ചു. 
ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നും ഫത്ഹുല്‍ ഖൈര്‍ 2 യാത്ര ഇതിനെ സാധൂകരിക്കുന്നതായും മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ വിദ്യാസാഗര്‍ റാവു പറഞ്ഞു. ഇന്ത്യയും ഖത്തറും തമ്മിലുള്ള മികച്ച ബന്ധത്തിന് ഉദാഹരണമാണ് യാത്രയെന്ന് ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍ അഹ്മദ് ഇബ്രാഹിം അല്‍ അബ്ദുല്ല വ്യക്തമാക്കി. തങ്ങളുടെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുക വഴി ഖത്തറിന്‍െറ വിഷന്‍ 2030ന് പൂര്‍ണപിന്തുണയേകുന്നതാണ് ഫത്ഹുല്‍ ഖൈര്‍ രണ്ടിന്‍െറ വിജയമെന്ന് കോണ്‍സുല്‍ ജനറല്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ദൂസരി വ്യക്തമാക്കി. വരുംതലമുറക്ക് ഇതില്‍ നിന്ന് പാഠങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
ഒമാനിലെ സൂര്‍ തുറമുഖത്ത് നിന്നും ഇന്ത്യയിലത്തൊന്‍ ഫത്ഹുല്‍ ഖൈറിന് ഏഴ് ദിവസം വേണ്ടിവന്നെന്ന് ഫത്ഹുല്‍ ഖൈറിന്‍െറ കപ്പിത്താന്‍ ഹസ്സന്‍ ഇസ്സ അല്‍ കഅ്ബി പറഞ്ഞു. ഈ മാസം അഞ്ചിന് പുറപ്പെട്ട ഫത്ഹുല്‍ ഖൈര്‍ ഇന്ത്യയിലേക്കുള്ള പാതയില്‍ ഒമാനിലെ സൂറിലും നങ്കൂരമിട്ടിരുന്നു. പുരാതന കാലം മുതല്‍ ഇന്ത്യയുമായുള്ള വാണിജ്യ സമുദ്രായന ബന്ധം പുനരാവിഷ്കരിച്ചാണ് യാത്ര ക്രമീകരിച്ചത്. ജി.സി.സി തീരങ്ങളിലേക്കുള്ള ഫത്ഹുല്‍ ഖൈറിന്‍െറ ഒന്നാം യാത്ര വലിയ മാധ്യമ ജനശ്രദ്ധയാണ് നേടിയിരുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.