വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നടക്കുന്ന ശൈത്യകാല ആഘോഷത്തിൽനിന്ന്
മസ്കത്ത്: വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ശൈത്യകാല ആഘോഷങ്ങള്‍ സന്ദർശകരുടെ മനംകവരുന്നു. വിവിധ ഇടങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികൾക്ക് ഇതിനകം എത്തിയത് നാലര ലക്ഷത്തില്‍ അധികം സഞ്ചാരികളാണെന്ന് ഇവന്റ്സ് അവയര്‍നസ് വിഭാഗം ഡയരക്ടര്‍ ബദര്‍ ബിന്‍ അഹ്മദ് അല്‍ ഹബ്സി പറഞ്ഞു.
സിനാവ്, ബിദിയ, അല്‍ ഖാബിൽ, വാദി ബനീ ഖാലിദ്, ഇബ്രയി തുടങ്ങിയ സ്ഥലങ്ങളിലാണ് വിന്റര്‍ ഫെസ്റ്റുകൾ നടക്കുന്നത്. ചിലത് ഈ മാസം അവസാനം വരെ നീണ്ടുനിൽക്കുന്നതുമാണ്.
'സിനാവ് ഈസ് ഔര്‍ ഡെസ്റ്റിനേഷന്‍' എന്ന ശീര്‍ഷകത്തില്‍ ഫെബ്രുവരി രണ്ട് മുതല്‍ എട്ട് വരെ നടന്ന പരിപാടിയില്‍ 150,000ത്തില്‍ പരം ആളുകളാണ് എത്തിയത്.
വാദി ബനീ ഖാലിദില്‍ നടന്ന ജലോത്സവം ആസ്വദിക്കാനെത്തിയത് 50,000ത്തില്‍ അധികം പേരാണ്. ബിദിയ കാര്‍ണിവല്‍ 120,000 ഓളം സന്ദര്‍ശകരെ ആകര്‍ഷിച്ചു.
ഇബ്രയില്‍ നടന്ന സാദ് അല്‍ റാകിബ് ഇവന്റില്‍ പ്രധാനം ഒട്ടകയോട്ട മത്സരങ്ങളും പ്രദര്‍ശനങ്ങളുമായിരുന്നു.
40,000 ഓളം ആളുകള്‍ ആണ് ഈ പരിപാടി ആസ്വദിക്കാനായി എത്തിയത്. അല്‍ ഖാബില് വിലായത്തില്‍ നടന്നുവരുന്ന റഹാല ഫെസ്റ്റിവലില്‍ ഇതിനോടകം ഒരു ലക്ഷത്തില്‍ പരം സന്ദര്‍ശകരെത്തി. ഈ മാസം 27 വരെ ഫെസ്റ്റിവല്‍ അനുബന്ധ പരിപാടികള്‍ തുടരും.
ഫെസ്റ്റിവലുകള്‍ ആസ്വദിക്കാന്‍ വടക്കന്‍ ശര്ഖിയയിലേക്ക് എത്തിയവരില്‍ ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നുള്ളവരും സുല്‍ത്താനേറ്റിന് പുറത്ത് നിന്നുള്ളവരുമുണ്ട് എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.