മസ്‌കത്ത്: വരാനിരിക്കുന്ന ഈദുൽ ഫിത്വർ ആഘോഷത്തിന് മുന്നോടിയായി ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതായി ഒമാൻ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി. ഒരിക്കലും ഒ.ടി.പി മറ്റൊരാളുമായി പങ്കിടരുതെന്ന് ബാങ്ക് പൊതുജനങ്ങളോട് അഭ്യർഥിച്ചു. നിയമാനുസൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള മെസേജുകൾ എന്ന് തോന്നിപ്പിക്കുന്ന സന്ദേശങ്ങളോ ഫോൺ കോളുകളോ വഴിയാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ സമീപിക്കുന്നത്. ‘നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 500 ഒമാനി റിയാൽ പിൻവലിക്കപ്പെട്ടു’ എന്നതുപോലുള്ള ഭീതിയുണർത്തുന്ന സന്ദേശങ്ങൾ അയച്ച് ഉപഭോക്താക്കളെ വേഗത്തിൽ പ്രതികരിക്കാൻ പ്രേരിപ്പിക്കുകയാണ് തട്ടിപ്പിന്റെ പതിവ് രീതി.
ഇത്തരം തട്ടിപ്പുകളിൽ വ്യാജ ലിങ്കുകൾ, സോഷ്യൽ മീഡിയ ഓഫറുകൾ, ഫോൺ കോളുകൾ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കളിൽ നിന്ന് ഒ.ടി.പി കോഡ് നേടാൻ ശ്രമിക്കാറുണ്ട്. ബാങ്കിങ് ഇടപാടുകൾ സ്ഥിരീകരിക്കാൻ ഉപയോഗിക്കുന്ന ഈ കോഡ് ലഭിച്ചാൽ തട്ടിപ്പുകാർക്ക് അക്കൗണ്ടിലേക്കുള്ള പ്രവേശനം സാധ്യമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഒ.ടി.പി നിങ്ങളുടെ അക്കൗണ്ടിന്റെ താക്കോലാണെന്നും ഇത് മറ്റൊരാളുമായി പങ്കുവെക്കുന്നത് തട്ടിപ്പുകാർക്ക് കാർഡ് വിവരങ്ങളോ ബാങ്ക് വിവരങ്ങളോ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ അവസരം നൽകുന്നതായും ഒമാൻ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി.
ആഘോഷകാലങ്ങളിൽ ഓൺലൈൻ ഷോപ്പിങ്ങും സാമ്പത്തിക ഇടപാടുകളും വർധിക്കുന്നതിനാൽ ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ സാധാരണഗതിയിൽ വർധിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.