മസ്കത്ത്: ഒമാൻ ആരോഗ്യ മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, ഖത്തർ കാൻസർ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ഒമാൻ കാൻസർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ലോക കാൻസർ സമ്മേളനം നവംബർ മൂന്നു മുതൽ ഒമാനിൽ നടക്കും.
നാല് ദിവസം നീളുന്ന സമ്മേളനത്തിന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ വേദിയാവും. കാൻസറിനെതിരെ ആഗോളതല പ്രവർത്തനങ്ങളെ ഏകീകരിക്കുക, ആരോഗ്യരംഗത്തെ നവീന കണ്ടെത്തലുകൾ പങ്കുവെക്കുക, കാൻസറിനെതിരായ പ്രതിരോധം ശക്തിപ്പെടുത്തുക, ശാസ്ത്രീയ ഗവേഷണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ആരോഗ്യരംഗത്തെ നവീകരണം, കാൻസർ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ, സാമൂഹിക ബോധവത്കരണം തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. കൂടാതെ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഡിജിറ്റൽ ഹെൽത്ത് സൊല്യൂഷനുകൾ എന്നിവയിലെ പുതിയ സാങ്കേതികവിദ്യകളുടെ പ്രദർശനവും ശിൽപശാലകളും നടക്കും.
‘കാൻസർ ബോധവത്കരണത്തിലും പ്രതിരോധത്തിലും നിയന്ത്രണത്തിലും അന്താരാഷ്ട്ര സഹകരണത്തെ ശക്തിപ്പെടുത്താനുള്ള ഒമാന്റെ പ്രതിബദ്ധത വെളിപ്പെടുത്തുന്നതാണ് ഈ സമ്മേളനമെന്ന് ആരോഗ്യമന്ത്രി ഡോ. ഹിലാൽ അലി അൽ സബ്തി ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ പരിചയസമ്പത്ത് പങ്കുവെച്ച് മികച്ച ചികിത്സാ രീതികളും ഗവേഷണ നയങ്ങളും രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ‘ഇത്തരം അന്താരാഷ്ട്ര സമ്മേളനങ്ങൾ സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പൊതുസമൂഹത്തിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതായും കാൻസർ പ്രതിരോധ ബോധവത്കരണത്തിനൊപ്പം രോഗികളുടെയും കുടുംബങ്ങളുടെയും മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിൽ പ്രധാനമാണെന്നും സാമൂഹിക വികസന മന്ത്രി ഡോ. ലൈല അഹമ്മദ് അൽ നജ്ജാർ പറഞ്ഞു.
‘ഓങ്കോളജി, ഡയഗ്നോസ്റ്റിക്സ്, പാലിയേറ്റീവ് കെയർ, കൃത്രിമ ബുദ്ധി, പ്രിസിഷൻ മെഡിസിൻ തുടങ്ങിയ മേഖലകളിലെ പ്രമുഖ അന്താരാഷ്ട്ര വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കും. ഇമ്യൂണോതെറാപ്പി, വാക്സിനുകൾ, ആധുനിക സെല്ലുലാർ തെറപ്പികൾ എന്നിവ പ്രധാന ചർച്ചാവിഷയമാവുമെന്ന് ഒമാൻ കാൻസർ അസോസിയേഷൻ ചെയർമാൻ ഡോ. വഹീദ് അലി അൽ ഖറൂസി പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി ‘മസ്കത്ത് പ്രഖ്യാപനം’ എന്ന പേരിൽ ഒരു സംയുക്ത പ്രമേയം തയാറാക്കും. കാൻസർ പ്രതിരോധത്തിലും നിയന്ത്രണത്തിലും മാർഗനിർദേശമായി അംഗരാജ്യങ്ങൾക്ക് ഇത് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യസഹകരണ രംഗത്ത് ഒമാനെ മേഖലയിലെ മുൻനിര കേന്ദ്രമാക്കി ഉയർത്താനും പൊതു ആരോഗ്യസംരക്ഷണത്തിനും സുസ്ഥിരവികസനത്തിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഉറപ്പാക്കാനും ലോക കാൻസർ സമ്മേളനം സഹായകമാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.