ദോഹ: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ വിവിധ അറവുശാലകളിൽ കർശന പരിശോധന നടത്തി മുനിസിപ്പാലിറ്റി മന്ത്രാലയം. പെരുന്നാളിന്റെ മൂന്നാം ദിനമായ വെള്ളിയാഴ്ച വൈകീട്ടുവരെ രാജ്യത്തുടനീളമുള്ള 12 അറുവുശാലകളിലായി ആകെ 14,584 കന്നുകാലികളെയാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പരിശോധനക്ക് വിധേയമാക്കിയത്.
പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ മുനിസിപ്പാലിറ്റികൾക്ക് കീഴിൽ വിപുലമായ ക്രമീകരണങ്ങളാണ് മന്ത്രാലയം ഒരുക്കിയിരുന്നത്.
ബലിമൃഗങ്ങളുടെ മാംസം ആരോഗ്യപ്രശ്നങ്ങളില്ലാത്തതാണെന്ന് ഉറപ്പുവരുത്താൻ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ കൃത്യമായ പരിശോധനകൾ ഉറപ്പാക്കി. ഇതുമായി ബന്ധപ്പെട്ട പരാതികളോ വിവരങ്ങളോ അറിയിക്കാൻ മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറിലോ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചിരുന്നു.
ഏറ്റവും കൂടുതൽ കന്നുകാലികളെ പരിശോധിച്ചത് ഉമ്മു സലാൽ മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ മൂന്ന് അറവ്ശാലകളിലായി 8,224 കന്നുകാലികളെ പരിശോധിച്ചു. അൽ വക്റയിൽ ഒരു അറവുശാലയിൽ 4,038 പരിശോധനകൾ നടന്നു. അൽ റയ്യാൻ (1,093), അൽ ഖോർ -അൽ ദഖീര (550), അൽ ശഹാനിയ (523), അൽ ഷമാൽ (156) എന്നിങ്ങനെ മറ്റു മുനിസിപ്പാലിറ്റികളിലും പരിശോധനകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.