മസ്കത്ത്: സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാമ്പത്തിക പാരിതോഷിക വാഗ്ദാനങ്ങളിലോ മണി ചെയിൻ തട്ടിപ്പിലോ കുടുങ്ങരുതെന്ന് മുന്നറിയിപ്പ്. സാമ്പത്തിക പാരിതോഷികം ഉണ്ടെന്ന് വിശ്വസിപ്പിച്ചും ബാങ്കിൽ നിന്നാണെന്നു പറഞ്ഞുമൊക്കെ ദിനവും അനവധി തട്ടിപ്പ് സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്.
പെട്രോളിയം ഡെവലപ്മെന്‍റ് ഒമാൻ (പി.ഡി.ഒ) ഉപഭോക്താക്കൾക്ക് സാമ്പത്തിക പാരിതോഷികം നൽകുന്നെന്ന സന്ദേശമാണ് ഇതിൽ ഏറ്റവും പുതിയത്. ഈ പ്രചാരണം വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. ഈ പരസ്യം വ്യാജമാണെന്നും കമ്പനിക്ക് ഇതുമായി ബന്ധവുമില്ലെന്നും പി.ഡി.ഒ അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും ഇത്തരം സന്ദർഭങ്ങളിൽ കമ്പനിയുടെ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങളെ മാത്രമെ ആശ്രയിക്കാവൂവെന്നും പ്രസ്താവനയിൽ പറയുന്നു. അതിനിടെ, ഒമാനിൽ ഒരു കമ്പനി നടത്തിയ മണി ചെയിൻ തട്ടിപ്പിൽ പ്രവാസികൾക്ക് പതിനായിരക്കണക്കിന് റിയാൽ നഷ്ടമായി. സമൂഹ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച അനുഭവങ്ങൾ നിരവധിപേർ പങ്കുവെക്കുന്നുണ്ട്.
കമ്പനിയില്‍ പണം നിക്ഷേപിച്ച അപൂര്‍വം ചിലര്‍ക്ക് തുടക്കത്തില്‍ ലാഭവിഹിതം ലഭിച്ചതാണ് കൂടുതൽ പേർ തട്ടിപ്പിന് ഇരയാകാൻ കാരണമായത്. തുടക്കത്തിൽ പണം ലഭിച്ചവർ ബന്ധുക്കളെയും അയൽക്കാരെയും സുഹൃത്തുക്കളെയുമൊക്കെ ശൃംഖലകളാക്കിയതും തട്ടിപ്പിന്റെ ആഴം കൂട്ടി. വേഗത്തില്‍ പണം സമ്പാദിക്കാനുള്ള അത്യാഗ്രഹമാണ് ഇതിനു കാരണമെന്നും ഇത്തരം പദ്ധതികളിൽ നിക്ഷേപിച്ചാൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നും വാണിജ്യമന്ത്രാലയം അധികൃതർ ചൂണ്ടിക്കാട്ടുന്നു.
നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്, പിരമിഡ് സ്‌കീം തുടങ്ങിയവ വഴിയുള്ള ചരക്കുകളുടെയും ഉൽപന്നങ്ങളുടെയും വില്‍പന, പരസ്യം, പ്രമോഷന്‍ എന്നിവ വാണിജ്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നിരോധിച്ചിരുന്നു. പിടിക്കപ്പെട്ടാല്‍ ഏറ്റവും കുറഞ്ഞ പിഴ 5000 റിയാലാണ്. ഇതിലൂടെ തട്ടിപ്പിന്റെ വ്യാപ്തി കുറക്കാന്‍ സാധിച്ചിരുന്നു. വ്യക്തികളെ തട്ടിപ്പില്‍ നിന്ന് അകറ്റിനിര്‍ത്താനും നിയമത്തിലൂടെ സാധിച്ചുവെന്ന് വാണിജ്യ മന്ത്രാലയം വക്താക്കള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.