നിലമ്പൂരിൽ പ്രചാരണ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്ന ആളെന്ന നിലയിൽ ഈ വിജയത്തിൽ ഏറെ അഭിമാനമുണ്ട്. എന്നാൽ ഇതിൽ ഒട്ടും തന്നെ എനിക്ക് അത്ഭുതമില്ല എന്ന് പറഞ്ഞാൽ അതിൽ ഒട്ടും തന്നെ അതിശയോക്തി ഇല്ല. കാരണം അത്രമേൽ ഒത്തൊരുമയും ഏകോപനവും ആണ് നേതാക്കളിലും പ്രവർത്തകരിലും കണ്ടത്. ഇടതുപാളയത്തിൽ നിന്നും തെറ്റി വന്ന് രാജിവെച്ചു ഉപതിരഞ്ഞെടുപ്പിന് സാഹചര്യം ഒരുക്കിയ പി.വി.അൻവറിനെ കൂടെ കൂട്ടണം എന്ന് യു.ഡി.എഫിൽ ഒരുവിഭാഗം ആവശ്യപ്പെട്ടപ്പോൾ, അത് നടക്കാതെ പോയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പിടിവാശിയാണ് എന്ന അർഥത്തിലാണ് വാർത്തകൾ വന്നത്. എന്നാൽ അതിൽ ഒട്ടുംതന്നെ വാസ്തവം ഇല്ല എന്നതാണ് യാഥാർഥ്യം. അൻവർ ഉയർത്തിയ കാര്യങ്ങൾ രാഷ്ട്രീയ മണ്ഡലത്തിൽ പ്രസക്തം ആയിരുന്നു. എങ്കിലും അൻവർ അതിനായി തിരഞ്ഞെടുത്ത വഴികൾ ഒരു പൊതുപ്രവർത്തകന്റെ വിശ്വാസ്യത ഇല്ലാതാകുന്ന ഒന്നായിരുന്നു. ഇനി യു.ഡി.എഫ് നേടിയ വലിയ വിജയത്തിന് നിർണായകമായ ഘടകങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം. യു.ഡി.എഫിലെ ഒത്തൊരുമ തന്നെയാണ് എടുത്ത് പറയേണ്ടത്. അൻവർ മുന്നണിയിൽ എത്താത്തത് ഒരു തരത്തിലും ബാധിക്കാത്ത തരത്തിലാണ് പ്രചാരണ പ്രവർത്തങ്ങൾ ഏകോപിപ്പിച്ചത്. പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിന്റെ തട്ടകത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ അവർ തന്നെയാണ് പ്രചാരണ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. മുന്നണിയിലെ എല്ലാ പാർട്ടികളിലെയും മുതിർന്ന നേതാക്കൾ ഓരോ പഞ്ചായത്തിലും പ്രചാരണ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തപ്പോൾ, മുന്നണിയിലെ യുവനിര ഓരോ ബൂത്തിലും തന്നെ നേരിട്ട് കാര്യങ്ങൾ വിലയിരുത്തി മുന്നോട്ട് പോയി. എതിർ സ്ഥാനാർഥിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിസഭ ഒന്നാകെ തന്നെ മണ്ഡലത്തിൽ തമ്പടിച്ചു പ്രവർത്തിച്ചപ്പോളും ഇന്നാട്ടിലെ ഒരു ജനകീയ വിഷയത്തിലും ഇടപെടുകയോ, അഭിപ്രായം പറയുകയോ ചെയ്യാത്ത സാംസ്കാരിക നായകർ ക്യൂ നിന്ന് സ്വരാജിനായി വോട്ട് അഭ്യർഥിച്ചപ്പോളും യു.ഡി.എഫ് പതറിയില്ല. കാരണം ഏട്ടിലെ പശു പുല്ല് തിന്നുകയില്ല എന്ന യാഥാർഥ്യം നമുക്ക് അറിയാമായിരുന്നു.
കേവലം ഏഴോ, എട്ടോ മാസത്തേക്ക് മാത്രം ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് മാത്രമായിരുന്നില്ല യു.ഡി എഫിന്. ഈ തെരഞ്ഞെടുപ്പ് മറിച്ച് വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പിന് മുൻപുള്ള റിഹേഴ്സൽ ആയിരുന്നു എന്നതാണ് യാഥാർഥ്യം. നിലവിലെ നിയമസഭ കക്ഷി നിലയിൽ ഇടതുമുന്നണിയുടെ കൈവശം ഉള്ള 35 സീറ്റെങ്കിലും തിരിച്ചു പിടിച്ചാൽ മാത്രമേ യു.ഡി.എഫിന് അടുത്ത സർക്കാർ നേതൃത്വം നൽകാനാവൂ..അങ്ങനെ തിരിച്ചു പിടിക്കേണ്ട മുപ്പത്തിയഞ്ചു സീറ്റുകളിൽ ആദ്യത്തേത് ആണ് നിലമ്പൂർ. കഴിഞ്ഞ രണ്ടു തവണയും യു.ഡി.എഫിന് നഷ്ടമായ ഈ സീറ്റ് തിരിച്ചു പിടിക്കാൻ സാധിച്ചതിലൂടെ അതിനുള്ള അടിത്തറ പാകിയിരിക്കുകയാണ്. ഈ വർഷാവസാനം നടക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പ്, അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് എന്നിവ നേരിടാനുള്ള ഊർജം ഈ വിജയത്തിലൂടെ ലഭിച്ചു. ഈ ഐക്യവും ഒരുമയും ഇനിയുള്ള കാലം നിലനിർത്തിയാൽ മാത്രമേ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയം നേടാൻ സാധിക്കൂ. എന്നൊക്കെ കോൺഗ്രസിലും യു.ഡി.എഫിലും ഐക്യം സാധ്യമായിട്ടുണ്ടോ അന്നൊക്കെ വലിയ വിജയം നേടിയ ചിത്രത്തിനാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.