ആഗോള ഭൗമ മണിക്കൂർ മാർച്ച് 26ന്; ഒമാനിലും വിളക്കണയും

മസ്കത്ത്: 'നമ്മുടെ ഭാവിയെ രൂപപ്പെടുത്തുക' എന്ന മുദ്രാവാക്യവുമായി ഈ വർഷത്തെ ഭൗമ മണിക്കൂർ ആഗോള അടിസ്ഥാനത്തിൽ ശനിയാഴ്ച നടക്കും. ഇതിന്‍റെ ഭാഗമായി ശനിയാഴ്ച രാത്രി എട്ടര മുതൽ ഒമ്പതര വരെ വിളക്കുകൾ അണച്ച് ഒമാനിലും ഭൗമ മണിക്കൂർ ആചരിക്കും. ഒമാനിലെ എല്ലാവരും ഭൗമ മണിക്കൂറിന് പിന്തുണ നൽകണമെന്നും വിളക്കുകൾ അണച്ച് ഭൂമിയെ സംരക്ഷിക്കാനുള്ള എളിയ ശ്രമത്തിൽ പങ്കാളികളാകണമെന്നും ഒമാൻ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു. ഭൗമ മണിക്കൂർ എന്നത് ഒരു മണിക്കൂർ വിളക്കണക്കുകയെന്ന ആശയത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് സമിതി പ്രസിഡൻറ് സയ്യിദാ താനിയ അൽ സഈദ് പറഞ്ഞു.

പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള കൂട്ടായ ശ്രമത്തെയാണ് അത് ഓർമിപ്പിക്കുന്നത്. നിത്യജീവിതത്തിൽ പ്രകൃതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കണം. കഴിഞ്ഞ വർഷത്തെ ഭൗമ മണിക്കൂർ ആഘോഷം എല്ലാ റെക്കോഡുകളും തകർക്കുന്നതായിരുന്നു. കഴിഞ്ഞ മാർച്ച് 27ന് നടന്ന ഭൗമ മണിക്കൂർ ആചരണത്തിൽ 192 രാജ്യങ്ങളാണ് പങ്കെടുത്തത്. 42 രാജ്യങ്ങളിൽ ട്വിറ്ററിലും മറ്റും ഹാഷ്ടാഗ് ട്രെൻഡായിരുന്നു. ടിക് ടോക്കിൽ 1.2 ശതകോടി കാഴ്ചക്കാരാണുണ്ടായിരുന്നത്. പ്രകൃതിക്കും കാലാവസ്ഥ പ്രതിസന്ധിക്കുമെതിരെ ജനശ്രദ്ധ തിരിക്കാൻ ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി, പോപ് അടക്കം നിരവധി പ്രമുഖർ കഴിഞ്ഞ വർഷം പങ്കെടുത്തു.

കഴിഞ്ഞ വർഷം ഭൗമ മണിക്കൂറിന്റെ ഭാഗമായി പുറത്തിറക്കിയ വിഡിയോ 24 മണിക്കൂറിനുള്ളിൽ 2.4 ദശലക്ഷം പേരാണ് കണ്ടത്. ഭാവി തലമുറക്കായി ഭൂമിയെ കരുതിവെക്കാനുള്ള ഈ ശ്രമത്തിന് ലോകരജ്യങ്ങളിലെ ജനങ്ങൾ പങ്കാളികളായിരുന്നു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം പല രാജ്യങ്ങളും വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിച്ചിരുന്നു. പുകമലിനീകരണമില്ലാത്ത 2050 എന്ന കാമ്പയിനാണ് സിംഗപ്പൂർ നടത്തിയത്. ഫിലിപ്പീൻസിൽ നാലു മണിക്കൂർ ദൈർഘ്യമുള്ള ഫിലിം പ്രദർശനം നടത്തിയിരുന്നു. 2007ൽ സിഡ്നിയിലാണ് ആദ്യമായി ഭൂമിയെ ഭാവി തലമുറക്കായി കാത്തുവെക്കുക എന്ന മുദ്രാവാക്യവുമായി ഭൗമ മണിക്കൂർ ആചരിച്ചത്. പിന്നീട് പതിയെ ഇത് ലോക രാജ്യങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

Tags:    
News Summary - World Earth Hour on March 26; Lights will also be turned off in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.