മസ്കത്ത്: ശൈത്യകാലത്തെ വരവേൽക്കാൻ സുൽത്താനേറ്റ് ഒരുങ്ങുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സാധാരണയെക്കാൾ ചൂടുള്ള ശൈത്യകാലം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു. മിക്ക പ്രദേശങ്ങളിലും ശരാശരിയിലും താഴെയുള്ള മഴയായിരിക്കും ലഭിക്കുക. തലസ്ഥാനനഗരിയിൽ ഇപ്പോഴും ചൂടിന് കുറവൊന്നും വന്നിട്ടില്ല.
ഒക്ടോബറിൽ പതിവിലും ചൂടുള്ള താപനിലയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞവർഷം ഈ സമയത്ത് താപനിലയിൽ പ്രകടമായ മാറ്റം വന്ന് സുഖകരമായ കാലാവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഈ വർഷം ശൈത്യകാലം ആരംഭിക്കുന്നത് വൈകി. സാധാരണ പകൽസമയത്തെ നേരിയ കാലാവസ്ഥ, തെളിഞ്ഞ നീലാകാശം, സീസണിന്റെ ആരംഭം അടയാളപ്പെടുത്തുന്ന തണുത്ത വൈകുന്നേരങ്ങൾ എന്നിവക്ക് പകരം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താരതമ്യേന ചൂടുള്ള കാലാവസ്ഥയാണുള്ളത്. സീസണിലുടനീളം ശരാശരിയെക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നാണ് പ്രവചനം. ഒക്ടോബറിൽ ഒമാന്റെ പല ഭാഗങ്ങളിലും താപനില സാധാരണ നിലയിലായിരിക്കുമെന്നും തെക്കൻ പ്രദേശങ്ങളിൽ അൽപം ഉയർന്ന താപനില രേഖപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. നവംബറിൽ ശരാശരിയെക്കാൾ ഉയർന്ന താപനിലയായിരിക്കും ഉണ്ടാകുക. ഡിസംബർറിൽ, പ്രത്യേകിച്ച് തെക്കൻ തീരപ്രദേശങ്ങളിൽ ശരാശരിയെക്കാൾ ഉയർന്ന താപനിലയുമായിരിക്കും.
ഒക്ടോബറിൽ തെക്കൻ ശർഖിയ, ദോഫാർ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് സി.എ.എയുടെ മുന്നറിയിപ്പിൽ പറയുന്നു.
മറ്റ് മിക്ക ഗവർണറേറ്റുകളിലും സാധാരണ കിട്ടാറുള്ള മഴയും ലഭിച്ചേക്കും. എന്നിരുന്നാലും നവംബർ, ഡിസംബർ മാസങ്ങളിൽ മഴ ശരാശരിയെക്കാൾ താഴെയാകുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.