ഒമാനിൽ ഹിജ്‌റ പുതുവർഷ പൊതുഅവധി പ്രഖ്യാപിച്ചു

മസ്‌കത്ത്: ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് ഒമാനിൽ വ്യാഴാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. ഒമാൻ തൊഴിൽ മന്ത്രാലയമാണ് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇസ്‍ലാമിക് ചാന്ദ്ര കലണ്ടറിലെ 1448 ആം ഹിജ്‌റ വർഷത്തിന്റെ ആരംഭത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഈ അവധി രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജീവനക്കാർക്കും ബാധകമായിരിക്കും.

വെള്ളി, ശനി ദിവസങ്ങളിലെ പതിവ് വാരാന്ത്യ അവധിക്കൊപ്പം ഹിജ്റ പുതുവർഷ അവധിയും ചേരുന്നതോ​ടെ ഒമാനിലെ താമസക്കാർക്ക് മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ആസ്വദിക്കാനാകും. പ്രവാചകൻ മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് നടത്തിയ ചരിത്രപ്രസിദ്ധമായ പലായനത്തിന്റെ (ഹിജ്‌റ) ഓർമ്മ പുതുക്കലാണ് ഹിജ്‌റ പുതുവർഷം. ഇസ്‍ലാമിക ചരിത്രത്തിലെ ഈ സുപ്രധാന സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഹിജ്‌റ കലണ്ടർ ആരംഭിക്കുന്നത്.

അതേസമയം, ഹിജ്റ വർഷം 1448-ലെ ആദ്യ മാസമായ മുഹറം മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ഔഖാഫ്, മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള മാസപ്പിറവി മുഖ്യ നിർണയ സമിതി ഇന്നു വൈകീട്ട് (ദുൽ ഹിജ്ജ 29) യോഗം ചേരും. വകുപ്പു മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മഅ്മരിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക.

വിവിധ വിലായത്തുകളിൽ സജ്ജീകരിച്ചിട്ടുള്ള ഫീൽഡ് ടീമുകളുമായി സഹകരിച്ച് മാസപ്പിറവി നിരീക്ഷിക്കാൻ സ്വദേശികളോടും പ്രവാസികളോടും മന്ത്രാലയം അഭ്യർഥിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകുന്നവർക്ക് വാലിമാരുടെ ഓഫിസുകളിലുള്ള ഉപസമിതികളുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Oman declares Hijri New Year public holiday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.