മസ്കത്ത്: ഒമാനിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം സുരക്ഷിതമാക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ തീരുമാനം. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ അപകട വശങ്ങളുൾപ്പെടെ പഠനവിധേയമാക്കി നിയമങ്ങളും സംവിധാനങ്ങളും രൂപീകരിക്കാൻ സുൽത്താൻ അധികൃതർക്ക് നിർദേശം നൽകി.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കുട്ടികളിലും യുവാക്കളിലും ചെലുത്തുന്ന ദുഃസ്വാധീനത്തിൽ ലോകമെമ്പാടും ആശങ്കയുയരുന്ന പശ്ചാത്തലത്തിലാണ് ഒമാന്റെ നടപടി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിലയിരുത്തി ആവശ്യമായ നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും തയാറാക്കും. ഇതിനായി ബന്ധപ്പെട്ടവർക്ക് ചുമതല നൽകിയിട്ടുണ്ട്.
കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാൻ പിന്തുണ നൽകുക, സോഷ്യൽ മീഡിയ ഉത്തരവാദിത്തത്തോടെയും പ്രയോജനപ്രദമായും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, അതിനായി രക്ഷിതാക്കളെ സഹായിക്കുകയെന്നതും ഇതിന്റെ ലക്ഷ്യങ്ങളാണ്. കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനൊപ്പം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള സന്തുലിത ചട്ടക്കൂടാണ് ഒമാൻ ലക്ഷ്യമിടുന്നത്. ഇതിനായി ലോകത്തെ മികച്ച മാതൃകകളെ പിന്തുടരാനും ഒമാൻ പദ്ധതിയിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.