സോഹാർ ഫ്രീസോണിൽ 1.9 കോടി റിയാലിന്റെ സിങ്ക് വ്യവസായ പാർക്ക്; നിർമാണത്തിന് തുടക്കം

സോഹാർ: സോഹാർ പോർട്ട് ആൻഡ് ഫ്രീസോണിൽ 50 മില്യൺ യു.എസ് ഡോളർ (ഏകദേശം 19.2 മില്യൺ ഒമാനി റിയാൽ) ചെലവിൽ നിർമിക്കുന്ന അത്യാധുനിക ‘സിങ്ക് വ്യവസായ പാർക്കിന്റെ’ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഒമാൻ സിങ്ക് ഗ്രൂപ്പിന്റെ കീഴിലുള്ള ഒമാൻ സിങ്ക് എൽഎൽസി ആണ് ഈ വൻകിട് സിങ്ക് പുനരുപയോഗ-സംസ്കരണ കേന്ദ്രം വികസിപ്പിക്കുന്നത്. ഒമാന്റെ വ്യവസായ വൈവിധ്യവൽകരണ ലക്ഷ്യങ്ങൾക്ക് ഊർജം പകരുന്ന പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് ശൂറ കൗൺസിൽ അംഗം ഷെയ്ഖ് സൈഫ് ഖാലിദ് അൽ റിസിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.

സോഹാർ ഫ്രീസോണിലെ 1,00,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്താണ് ഈ പ്ലാന്റ് സ്ഥാപിക്കുന്നത്. സിങ്ക് അടങ്ങിയ അവശിഷ്ടങ്ങളുടെ പുനരുപയോഗം, ശുദ്ധീകരണം, ഉയർന്ന ഗുണനിലവാരമുള്ള ‘എസ്.എച്ച്.ജി സിങ്ക് ഇംഗോട്ടുകൾ, എസ്.എച്ച്.ജി സിങ്ക് ഓക്സൈഡ് എന്നിവയുടെ നിർമാണവും കയറ്റുമതിയും ഉൾപ്പെടുന്ന സംയോജിത പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുക. പ്ലാന്റ് പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിവർഷം 1,00,000 ടൺ ശുദ്ധീകരിച്ച സിങ്ക് ഇംഗോട്ടുകളും 50,000 ടൺ സിങ്ക് ഓക്സൈഡും ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജി.സി.സി രാജ്യങ്ങൾ, ഇന്ത്യ, പാകിസ്താൻ തുടങ്ങി നിരവധി അന്താരാഷ്ട്ര വിപണികളിലേക്കാണ് ഇവ കയറ്റുമതി ചെയ്യുക. രണ്ട് ഘട്ടങ്ങളായാണ് പദ്ധതി പൂർത്തിയാക്കുക. ഒന്നാം ഘട്ടത്തിൽ സിങ്ക് അവശിഷ്ടങ്ങളുടെ സംസ്കരണവും പരീക്ഷണാടിസ്ഥാനത്തിലുള്ള സിങ്ക് ഇംഗോട്ട് ഉൽപാദനവും ആരംഭിക്കും. രണ്ടാം ഘട്ടത്തിലാണ് പൂർണതോതിലുള്ള സിങ്ക് ഇംഗോട്ട് റിഫൈനറിയും സിങ്ക് ഓക്സൈഡ് ഉൽപാദന പ്ലാന്റും സ്ഥാപിച്ച് പ്രവർത്തനം വിപുലീകരിക്കുക.

അലുമിനിയം ഗാൽവനൈസിംഗ്, ബാറ്ററി നിർമാണം, പ്രത്യേക രാസവസ്തുക്കളുടെ നിർമാണം തുടങ്ങിയ അനുബന്ധ വ്യവസായങ്ങൾക്ക് ഈ പ്ലാന്റിലെ ഉൽപന്നങ്ങൾ വലിയ പിന്തുണയാകും. വ്യാവസായിക അവശിഷ്ടങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാവുന്ന ഉൽപന്നങ്ങളാക്കി മാറ്റുന്നതിലൂടെ പരിസ്ഥിതി സൗഹൃദപരമായ വ്യവസായ ശൈലിയും ഇത് പ്രോത്സാഹിപ്പിക്കുന്നു.

നേരിട്ടുള്ള ഉൽപാദനത്തിന് പുറമെ ലോജിസ്റ്റിക്സ്, മെയിന്റനൻസ്, സാങ്കേതിക സേവനങ്ങൾ എന്നിവയിലുടനീളം പ്രാദേശിക വിതരണക്കാർക്കും കമ്പനികൾക്കും പുതിയ തൊഴിൽ -ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാൻ ഈ പ്ലാന്റിന് സാധിക്കും. ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി വിദേശ നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാനും ആഗോള വ്യവസായ -ലോജിസ്റ്റിക് ഹബ്ബായി സോഹാറിനെ മാറ്റാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് സോഹാർ ഫ്രീസോൺ സി.ഇ.ഒ ഡോ. റായിദ് അൽ റുബൈയിയും ഒമാൻ സിങ്ക് ഗ്രൂപ്പ് ചെയർമാൻ ലിൻ ഫെങ്ങും വ്യക്തമാക്കി.

Tags:    
News Summary - Construction begins on 19-million-rial Zinc Industrial Park in Sohar Freezone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.